മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന
തൊടുപുഴ: മത്സ്യത്തില്‍ രാസ പദാര്‍ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടോ എന്നറിയുന്നതിനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി വരുന്ന നടപടിയുടെ ഭാഗമായി തൊടുപുഴയിലെ പ്രധാന മത്സ്യ മാര്‍ക്കറ്റുകളില്‍ ഇന്നലെ പുലര്‍ച്ചെ പരിശോധന നടത്തി. ഹാര്‍ബറുകളില്‍ നിന്നും നേരിട്ട് വാഹനങ്ങളില്‍ മത്സ്യമെത്തിക്കുന്ന കേന്ദ്രങ്ങളില്‍ ആയിരുന്നു പുലര്‍ച്ചെ രണ്ടു മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടുക്കി അസി. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബി. മധുസൂദനന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. മത്സ്യങ്ങള്‍ വാഹനങ്ങളില്‍ നിന്ന് ഇറക്കുന്നതിനിടെ വാഹനത്തില്‍ നിന്നു തന്നെ മല്‍സ്യത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. മല്സ്യത്തിലെ രാസ പദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്ന ഫിഷറീസ് വകുപ്പിന്റെ കിറ്റുകള്‍ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ രാസ പദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ലെങ്കിലും മല്‍സ്യത്തിന്റെ ഏഴു സാമ്പിളുകളും ഐസിന്റെ ഒരു സാമ്പിളും ശേഖരിച്ചു. ഇതില്‍ ഐസിന്റെ ഉള്‍പ്പെടെ അഞ്ചു സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി കാക്കനാട്ടെ റീജണല്‍ അനലിറ്റിക്കല്‍ ലാബിലേക്കയച്ചു. മൂന്നു സാമ്പിളുകള്‍ കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ലാബിലേക്ക് പരിശോധനക്കായി അയച്ചു.
മുനമ്പം, വൈക്കം ഹാര്‍ബറുകളില്‍ നിന്നാണ് ഇവിടെ മല്‍സ്യം എത്തിച്ചിരുന്നത്. ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഴകിയതോ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതോ ആയ മല്‍സ്യം വില്‍പ്പന നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഇവര്‍ കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പു നല്കി. എന്നാല്‍ കേരള തീരത്തു നിന്നുള്ള മല്‍സ്യം മാത്രമേ വില്‍പ്പനക്കായി എത്തിക്കുന്നുള്ളുവെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും മല്‍സ്യം വില്‍പ്പന നടത്താനായി കൊണ്ടു വരുന്നില്ലെന്നും മല്‍സ്യവ്യാപാരികള്‍ പറഞ്ഞു. അടുത്ത ദിവസം മുതല്‍ ജില്ലയിലെ എല്ലാ മല്‍സ്യവില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. തൊടുപുഴ ഫുഡ് സേഫ്റ്റി ഓഫീസര്‍ അരുണ്‍കുമാര്‍, പീരുമേട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ജേക്കബ് തോമസ് എന്നിവരും പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."