ഇ - മൊബിലിറ്റി പദ്ധതി: കണ്‍സള്‍ട്ടന്‍സി പഠനം കരാര്‍ നല്‍കിയ ശേഷമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതി നടപ്പാക്കുന്നതിന് സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കിയതിനു ശേഷമാണ് കണ്‍സള്‍ട്ടന്‍സി പഠനം നടത്തുന്നതിനായി വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ -മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തെ കബളിപ്പിക്കലാണെന്ന് ചെന്നിത്തല പറഞ്ഞു.
സ്വിസ് കമ്പനിയായ ഹെസ്സുമായാണ് ഇ - മൊബിലിറ്റി പദ്ധതി കരാറുണ്ടാക്കിയത്. സമീപകാലത്ത് മുഖ്യമന്ത്രി നടത്തിയ സ്വിസ് സന്ദര്‍ശനവും ഇതുമായി കൂട്ടിവായിക്കണം. 51 ശതമാനം ഹെസ്സിനും 49 ശതമാനം കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിനും നിശ്ചയിച്ച് സംയുക്ത സംരംഭമാരംഭിക്കാനാണ് തീരുമാനിച്ചത്. ധനകാര്യ സെക്രട്ടറിയടക്കമുള്ളവര്‍ എതിര്‍ത്തതോടെ ഇത് മുന്നോട്ടുപോകാതായി.
ഇതിനിടെ പദ്ധതി മുന്നോട്ടുപോകാതെ വന്നപ്പോഴാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത്.
കരാര്‍ ആര്‍ക്കാണെന്നു തീരുമാനിച്ച ശേഷമാണ് കണ്‍സള്‍ട്ടന്‍സിക്ക് നടപടികള്‍ സ്വീകരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ഇത്രയും ശാസ്ത്രീയമായി അഴിമതി നടത്തുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളത്തില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."