പഞ്ചായത്ത് ഭൂമി കൈയേറി സ്വകാര്യവ്യക്തി കെട്ടിടം പണിയുന്നു പ്രതിഷേധവുമായി പ്രതിപക്ഷം
കുന്നംകുളം (പോര്‍ക്കുളം) : പഞ്ചായത്ത് ഭൂമി കൈയേറി സ്വകാര്യ വ്യക്തി കെട്ടിടം പണിയുന്നു. സംഭവം അറിഞ്ഞില്ലെന്ന മട്ടില്‍ മൗനം പാലിക്കുന്ന ഭരണ സമതി നടപടിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം.
പോര്‍ക്കുളം പഞ്ചായത്തിന്റെ അധീനതയില്‍ അക്കിക്കാവ് ജല അതോറിറ്റി ടാങ്കിന് എതിര്‍ദിശയിലുള്ള കോലാടികന്നിലെ 1.85 ഏക്കര്‍ സ്ഥലത്തിന്റെ സമസ്ഥാന പാതയോടു ചേര്‍ന്നുള്ള സ്ഥലത്താണ് കെട്ടിടം പണി നടക്കുന്നത്.
പരദേശത്തെ 7.65 ഏക്കര്‍ ഭൂമിയിന്‍മേല്‍ കടവല്ലൂര്‍, പോര്‍ക്കുളം പഞ്ചായത്തുകള്‍ തമ്മില്‍ കാലങ്ങളായി അവകാശ തര്‍ക്കം നടന്നിരുന്നു.
ഇതു സംബന്ധിച്ചുള്ള നിയമപോരാട്ടത്തിനൊടുവില്‍ കടവല്ലൂര്‍ പഞ്ചായത്ത് കൈവശം വച്ച 5.8 ഏക്കര്‍ ഭൂമി സര്‍ക്കാരിനു തിരിച്ചു നല്‍കാനും മിച്ചം വരന്ന 1.85 ഏക്കര്‍ ഭൂമി പോര്‍ക്കുളം പഞ്ചായത്തിനും നല്‍കാന്‍ കോടതി ഉത്തരവുണ്ടായി.
ഈ സ്ഥലമാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുന്നത്.സംഭവം അറിഞ്ഞ വാര്‍ഡ് അംഗം കവിത പ്രേംരാജ് സെക്രട്ടറിക്കു പരാതി നല്‍കുകയും പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കണമെന്നാവശ്യം ഉന്നയിക്കുകയും ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.എ ജ്യോതിഷിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ നിര്‍മാണസ്ഥലത്തെത്തി പ്രവര്‍ത്തി തടഞ്ഞു.
അനധികൃതമായി പഞ്ചായത്ത് സ്വത്ത്് കൈയേറിയതറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനു പിന്നില്‍ ഭരണ സമിതിയുടെ കൂടി ഒത്താശയോടെയാണ് പ്രവര്‍ത്തനമെന്നും ഇതിനെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
സ്ഥലത്തു ഒരു തരത്തിലുള്ള നിര്‍മാണവും അനുവദിക്കില്ലെന്നും പഞ്ചായത്ത് സ്വത്ത് തിരിച്ചുപിടിക്കാന്‍ ഭരണ സമിതി നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപെട്ടു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എം പ്രമോദ് , കെ. ഷൈലജ , കെ.പി ജയപ്രകാശ് , അംബികാ മണിയന്‍ , കെ.രഞ്ജിത്ത് , കവിതാ പ്രേമരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.എസ് പോള്‍ , രാധാകൃഷ്ണന്‍ മാസ്റ്റര്‍ , തമ്പി മാസ്റ്റര്‍ മണ്ഡലം ഭാരവാഹികളായ പ്രഭാകരന്‍ പുഴങ്കര , ഹരികുമാര്‍ , പ്രവീണ്‍ കുമാര്‍ , സുരേഷ് , രാമകൃഷ്ണന്‍ തുടങ്ങിയവരാണ് നിര്‍മാണസ്ഥലത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."