രോഗ ലക്ഷണങ്ങളില്ലെങ്കില്‍ പത്താം ദിവസം വീട്ടിലയക്കാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കൊവിഡ് രോഗികള്‍ക്ക് പരിശോധന കുറക്കാന്‍ ആലോചന. ചികിത്സയ്ക്കിടെ വീണ്ടും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ കൊവിഡ് രോഗികളെ 10 ദിവസത്തിനു ശേഷം പരിശോധന കൂടാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാനാണ് നീക്കം.
വിദഗ്ധ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവരെ വീടുകളിലേക്ക് അയക്കാന്‍ ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുന്നതിനെ തുടര്‍ന്നാണ് തുടര്‍ പരിശോധനകള്‍ ഒഴിവാക്കി രോഗിയെ പത്താം ദിനം തന്നെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള ആലോചന. സാധാരണ ഒരാള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചാല്‍ കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിക്കും. 14 ദിവസം ലക്ഷണമില്ലെങ്കിലും ആശുപത്രിയില്‍ കഴിയണം. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വീണ്ടും രണ്ടു പി.സി.ആര്‍ പരിശോധന നടത്തി രോഗമില്ല എന്ന് സ്ഥിരീകരിച്ചതിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യുക. 48 മണിക്കൂര്‍ ഇടവിട്ടുള്ള തുടര്‍ച്ചയായ രണ്ട് ഫലങ്ങളിലും നെഗറ്റീവ് ആകണം.
എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ പരിശോധന ഇല്ലാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് വിദഗ്ധ സമിതി നല്‍കിയിരിക്കുന്ന ശുപാര്‍ശ. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രോഗിയുടെ ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മൂന്നു ദിവസം യാതൊരു കൊവിഡ് ലക്ഷണവും കാണിച്ചില്ലെങ്കില്‍ വീണ്ടും ടെസ്റ്റ് നടത്താതെ വീട്ടില്‍ അയക്കാം.
വിദഗ്ധ സമിതിയുടെ
മറ്റ് ശുപാര്‍ശകള്‍
- പരിശോധന കിറ്റുകള്‍ സമൂഹത്തിലെ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കായി മാറ്റണം
- മരണനിരക്ക് കുറയ്ക്കാന്‍ ആശുപത്രികളിലെ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം
- രോഗികള്‍ തയാറാകുന്ന പക്ഷം സ്വകാര്യ മേഖലയില്‍ കൂടി ചികിത്സ ലഭ്യമാക്കണം
- ഇതര സംസ്ഥാനത്തെത്തി പോസിറ്റീവായവരുടെ വിവരം ലഭ്യമാക്കി അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തണം
- സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി കണ്ടെത്തുന്ന രോഗികളുടെ വിവരവും വിദഗ്ധ സമിതിക്കു കൈമാറണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."