ഇനി നില്‍പ്പ് സ്വന്തം കാലില്‍; കര്‍മപദ്ധതിയൊരുക്കി ജോസ് പക്ഷം
സ്വന്തം ലേഖകന്‍
കോട്ടയം: ഒരു മുന്നണിയുടെയും ഭാഗമാകാതെ സ്വന്തം കാലില്‍ നില്‍ക്കാനും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാനും ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതിയുമായി കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം.
ശക്തി തെളിയിച്ച ശേഷം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എന്നതാണ് നിലപാട്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇന്നലെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുമെന്നാണ് ജോസ് കെ. മാണി പ്രഖ്യാപിച്ചിരുന്നത്. മുന്നണികളുമായി സമദൂരം പാലിക്കാനാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തത്. യു.ഡി.എഫ് തീരുമാനത്തിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ്, കോട്ടയം ജില്ലാ ജനറല്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍, പാലായിലെ രണ്ട് നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കം ഇന്നലെ ജോസഫ് പക്ഷത്തേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള കര്‍മപദ്ധതി തയാറാക്കിയത്. ഈ മാസം പത്തിന് മുന്‍പ് വാര്‍ഡ്, നിയോജക മണ്ഡലം, ജില്ലാതല കമ്മിറ്റികള്‍ ചേരും. ആരൊക്കെ കൂടെനില്‍ക്കുമെന്ന് ഉറപ്പാക്കാനാണ് യോഗങ്ങള്‍ ചേരുന്നത്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുമുന്‍പ് എം.പിമാരും എം.എല്‍എമാരും യോഗം ചേര്‍ന്നാണ് ഭാവി പരിപാടികള്‍ക്ക് രൂപരേഖ തയാറാക്കിയത്. ആവേശം കാണിച്ച് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകേണ്ടെന്ന് യോഗം തീരുമാനിച്ചു.
കെ.എം മാണിയെ മറന്നുള്ള നിലപാടാണ് യു.ഡി.എഫ് എടുത്തതെന്ന പൊതുവികാരമാണ് സ്റ്റിയറിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്. കെ.എം മാണിയെന്ന വികാരമുയര്‍ത്തി അണികളെ ഒരുമിപ്പിച്ചു നിര്‍ത്താനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളും ഉടന്‍ തുടങ്ങും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി മുന്നണികളെ ബോധ്യപ്പെടുത്താനാണ് നേതൃത്വത്തിന്റെ ശ്രമം. സി.പി.ഐ എതിര്‍ക്കുമ്പോഴും സി.പി.എം എല്‍.ഡി.എഫിലേക്ക് വാതില്‍ തുറന്നിട്ടതിനെ തല്‍ക്കാലം സ്വാഗതം ചെയ്യില്ല. അത്തരം നീക്കം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ജോസ് പക്ഷം. പാര്‍ട്ടിയെ ശക്തിമാക്കി ശക്തി തെളിയിച്ച ശേഷം മാത്രം മുന്നണിമാറ്റം അടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. ജോസ് പക്ഷത്തുനിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള പി.ജെ ജോസഫിന്റെ ശ്രമത്തെ കരുതലോടെ നേരിടും. യു.ഡി.എഫ് സമവായത്തിന്റെ വഴിതുറന്നെങ്കിലും തല്‍ക്കാലം അങ്ങോട്ടുപോയി ചര്‍ച്ച നടത്തേണ്ടെന്നാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."