മരുമകന്റെ പിതാവിനെ കോടതിക്കകത്തുവച്ച് കുത്തിപ്പരുക്കേല്‍പിച്ചു
കാസര്‍കോട്: മരുമകന്റെ പിതാവിനെ കോടതിക്കകത്തു വച്ച് കുത്തിപ്പരുക്കേല്‍പിച്ചുവെന്ന് പരാതി. ജില്ലാ കോടതി സമുച്ചയത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. മലപ്പുറം വേങ്ങരയിലെ അബൂബക്കറിന്റെ(65) കവിളിനും കൈക്കുമാണ് കുത്തേറ്റത്. അബൂബക്കറിന്റെ മരുമകളുടെ പിതാവ് നെല്ലിക്കുന്ന് പള്ളിവളപ്പിലെ സി.കെ മൊയ്തുവിനെ (60) കോടതി ജീവനക്കാര്‍ പിടികൂടി പൊലിസിലേല്‍പിച്ചു. അബൂബക്കറിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബൂബക്കറിന്റെ മകന്‍ അഫ്‌സലും നെല്ലിക്കുന്നിലെ മൊയ്തുവിന്റെ മകള്‍ ഷംസീറയും തമ്മില്‍ 2017 ജനുവരി അഞ്ചിനാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. പത്ര പരസ്യം വഴിയാണ് ഇവര്‍ വിവാഹിതരായത്. കുട്ടി ജനിച്ച് ഒന്നര വര്‍ഷമായി ഷംസീറ നെല്ലിക്കുന്നില്‍ വീട്ടില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ ജില്ലാ ലീഗല്‍ അതോറിറ്റിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ പതിനൊന്നോടെ കൗണ്‍സിലിങ് നടത്തുന്നതിനായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സൂപ്പര്‍ വൈസര്‍ ദിനേശ് ഇരുവരുടെയും ബന്ധുക്കളോട് സംസാരിച്ചു കൊണ്ടിരിക്കെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മൊയ്തു അബൂബക്കറിനെ കുത്തുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."