കൊവിഡ് ; ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരുടെ റീ എൻട്രി വ്യാഴാഴ്ച മുതൽ പുതുക്കും
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയവരുടെ റീ എൻട്രി പുതുക്കുന്നു.
ആദ്യഘട്ടത്തിൽ സഊദിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ റീ എൻട്രിയാണ് വ്യാഴാഴ്ച മുതൽ മുംബൈയിലെ സഊദി കോൺസുലേറ്റ് വഴി പുതുക്കുന്നത്. ഇത് സംബന്ധിച്ച് ഇന്നലെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് കോൺസുലേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചു.
സഊദിയിലെ തൊഴിലുടമകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി റീ എൻട്രി ദീർഘിപ്പിക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം ജീവനക്കാരുടെ പാസ്‌പോർട്ടുകളിൽ റീ എൻട്രി എക്‌സ്റ്റൻഷൻ സ്റ്റാമ്പ് ചെയ്യുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.
അതോടൊപ്പം സഊദി ആരോഗ്യമേഖലയിലേക്ക് അനുവദിച്ച പുതിയ വിസകളും സ്റ്റാമ്പ് ചെയ്യും. നേരത്തെ സ്റ്റാമ്പ് ചെയ്ത് മൂന്നു മാസത്തിനകം സഊദിയിലെത്താൻ സാധിക്കാത്തവരുടെ വിസകൾ കാൻസൽ ചെയ്യും. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആശ്രിതരുടെ റീ എൻട്രികളും പുതുക്കി സ്റ്റാമ്പ് ചെയ്യും.
ഓൺലൈനിൽ അപേക്ഷ നൽകി നിശ്ചിത ദിവസങ്ങളിലാണ് ഏജൻസി ഓഫീസ് ഉദ്യോഗസ്ഥർ പാസ്‌പോർട്ടുകളുമായി കോൺസുലേറ്റിൽ എത്തേണ്ടത്.
അതേസമയം സഊദിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നതോടെ മാത്രമേ റീ എൻട്രി കാലാവധി അവസാനിച്ച് നാട്ടിൽ കുടുങ്ങിക്കിടക്കുന്ന മറ്റു സഊദി വിസക്കാരായ ഇന്ത്യക്കാരുടെ റീ എൻട്രി പുതുക്കുകയുള്ളൂ.
ഇഖാമ കാലാവധിയുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി തൊഴിലുടമ റീ എക്സ്റ്റൻഷന് രജിസ്റ്റർ ചെയ്യണം. അതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പിന്നീടുണ്ടാകും.
നേരത്തെ റീ എൻട്രി കാലാവധിയുള്ള ആരോഗ്യപ്രവർത്തകരെ പല സമയങ്ങളിലായി ചാർട്ടേഡ് സഊദി എയർലൈൻസ് വിമാനങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സഊദിയിലെത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."