പാര്‍ട്ടി ഓഫിസില്‍ പെന്‍ഷന്‍ വിതരണം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യേണ്ട തുക സ്ഥാനാര്‍ഥി പര്യടനത്തിനിടയിലും സി.പി.എം പാര്‍ട്ടി ഓഫിസ് കേന്ദ്രീകരിച്ചും വിതരണം ചെയ്യാനുള്ള ശ്രമം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. അമ്പായത്തോട് ഇ.എം.എസ് മന്ദിരം കേന്ദ്രീകരിച്ചും കന്നൂട്ടിപ്പാറ, അമ്പായത്തോട് ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി പര്യടനത്തിനിടയിലുമാണ് പെന്‍ഷന്‍ വിതരണം നടത്താന്‍ ശ്രമിച്ചത്. അമ്പായത്തോട്ടില്‍ പ്രദേശത്തെ അറുപതോളം വരുന്ന പെന്‍ഷന്‍ ഗുണഭോക്താക്കളോടാണ് പാര്‍ട്ടി ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ കട്ടിപ്പാറ സഹകരണ ബാങ്ക് ജീവനക്കാരനാണ് പണം വിതരണം ചെയ്യാനായി കൊണ്ടുവന്നത്.
വിവരമറിഞ്ഞെത്തിയ കൊടുവള്ളി മണ്ഡലം ഫ്‌ളെയിങ് സ്‌ക്വാഡാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന രൂപത്തിലുള്ള പണവിതരണം തടഞ്ഞത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എത്തുന്ന കന്നൂട്ടിപ്പാറയിലെ സ്വീകരണ കേന്ദ്രത്തിലേക്കും പ്രസ്തുത പ്രദേശത്തെ പെന്‍ഷന്‍ ഗുണഭോക്താക്കളോട് എത്താന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതോടെ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. പെന്‍ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ എത്തിയ നിരവധി പേര്‍ ഇതോടെ തിരിച്ചുപോവേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."