ബൊളീവിയയില്‍ നിന്നു വിളിയോടുവിളി
ചെറുവത്തൂര്‍: വിദേശത്തെ വ്യാജനമ്പരുകളില് നിന്നും നാട്ടിലെ മൊബൈല്‍ ഫോണുകളിലേക്ക് വിളിയോടുവിളി. ബൊളീവിയയില്‍ നിന്നെന്നു കാണിക്കുന്ന കോളുകള്‍ എടുത്തവര്‍ ആശങ്കയില്‍. ഈ നമ്പരുകളിലേക്ക് തിരികെ വിളിക്കരുതെന്ന് പൊലിസ് മുന്നറിയിപ്പ് നല്കുന്നു.
ശനിയാഴ്ച രാവിലെ മുതലാണ് കേരളത്തിലെ മൊബൈല്‍ നമ്പരുകളിലേക്ക് കോളുകള്‍ വന്നുതുടങ്ങിയത്. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പരുകളില്‍ നിന്നായിരുന്നു കോള്‍. ചിലര്‍ കോള്‍ സ്വീകരിച്ചെങ്കിലും അപ്പോള്‍ത്തന്നെ കട്ടായി എന്നു പറയുന്നു.
എന്നാല്‍ ഇംഗ്ലീഷില്‍ സംസാരമുണ്ടായി എന്നാണ് ചിലരുടെ അനുഭവം. തിരികെ വിളിച്ചവരുടെ ഫോണിലെ റീ ചാര്‍ജ് ബാലന്‍സ് കുറഞ്ഞതായും പറയുന്നു. ശനിയാഴ്ച അര്‍ധരാത്രിയിലും, തിങ്കളാഴ്ച പുലര്‍ച്ചെയുമെല്ലാം കോളുകള്‍ തുടരെത്തുടരെ എത്തിയെന്നാണ് ചിലര്‍ പരാതിപ്പെടുന്നത്.
വ്യാജകോളുകള്‍ വ്യാപകമാണ് എന്ന് കണ്ടതോടെ കേരള പൊലിസ് ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്കി. പൊലിസിന്റെ വാട്സാപ് ഗ്രൂപ്പുകളിലും ജാഗ്രതാ നിര്‍ദേശമെത്തി. അതേസമയം കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ ആശങ്ക അകലുന്നില്ല.
മൊബൈലിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമോ എന്നതാണ് ഇവരുടെ പ്രധാന ആശങ്ക. കേരളപൊലിസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നൂറുകണക്കിനാളുകളാണ് ആശങ്ക പങ്കുവച്ചിട്ടുള്ളത്. വിദേശ ഫോണ്‍ വിളിയില്‍ പൊലിസിന്റെ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."