കര്‍ഷകര്‍ക്ക് താങ്ങായി ആര്യനാട് സ്വാശ്രയ കാര്‍ഷികോല്‍പ്പന്ന കേന്ദ്രം
ആര്യനാട്: കടുത്ത വേനല്‍ക്കാലത്തും ആര്യനാട്ടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന കാര്യത്തില്‍ തെല്ലും ആശങ്കകളില്ല. 10 വര്‍ഷമായി ഇവര്‍ക്ക് എല്ലാറ്റിനും കൈത്താങ്ങായി ആര്യനാട് സ്വാശ്രയ കാര്‍ഷികോല്‍പ്പന്ന കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വാഴക്കുലയും, പച്ചക്കറിയും, നാളികേരവും മാത്രമല്ല ഏല്ലായിനം കിഴങ്ങുവര്‍ഗങ്ങളും ഇവിടെ സുലഭമായി വിറ്റഴിക്കാം.
കര്‍ഷകരും ഉപഭോക്താക്കളും തമ്മില്‍ നിലനില്‍ക്കുന്ന കെട്ടുറപ്പുള്ള ബന്ധമാണ് ആര്യനാട്ടെ കര്‍ഷകകൂട്ടായ്മയുടെ വിജയം. നേരത്തെ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി കിലോമീറ്ററുകള്‍ താണ്ടി നെടുമങ്ങാട്, കാട്ടാക്കട ചന്തകളിലെത്തണമായിരുന്നു. ദൂരക്കൂടുതലും ഇടത്തട്ടുകാരുടെ ചൂഷണവും കാരണം മിക്കപ്പോഴും വിളകള്‍ക്ക് മികച്ച വില ലഭിച്ചിരുന്നില്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തിലായതോടെ 2009ലാണ് ആര്യനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിജുമോഹന്‍ മുന്‍കൈയെടുത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വിപണന കേന്ദ്രം ആരംഭിച്ചത്. ബാങ്ക് വായ്പയും ആനുകൂല്യങ്ങളും പ്രവര്‍ത്തന മൂലധനമായി അനുവദിച്ചു. കൂടാതെ പഞ്ചായത്ത് വക കെട്ടിടം സൗകര്യവും ലഭ്യമാക്കി. വിപണി വികസിച്ചതോടെ ഇന്ന് മുന്നോറോളം അംഗീകൃത കര്‍ഷകരുള്ള വിപണനകേന്ദ്രമാണിത്. സമീപ പഞ്ചായത്തുകളായ ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, വെള്ളനാട്, തൊളിക്കോട് പഞ്ചായത്തുകളിലെ കര്‍ഷകരും ഇന്ന് ഈ സ്ഥാപനത്തെ ആശ്രയിക്കുന്നുണ്ട്. വിപണിയില്‍ സംഭരിക്കുന്ന നാളികേരം സ്വന്തം മില്ലില്‍ ആട്ടി ശുദ്ധമായവെളിച്ചെണ്ണയാക്കി വിപണിയിലെത്തിക്കുന്നു എന്നതാണ് സംഘത്തിന്റെ ഏറ്റവും മികച്ചതാക്കുന്നത്. മരിച്ചീനി, മഞ്ഞള്‍, എന്നിവ സംഭരിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യാനും ഈ കൂട്ടായ്മയ്ക്ക് സാധിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത്, വളം, ഗ്രോബാഗ്, എന്നിവയും ഇവിടെ ലഭിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള വാഴക്കുലകളും നാളികേരവും അമിതമായി വിപണിയില്‍ എത്തുന്നതാണ് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനുള്ള ഏക തടസമായി നിലനില്‍ക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് വിപണിയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."