ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍
പത്തനംതിട്ട: വിവിധ കമ്പനികളില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. തൊടുപുഴ വേലിയം സ്വദേശി ആര് രാധാകൃഷ്ണനെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ പത്തനംതിട്ട മര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ജോബ് ഫെയറിന്റെ മറവിലായിരുന്നു തട്ടിപ്പ്. 23 ഓളം കമ്പനികളില്‍ ജോലി വാഗ്ദാനം നല്കി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുവരുത്തുകയായിരുന്നു.
രജിസ്ട്രേഷന് ഫീസ് ഇനത്തില്‍ നൂറിലധികം ഉദ്യോഗാര്‍ഥികളില്‍നിന്ന് 200 രൂപയും വാങ്ങി. നേരത്തേ ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജോബ് ഫെയര്‍ നടത്തി സമാന രീതിയിലുള്ള തട്ടിപ്പ് ഇയാള്‍ നടത്തിയിരുന്നു. ഇവിടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തൊടുപുഴയിലായിരുന്നു അവസാന തട്ടിപ്പ് നടത്തിയത്.
കട്ടപ്പന വെള്ളയാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്ഥാപനം 2,000 ഫാര്‍മസികള്‍ ആരംഭിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ എന്‍.ആര്.എച്ച്.എം, ജന്‍ ഔഷധി എന്നീ പേരുകളോട് സാമ്യമുള്ള സ്ഥാപനവും തുടങ്ങിയിരുന്നു. എന്നാല്‍, കട്ടപ്പന പൊലിസിന്റെ അന്വേഷണത്തില്‍ ആയുര്‍വേദ മരുന്നുകള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് മാത്രമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു.
അപേക്ഷയുമായി ജോബ് ഫെയറിലെത്തുന്നവരെ രണ്ട് ഗ്രൂപ്പാക്കി തിരിക്കുകയാണ് ആദ്യം ചെയ്യുക. ഇവരിനിന്നും ആദ്യം 200 രൂപയും പിന്നീട് പരിശീലനം നല്കിയ ശേഷം 2,100 രൂപയും ഈടാക്കും.
കമ്പനിയില്‍ ചേരുന്നവര്‍ മാസം 12 പേരെ ഇതേപോലെ ചേര്‍ക്കണം. ഇയാളുടെ കമ്പനിയുടെ പേരിലുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താനും ഇന്നലെ പത്തനംതിട്ടയില്‍ എത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."