മസ്തിഷ്‌കമരണം സ്ഥിരീകരിക്കല്‍ ഇനി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മസ്തിഷ്‌കമരണം സ്ഥിരീകരിക്കല്‍ സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ മേല്‍നോട്ടത്തില്‍ മാത്രം. സര്‍ക്കാര്‍ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ സാന്നിധ്യത്തിലായിരിക്കും സ്ഥിരീകരണം.
ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇതിനുള്ള സംഘങ്ങള്‍ക്ക് രൂപംനല്‍കി. അവയവദാനം സുതാര്യമാക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയുമാണ് ലക്ഷ്യം.
ഇന്ത്യയില്‍ ആദ്യമായാണ് ഈ സംവിധാനം വരുന്നത്. ഇതോടെ മസ്തിഷ്‌കമരണവും അവയവദാനവും സംബന്ധിച്ച ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമാകുമെന്നാണ് പ്രതീക്ഷ. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്ന സംഘത്തില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് ഡി.എച്ച്.എസിന്റെ കീഴില്‍ ജില്ലകള്‍തോറും ഡെപ്യൂട്ടി ഡി.എം.ഒമാരെ നോഡല്‍ ഓഫിസര്‍മാരായും 10 മുതല്‍ 15 വരെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായും എംപാനല്‍ ചെയ്തു.
ഈ സംഘത്തിന്റെ ആദ്യത്തെ ശില്‍പശാല തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍ നടന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കുന്നത്.
കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങ് (കെ.എന്‍.ഒ.എസ്) അഥവാ മൃതസഞ്ജീവനിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. 10 വര്‍ഷത്തോളം ഇംഗ്ലണ്ടണ്ടില്‍ അവയവദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഡോക്ടറും ചെന്നൈ കാവേരി ആശുപത്രിയിലെ വിദഗ്ധനുമായ ഡോ. ശ്രീധരന്‍ നാഗയ്യനാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്.
മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ് കോഴ്‌സ് ഡയറക്ടറും കെ.എന്‍.ഒ.എസ് നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഡോ. അനില്‍ സത്യദാസ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഈശ്വര്‍ എന്നിവര്‍ പരിശീലകരുമാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു.
എറണാകുളം, കോഴിക്കോട് മേഖലകളിലുള്ള പരിശീലനം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."