ബിന്ദു പത്മനാഭന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പൊലിസ് നിഗമനം; സെബാസ്റ്റ്യനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ചേര്‍ത്തല: കോടികളുടെ സ്വത്തിനുടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവില്‍. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലാണ് പൊലിസിപ്പോള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ബിന്ദു തന്നെ കാണാന്‍ വന്നിരുന്നുവെന്ന മുഖ്യപ്രതി സെബാസ്റ്റ്യന്റെ മൊഴി സാധൂകരിച്ച് രണ്ട് സാക്ഷികള്‍ കൂടി പൊലിസില്‍ മൊഴി നല്‍കി. എന്നാല്‍ ഇതിനു ശേഷം ബിന്ദു എങ്ങോട്ടുപോയി എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.
അതേസമയം, അറസ്റ്റിലായ സെബാസ്റ്റ്യനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വ്യാജ മുക്ത്യാര്‍ ചമച്ച് ബിന്ദുവിന്റെ വസ്തു വില്‍പന നടത്തിയ കേസില്‍ ഞായറാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നാല് ആഴ്ചയോളമായി ഒളിവിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച രാവിലെ എറണാകുളം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ബിന്ദു പത്മനാഭന്റെ തിരോധാനത്തില്‍ മുഖ്യപങ്കുള്ളതായി സംശയിച്ചിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച വൈകിട്ട് മുതല്‍ ഞായര്‍ പുലര്‍ച്ചെ വരെ പൊലിസ് ചോദ്യം ചെയ്തിരുന്നു.
ബിന്ദുവും സെബാസ്റ്റ്യനുമായി നേരത്തേ പരിചയമുണ്ടായിരുന്നു. ഇടപ്പള്ളിയിലെ 11 സെന്റ് വസ്തു ബിന്ദുവും സെബാസ്റ്റ്യനും ചേര്‍ന്ന് 2007ല്‍14 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഇരുവരും ഏഴ് ലക്ഷം രൂപ വീതം നല്‍കി. എന്നാല്‍ ബിന്ദുവിന്റെ പേരിലാണ് പ്രമാണം ചെയ്തത്. പിന്നീട് വില്‍പന നടത്തുന്നതിന് സെബാസ്റ്റ്യന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ബിന്ദു തയാറാവാതിരുന്നതോടെയാണ് ആധാരം നഷ്ടപ്പെട്ടതായി പത്രപരസ്യം നല്‍കിയശേഷം വ്യാജമുക്ത്യാര്‍ ചമച്ച് മറ്റൊരാള്‍ക്ക് വില്‍പന നടത്തിയത്. സെന്റിന് 13 ലക്ഷം പ്രകാരം 1.43 കോടി രൂപയ്ക്കാണ് ഇടപ്പള്ളിയിലെ വസ്തു വിറ്റത്. പിന്നീട് ബിന്ദുവിന് 44 ലക്ഷം രൂപ കൊടുത്തു. എന്നാല്‍ ഇത് പോരെന്നും പകുതി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടെങ്കിലും പിന്നീട് തരാമെന്ന് പറഞ്ഞു. ബാക്കി പണം കൊടുത്തില്ലെന്നും സെബാസ്റ്റ്യന്‍ മൊഴി നല്‍കി.
2013 ന്‍ അരങ്ങേറിയ ഭൂമി തട്ടിപ്പ് 2018 മെയിലാണ് പുറത്തുവരുന്നത്. ബിന്ദു പത്മനാഭനെ നാലുവര്‍ഷമായി കാണാനില്ലെന്നുകാട്ടി ഇറ്റലിയിലുള്ള സഹോദരന്‍ പ്രവീണ്‍കുമാര്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനിടയിലാണ് തട്ടിപ്പുവിവരം പുറത്തറിയുന്നത്. തിരോധാനം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമായതോടെയാണ് സെബാസ്റ്റ്യന്‍ ഒളിവില്‍ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."