ലീഗ് ജില്ലാ ക്യാംപില്‍ കെ.എം ഷാജിക്കെതിരേ വിമര്‍ശനം
കണ്ണൂര്‍: മുസ്‌ലിംലീഗ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാംപില്‍ കെ.എം ഷാജി എം.എല്‍.എക്കെതിരെ രൂക്ഷവിമര്‍ശനം. ക്യാംപില്‍ അഴീക്കോട് മണ്ഡലംഭാരവാഹികളാണു ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ വിളിച്ചാല്‍ എം.എല്‍.എ ഫോണെടുക്കുന്നില്ലെന്നും വ്യക്തിപരമായി താത്പര്യമുള്ളവരെ മാത്രമേ തിരികെ വിളിക്കുന്നുള്ളൂവെന്നും വിമര്‍ശനമുയുര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു ശേഷം ഷാജിയെ മണ്ഡലത്തില്‍ കാണുന്നില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കെ.എം ഷാജിയുടെ അസാന്നിധ്യത്തിലാണു ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തുവരികയാണ് ഷാജി. ഷാജിയെ നേരില്‍കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനായി നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, കെ.വി മുഹമ്മദ് കുഞ്ഞി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍ എന്നിവരെ ക്യാംപ് ചുമതലപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നു മണ്ഡലം ഭാരവാഹികള്‍ അക്കമിട്ടു നിരത്തി സമര്‍ഥിച്ചു. കോണ്‍ഗ്രസിന്റെ വോട്ടുകളാണു ജില്ലയില്‍ ചോര്‍ന്നത്. യു.ഡി.എഫിനു വേണ്ടി പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പണിയെടുത്തില്ലെന്നും ചിലര്‍ ആക്ഷേപമുന്നയിച്ചു. എന്നാല്‍ അഴീക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നന്നായി പ്രയത്‌നിച്ചുവെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണമായും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കു ലഭിച്ചുവെന്നും മണ്ഡലം ഭാരവാഹികള്‍ വിശദീകരിച്ചു.
സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മെമ്പര്‍ഷിപ്പ് പ്രചാരണം സജീവമാക്കാനും സമ്മേളനം തീരുമാനിച്ചു. അംഗത്വവിതരണത്തിന്റെ ഭാഗമായി ജൂലൈ 22 മുതല്‍ 29 വരെ മണ്ഡലംതല കൗണ്‍സില്‍ ക്യാംപുകളും ഓഗസ്റ്റ് ഒന്നുമുതല്‍ 12വരെ പഞ്ചായത്ത് കണ്‍വന്‍ഷനുകളും നടത്താന്‍ തീരുമാനിച്ചു. ജില്ലാകമ്മിറ്റിയുടെ വിപുലമായ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 13നു നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കുഞ്ഞുമുഹമദ് അധ്യക്ഷനായി. ജില്ലാഭാരവാഹികളായ വി.പി വമ്പന്‍, അഡ്വ. എസ് മുഹമദ്, ടി.എ തങ്ങള്‍, പി.ഒ.പി മുഹമദലി ഹാജി, യു.വി മൂസഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."