ഇടവെട്ടിയില്‍ കനാല്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു
ഇടവെട്ടി: തൊണ്ടിക്കുഴ-ഇടവെട്ടി കനാല്‍ റോഡില്‍ ഇടവെട്ടി വനത്തിന് സമീപം കടവിനോട് ചേര്‍ന്ന് റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. ഇന്നലെ വൈകിട്ട് ലോറി കടന്ന് പോയതിന് പിന്നാലെയാണ് വലിയ ശബ്ദത്തില്‍ ഇടിഞ്ഞു വാഴ്ന്ന് കുഴി രൂപപ്പെടുന്നത്.
നാട്ടുകാര്‍ റോഡ് ബ്ലോക്ക് ചെയ്ത ശേഷം പഞ്ചായത്തിലും എം.വി.ഐ.പി അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു.
അസി. എന്‍ജിനീയര്‍ ശബരിനാഥ് നടത്തിയ പരിശോധനയില്‍ കനാല്‍ നിര്‍മ്മാണ വേളയില്‍ സമീപത്തെ തോട്ടിലെ വെള്ളം ഒഴുകുന്നതിനായി ഇവിടെ കനാലിനടിയിലൂടെ പാസേജ് നിര്‍മിച്ചിരുന്നതായും ഇതിന്റെ സ്ലാബ് തകര്‍ന്നതാണ് പ്രശ്‌നത്തിന് കാരണമെന്നും കണ്ടെത്തി. ഇതിന് പിന്നാലെ കനാലിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചു. അറ്റകുറ്റപണി നടത്തണമെങ്കില്‍ കുറഞ്ഞത് രണ്ട് ദിവസം വേണമെന്നും ഇതിനായി വെള്ളം പൂര്‍ണ്ണമായി നിര്‍ത്തേണ്ടി വരുമെന്നുമാണ് വിലയിരുത്തുന്നത്. ഇത് മേഖലകളില്‍ കടുത്ത ജലക്ഷാമത്തിന് ഇടയാക്കും.വെള്ളം പൂട്ടി കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷം മാത്രമെ ഒഴുക്ക് നിലക്കുകയുള്ളു. ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചതായും ഇവരുടെ നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി എടുക്കുമെന്നും എ.ഇ വ്യക്തമാക്കി. സമീപത്തെ കടവില്‍ കുളിച്ചവര്‍ ഇവിടെ ചുഴി പോലെ വെള്ളം വട്ടം കറങ്ങിയിരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അപകടം ഉണ്ടാവുന്നതിന് മുമ്പ് അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."