വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനെന്ന് രാഹുല്‍ ഗാന്ധി: മത്സരം സി.പി.എമ്മിനെതിരല്ല, രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഡശക്തികള്‍ക്കെതിരേ
കല്‍പ്പറ്റ: ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ നിന്ന് താന്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വയനാട് ലോക്‌സഭ സീറ്റില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം തിരിച്ചു മടങ്ങുന്നതിനു മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഡശ്രമത്തിനെതിരേയാണ് താന്‍ മത്സരിക്കുന്നത്. നരേന്ദ്രമോദി ദക്ഷിണേന്ത്യയെ ഒന്നാകെ അവഗണിച്ചു. ഇതിനെതിരായ നിലപാടാണ് വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
ഇവിടെ തെക്കേയിന്ത്യയും വടക്കേയിന്ത്യയും പടിഞ്ഞാറെ ഇന്ത്യയൊന്നുമില്ല. ഒരൊറ്റ ഇന്ത്യ മാത്രമേയുള്ളൂ.. ആ സന്ദേശമാണ് ഞാന്‍ മുന്നോട്ട് വയ്ക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെട്ടു എന്ന വികാരം കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ക്കുണ്ട്.
ആര്‍എസ്എസും മോദിയും മുന്നോട്ട് വയക്കുന്നത് വിഭജനരാഷ്ട്രീയമാണ്. സാംസ്‌കാരികമായും ഭാഷപരമായും ദക്ഷിണേന്ത്യയെ അവഗണിക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇവ രണ്ടും പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയമാണ്. ഈ പ്രതിസന്ധിക്കിടെ 35,000 കോടി രൂപയാണ് റഫാല്‍ കരാറിന്റെ ഭാഗമായി നരേന്ദ്രമോദി അനില്‍ അംബാനിക്ക് നല്‍കി. അതൊക്കെയാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്.
ദക്ഷിണേന്ത്യയെ തകര്‍ക്കാന്‍ ആര്‍.എസ്. എസും നരേന്ദ്രമോദിയും ശ്രമിക്കുന്നു. തന്റെ മത്സരം അവര്‍ക്കെതിരേയാണ്. സി.പി എമ്മിനെതിരല്ലെന്നും സി.പി.എമ്മിനെക്കുറിച്ച് ഒന്നും താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോക്കുശേഷമാണ് രാഹുലും പ്രിയങ്ക ഗാന്ധിയും ഹെലികോപ്റ്ററില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കു മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."