കാര്‍ വെട്ടിപ്പൊളിച്ച് മലയാളിയെ കൊള്ളയടിക്കാന്‍ ശ്രമം, സുപ്രഭാതം ഡയറക്ടര്‍ അലവിക്കുട്ടി ഒളവട്ടൂര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
റിയാദ്: റിയാദില്‍ കാര്‍ വെട്ടിപ്പൊളിച്ച് മലയാളിയെ കൊള്ളയടിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി ജനറല്‍ സിക്രട്ടറിയും സുപ്രഭാതം ഡയറക്ടറും കെ എം സി സി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ അലവിക്കുട്ടി ഒളവട്ടൂര്‍ ആണ് കഴിഞ്ഞ കഷ്ടിച്ച് കത്തി മുനയില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കറുത്ത വംശജരായ യുവാവ് ആയുധം കാട്ടി കൊള്ളയടിക്കാന്‍ നടത്തിയ ശ്രമത്തില്‍ രണ്ടാം ജന്മമാണിതെന്നു അലവിക്കുട്ടി പറഞ്ഞു. ധൈര്യം വീണ്ടെടുത്ത് കൃത്യമായ ആസൂത്രണത്തോടെ രക്ഷപ്പെടാന്‍ നടത്തിയ ശ്രമം വിജയച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടിയത്.
രാത്രി പന്ത്രണ്ടിന് തന്റെ ഫോര്‍ച്യൂണര്‍ കാര്‍ പാര്‍ക്ക് ചെയ്ത് വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ നേരത്ത് ഒരു കറുത്ത വംശജന്‍ പിറകില്‍ നിന്നും വന്ന് വണ്ടിയുടെ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ട് കാശ് ചോദിച്ചു. എന്നാല്‍, ഉടന്‍ തന്നെ ഗ്ലാസ് താഴ്ത്താതെ ഉള്ളില്‍ നിന്നും വണ്ടി സെന്‍ട്രലൈസ് ലോക്ക് ചെയ്തതോടെയാണ് അക്രമി മറ്റു അഭ്യാസ മുറകള്‍ പുറത്തെടുത്തത്. വലിയ കഠാര കാണിച്ചു കൊല്ലുമെന്ന ഭീഷണി മുഴക്കിയ ശേഷം കഠാര കൊണ്ട് ഗ്ലാസ വെട്ടിപൊളിക്കാനുള്ള ശ്രമം തുടങ്ങി. ഡോര്‍ പതുക്കെ അല്‍പം തുറന്ന് അഞ്ഞൂറ് റിയാല്‍ പുറത്തേക്ക് ഇട്ട് നല്‍കിയെങ്കിലും അതെടുത്തു പോക്കറ്റില്‍ ഇട്ട ശേഷം വീണ്ടും ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.
വടിവാള്‍ കൊണ്ട് ആഞ്ഞു വെട്ടി ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ ഭാഗം ചുമരിന്റെ സമീപമായത് കൊണ്ട് ഉറക്കെ വെട്ടാന്‍ കഴിയാത്തതിനാല്‍ എതിര്‍ വശത്തെ സൈഡ് ഗ്ലാസ് ഭാഗത്ത് ചെന്ന് ആഞ്ഞു വെട്ടി പൊളിക്കാനായി ശ്രമം. ഇത് വിജയിക്കാത്തതിനെ തുടര്‍ന്ന് അക്രമി ബോണറ്റില്‍ കയറി മുന്നിലെ ഗ്ലാസ് വലിയ നിലയില്‍ ആഞ്ഞുവെട്ടി ഗ്‌ളാസ് പൊട്ടിച്ചു. ഈ സമയത്തെല്ലാം അദ്ദേഹം വണ്ടിയില്‍ തന്നെ മരണം മുന്നില്‍ കണ്ട് ഇരിക്കുകയായിരുന്നു. ശേഷം അക്രമി കഠാര കൊണ്ട് ഗ്‌ളാസ് കീറി മുറിച്ചു.
ഇതിനിടെ അക്രമി ബോണറ്റില്‍ നിന്നും അഭ്യാസം നടത്തുമ്പോള്‍ രണ്ടും കല്പിച്ച് വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി ഒരു ലൈമോസിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പാകിസ്ഥാന്‍ പൗരനായ ലിമോസിന്‍ ഡ്രൈവറോഡ് വിവരം പറഞ്ഞപ്പോള്‍ പേടിക്കേണ്ടെന്നു പറഞ്ഞു തൊട്ടു പിറകിലെ ലിമോസിന്‍ ഡ്രൈവറെയും കൂട്ടി വാഹനത്തിന്റെ അടുത്ത് വന്നപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസിനെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. വാഹനത്തിന്റെ ഗ്ലാസ്സുകള്‍ മുഴുവന്‍ തകര്‍ത്തെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് അല്‍ ഗസ്സാലി കമ്പനിയില്‍ ഐ ടി മാനേജരായ അലവിക്കുട്ടി ഒളവട്ടൂര്‍. റിയാദിലും പരിസരങ്ങളിലും അടുത്തിടെ തുടര്‍ച്ചയായ സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നത് വിദേശികള്‍ക്കിടയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."