സീസണിലെ രണ്ടാം എല്‍ ക്ലാസ്സിക്കോ ഇന്ന്
മാഡ്രിഡ്: റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള സീസണിലെ രണ്ടാം എല്‍ ക്ലാസ്സിക്കോ പോരാട്ടം ഇന്ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ അരങ്ങേറും. ആദ്യ പോരാട്ടത്തില്‍ ബാഴ്സലോണയുടെ തട്ടകത്തില്‍ ഇരു ടീമുകളും 1-1ന് സമനില പാലിച്ചു. നിലവില്‍ പട്ടികയില്‍ 75 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്തും 72 പോയിന്റുമായി ബാഴ്സലോണ രണ്ടാമതുമാണ്. ഇന്ന് വിജയിക്കാന്‍ സാധിച്ചാല്‍ റയലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ ബാഴ്സയ്ക്ക് കഴിയും. കിരീട പ്രതീക്ഷയും അവര്‍ക്ക് നിലനിര്‍ത്താം. അതേസമയം പരാജയപ്പെട്ടാല്‍ കിരീട സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ബാഴ്സയേക്കാള്‍ ഒരു കളി കുറച്ചു കളിച്ചതിന്റെ ആനുകൂല്യവും റയലിനുണ്ട്.
ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി ആ പ്രതീക്ഷകള്‍ അസ്തമിച്ച ബാഴ്സലോണയ്ക്ക് ലാ ലീഗ കിരീടം ഇപ്പോള്‍ അനിവാര്യമായിരിക്കുകയാണ്. നിലവിലെ ഫോം പരിഗണിച്ചാല്‍ റയല്‍ ഒരുപടി മുന്നിലാണ്. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ക്വാര്‍ട്ടറില്‍ തകര്‍ത്ത് ചാംപ്യന്‍സ് ലീഗിന്റെ സെമി ബര്‍ത്ത് ഉറപ്പിച്ചാണ് റയലിന്റെ വരവ്. സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികവിലേക്ക് തിരിച്ചെത്തിയതും ഒപ്പം അപാര ഫോമിലുള്ള അധ്വാനിയായ മാഴ്സലോയുടെ സാന്നിധ്യവും അവര്‍ക്ക് അധിക കരുത്തായുണ്ട്.
ടീമെന്ന നിലയില്‍ ബാഴ്സലോണ പല കടുത്ത വെല്ലുവിളികളും നേരിട്ടിട്ടുണ്ടെന്നും ടീം തിരിച്ചു വരുമെന്നും ബാഴ്സലോണ കോച്ച് എന്റിക്വെ പ്രതീക്ഷ പുലര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."