ഇക്കുറിയും 'അയോധ്യ' പൊടിതട്ടിയെടുക്കും; നാളെ ലക്ഷങ്ങളുടെ പരിപാടി
ന്യൂഡല്‍ഹി: ഈ പൊതുതെരഞ്ഞെടുപ്പിലും അയോധ്യാവിഷയം ജ്വലിപ്പിച്ചുനിര്‍ത്താനൊരുങ്ങി സംഘ്പരിവാര്‍ സംഘടനകള്‍. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേതാക്കളാണ് അയോധ്യാവിഷയം പരാമര്‍ശിക്കാറുള്ളതെങ്കില്‍ ഇക്കുറി പാര്‍ട്ടി നേതാക്കള്‍ തന്ത്രപരമായ മൗനം പാലിക്കും. ഒപ്പം തീവ്ര സംഘ്പരിവാര്‍ സംഘടനാ നേതാക്കള്‍ വിഷയം സജീവമാക്കി നിര്‍ത്തുകയും ചെയ്യുന്ന രീതിയിലാണ് തെരഞ്ഞെടുപ്പു പ്രചാരണം മുന്നോട്ടുപോവുക. അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത്. എന്നാല്‍, കേന്ദ്രത്തില്‍ മൂന്നില്‍രണ്ടും അയോധ്യ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശില്‍ നാലില്‍മൂന്നും ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയെങ്കിലും രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണമെന്ന ആവശ്യം ഉയര്‍ത്താന്‍ ബി.ജെ.പിക്കു തടസങ്ങളുണ്ട്. ഇക്കാരണത്താലാണ് ഭൂരിപക്ഷ വോട്ട് ദ്രുവീകരിക്കാനായി അയോധ്യാവിഷയം തീവ്ര സംഘ്പരിവാര്‍ സംഘടനകള്‍ക്കു ബി.ജെ.പി വിട്ടുകൊടുത്തിരിക്കുന്നത്.
രാമക്ഷേത്രനിര്‍മാണ വിഷയം സജീവമാക്കുന്നതിന്റെ ഭാഗമായി നാളെ അയോധ്യയില്‍ ലക്ഷക്കണക്കിനു പേരുടെ സംഗമം നടത്താന്‍ വി.എച്ച്.പി തീരുമാനിച്ചിട്ടുണ്ട്. വിജയ് മഹാമന്ത്ര് ദിവസ് ആയാണ് നാളത്തെ ദിവസം വി.എച്ച്.പി ആചരിക്കുന്നത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കു പകരം സ്‌ത്രോതങ്ങളും മന്ത്രോചാരങ്ങളും ഉരുവിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്ര പരസിരത്തേക്കു പ്രകടനം നടത്തുകയാവും ഇവര്‍ ചെയ്യുക. 10 ലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ചടങ്ങിനു ശേഷം രാമക്ഷേത്രം നിര്‍മിക്കുമെന്ന് വി.എച്ച്.പി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കും. ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും വ്യത്യസ്ത പരിപാടികള്‍ നടക്കും. ഇതോടനുബന്ധിച്ച് ഡല്‍ഹിയിലെ ജണ്ഡാവാലയിലെ വി.എച്ച്.പി ആസ്ഥാനത്തുനടക്കുന്ന ചടങ്ങില്‍ സംഘടനയുടെ രാജ്യാന്തര അധ്യക്ഷന്‍ അലോക് കുമാര്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അയോധ്യാ വിഷയം ഉയര്‍ത്തില്ലെന്ന് നേരത്തെ വി.എച്ച്.പി അറിയിച്ചിരുന്നു. എന്നാല്‍, നാളത്തെ പരിപാടികള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്ന് വി.എച്ച്.പി വക്താവ് വിനോദ് ഭന്‍സാല്‍ അവകാശപ്പെട്ടു.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം നിലവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെയാണ്. കേസ് കോടതിയുടെ പരിഗണനയില്‍ നില്‍ക്കെ തന്നെ മധ്യസ്ഥചര്‍ച്ചയ്ക്ക് മൂന്നംഗ സമിതിയെ സുപ്രിംകോടതി നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കിവരുന്നതിനിടെയാണ് അയോധ്യാവിഷയം വി.എച്ച്.പി ഒരിക്കല്‍ക്കൂടി സജീവമാക്കി നിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."