കണ്ടല്‍ക്കാട് മണ്ണിട്ടു നികത്തി
തളിപ്പറമ്പ്: ദേശീയപാതക്കു സമീ പം കുറ്റിക്കോല്‍ പുഴക്കരയില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച് മണ്ണിട്ടു നികത്തുന്നത് വ്യാപകം. പരാതിയെ തുടര്‍ന്ന് റവന്യു വിഭാഗം സംഭവസ്ഥലം സന്ദര്‍ശിച്ച് മണ്ണിടുന്നത് തടഞ്ഞു.
തളിപ്പറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കുറ്റിക്കോല്‍ പുഴക്കരയോട് ചേര്‍ന്നു അത്യപൂര്‍വമായി വളര്‍ന്നുവന്ന നീര്‍ കള്ളിപ്പാല എന്ന സസ്യമാണ് നശിപ്പിച്ച് മൂടിയത്. കേരളത്തില്‍ വളരെ അപൂര്‍വം പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന കണ്ടല്‍ അനുബന്ധ സസ്യമാണിത്.
ദേശീയപാതയോടു ചേര്‍ന്ന് കിടക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും ചെവിക്കൊള്ളാതെ സ്വകാര്യ വ്യക്തി മണ്ണിട്ടുമൂടുകയായിരുന്നു. രണ്ടു ദിവസമായി തുടരുന്ന നികത്തലിനെ പറ്റി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലബാര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വിവരം തഹസില്‍ദാറെ അറിയിക്കുകയും തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫിസര്‍ മണ്ണിടല്‍ തടയുകയുമായിരുന്നു.
2008ലെ നീര്‍ത്തട സംരക്ഷണ നിയമത്തിനു വിരുദ്ധമായി നികത്തിയ ചതുപ്പ് പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. പി.ഡബ്ല്യു.ഡി അധികാരികളും റവന്യു ഭൂമിയാണെന്ന് സംശയം പ്രകടിപ്പിച്ചതിനാല്‍ സ്ഥലം അളക്കും. റവന്യു ഭൂമി കണ്ടെത്തിയാല്‍ തിരിച്ചെടുക്കുന്നതുള്‍പ്പെടെ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതിനും മണ്ണിട്ടു നികത്തിയതിനുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ വി.പി നാദിര്‍ഷാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."