കുറ്റിയാട്ടൂരിന്റെ സ്വന്തം മാമ്പഴം
കുറ്റിയാട്ടൂര്‍ എന്നത് കണ്ണൂര്‍ ജില്ലയിലെ ഒരു പ്രദേശം മാത്രമല്ല.
മധുരിക്കുന്ന ഒരു നാമംകൂടിയായി മാറിയിട്ട് കാലം ഏറെയായി. പ്രശസ്തമായ കുറ്റിയാട്ടൂര്‍ മാമ്പഴമാണ് ആ മാധുര്യത്തിന് പിന്നില്‍.
അരൂര്‍ എളോര്‍മാങ്ങപോലെ സ്ഥലനാമത്തില്‍ അറിയപ്പെടുന്ന ഒരു മാമ്പഴം. അക്രമങ്ങള്‍ക്കും രാഷ്ട്രീയകൊലപാതകങ്ങള്‍ക്കുമെല്ലാം അപ്പുറം നന്മനിറഞ്ഞ, സമാധാനം കാംക്ഷിക്കുന്ന ഒരുപറ്റം മനുഷ്യര്‍ ജീവിക്കുന്ന ഒരു നാടാണ് കണ്ണൂര്‍ എന്നത് നാമെല്ലാം പലപ്പോഴും മറക്കുന്ന കാര്യമാണ്.
ഇനി മാമ്പഴത്തിലേക്ക് പോകാം. ഈ പ്രദേശത്ത് പെറ്റുവളര്‍ന്ന് മണ്ണായി തീര്‍ന്ന അനേകം തലമുറകള്‍ക്കിടയിലും കുറ്റിയാട്ടൂര്‍ മാങ്ങയുടെ രുചിഭേദങ്ങള്‍ കടന്നുപോയിട്ടുണ്ട്. മല്ലിക, ഹിമായത്ത്, ആപ്പൂസ്, നീലന്‍, വെങ്ങനപ്പള്ളി, നാകിസ് പസന്ത്, മല്‍ഗോവ തുടങ്ങിയ മാമ്പഴങ്ങളാണ് സംസ്ഥാനത്തെ ഏത് നാട്ടിന്‍പുറത്തെയും പഴക്കടകളില്‍ ഇന്ന് സുലഭമായി കാണുന്നത്. കച്ചവടം എന്നാല്‍ ലാഭം മാത്രം ലാക്കാക്കിയുള്ളതായതോടെ മധുരിക്കുന്ന വിഷമായി മാമ്പഴം മാറിയ ഒരു കാലമാണ് നാം ജീവിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത് എന്നതും ഓര്‍ക്കുക.
പാകമെത്തുന്നതിന് മുന്‍േപ പൊട്ടിച്ചെടുത്ത് കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച്് കൃത്രിമമാര്‍ഗങ്ങളിലൂടെ പഴുപ്പിച്ചെടുക്കുന്ന മാമ്പഴം ഇന്ന് മലയാളിയുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയായി മാറിയ കാലംകൂടിയാണിത്.
മുപ്പത് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതര സംസ്ഥാന മാമ്പഴം മലയാളികളില്‍ നല്ലൊരു വിഭാഗത്തിനും അത്ര പരിചിതമായിരുന്നില്ല. അന്ന് നാടും നഗരവും നാടന്‍മാമ്പഴങ്ങളുടെ രുചിയാല്‍ സമൃദമായിരുന്നു. കപ്പായി(കോമാങ്ങ), ചേലന്‍ (ഒളോര്‍), മുവാണ്ടന്‍, കിളിച്ചുണ്ടന്‍, കാമ്പര്‍ തുടങ്ങിയ നിരവധി മാമ്പഴങ്ങളായിരുന്നു നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വില്‍പ്പന നടത്തിയിരുന്നത്.
ഇതരസംസ്ഥാന മാങ്ങകള്‍ വിപണി കീഴടക്കുന്ന ഈ മാമ്പഴക്കാലത്തും തനിനാടന്‍ മാമ്പഴങ്ങളുടെ ഡിമാന്റ് ഗ്രാഫും ഉയരത്തിലാവുന്നത് രുചിയും അവയില്‍ മായമില്ലെന്ന മലയാളിയുടെ ഉറച്ച വിശ്വാസവും മൂലമാണ്. വിപണിയില്‍ ലഭിക്കുന്ന നാടന്‍ മാങ്ങയിനത്തില്‍ ഇന്നും മുന്‍പിലാണ് കുറ്റിയാട്ടൂര്‍ മാങ്ങ. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരില്‍ കൂടുതലായി കാണുന്നതിനാലാണ് ഇതിന് കുറ്റിയാട്ടൂര്‍ മാങ്ങ എന്ന പേരുവന്നത്.
കണ്ണൂര്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് കുറ്റിയാട്ടൂര്‍ ഗ്രാമം. കാര്‍ഷിക സമ്പത്തിനാല്‍ അനുഗ്രഹീതമായ ഇവിടുത്തുകാര്‍ക്ക് ഇപ്പോള്‍ ഉത്സവകാലമാണ്-മാമ്പഴോത്സവക്കാലം.
നാടിന്റെ പേരില്‍ ഒരു മാങ്ങ അറിയപ്പെടുന്നത് തങ്ങളുടെ ഭാഗ്യമായാണ് ഇവര്‍ കാണുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വിളവെടുക്കപ്പെടുന്ന കുറ്റിയാട്ടൂര്‍ മാങ്ങ നമ്പ്യാര്‍മാങ്ങ എന്ന പേരിലും അറിയപ്പെടുന്നു. പുളിയും മധുരവും സമന്വയിച്ചതാണ് ഈ മാമ്പഴം. മാങ്ങയ്ക്ക് വിപണികളില്‍ ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് ജില്ലക്ക് പുറത്തേക്ക് ഈ വിശേഷ മാമ്പഴം എത്തിപ്പെടാത്തത്. കുറ്റിയാട്ടൂര്‍, വേശാല, നായാട്ടുപാറ, വടുവന്‍കുളം, കാരാറമ്പ്, കൂടാളി എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. രണ്ട് മാസം ലഭിക്കുന്ന ഈ മാങ്ങകള്‍ നിരവധി ആളുകള്‍ക്ക് ജീവിതച്ചെലവുകള്‍ക്ക് താങ്ങാവുന്ന ബദല്‍ വരുമാനമാര്‍ഗം കൂടിയാണ്.
ഈ മേഖലയില്‍ നിന്ന് ഗള്‍ഫ് നാടുകളിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം പ്രവാസ ജീവിതം നയിക്കുന്നവര്‍ മാമ്പഴക്കാലത്ത് കുറ്റിയാട്ടൂരിന്റെ തനിമചോരാത്ത രുചിക്കായി ആറ്റുനോറ്റു കഴിയാറുണ്ട്. നാട്ടില്‍നിന്നു വേനല്‍ക്കാലത്ത് തിരിച്ചുവരുന്നവരോട് ആവശ്യപ്പെടുന്ന ഏക വസ്തുവും ഈ മാമ്പഴം തന്നെ. പുറംനാടുകളില്‍ നിന്നു നാടിന്റെ ഭാഗമാവുന്ന ചെക്കനും പെണ്ണുമെല്ലാം ആദ്യ മാമ്പഴക്കാലം ഒരിക്കലും മറക്കാറില്ല. അതിന്റെ ക്രെഡിറ്റും കുറ്റിയാട്ടൂര്‍ മാമ്പഴത്തിന് തന്നെ.
ഡിസംബറില്‍ പൂത്തുലഞ്ഞ് മാര്‍ച്ച് ആദ്യവാരത്തോടെ മാങ്ങകള്‍ മൂപ്പെത്താന്‍ തുടങ്ങും. പിന്നെ മാങ്ങ പറിച്ചെടുത്ത് വിപണിയിലെത്തിക്കുകയെന്നത് നാട്ടുകാര്‍ക്ക് ഒരു അനുഷ്ഠാനത്തിന്റെ നിര്‍വൃതിയാണ് സമ്മാനിക്കുന്നത്. വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മാവുകള്‍ പാട്ടത്തിനെടുത്താണ് കച്ചവടക്കാര്‍ മാമ്പഴം വിപണിയിലെത്തിക്കുന്നത്. മാവ് പൂത്തു തുടങ്ങുമ്പോഴേക്കും ഏജന്റുമാര്‍ ഉടമ ആവശ്യപ്പെടുന്ന പണം നല്‍കി മാവുകള്‍ പാട്ടത്തിനെടുക്കാന്‍ മത്സരിക്കുന്നതും ഇവിടുത്തെ വിശേഷം തന്നെ.
മാങ്ങകള്‍ മാര്‍ച്ച് മാസം മുതലാണ് ശേഖരിക്കാന്‍ തുടങ്ങുക. ഇവ പറിക്കുന്നതിനായി നിരവധി തൊഴിലാളികളുമുണ്ടാകും. രണ്ട് മാസത്തെ ജോലിയായതിനാല്‍ ഇതിനായി നല്ല കൂലിയും പാട്ടക്കാര്‍ നല്‍കുന്നു. മാവില്‍ കയറുന്നവര്‍ക്ക് ദിനംപ്രതി 1,400 വരെയാണ് കൂലി. അവധിക്കാലമായതിനാല്‍ പോക്കറ്റ് മണിക്കായി വിദ്യാര്‍ഥികളും മാവില്‍ കയറാന്‍ സദാ സജ്ജരാണ്. കുറ്റിയാട്ടൂരിന്റെ ബാല്യത്തിന് ഇന്നും മാവില്‍ കയറി സര്‍ക്കസ് കളിക്കുന്ന പാരമ്പര്യം നഷ്ടമായിട്ടില്ല. കുട്ടികളുടെ കസര്‍ത്ത് വീക്ഷിക്കവേ ഇവര്‍ വാനരരാണോയെന്ന് പുറംനാട്ടുകാര്‍ സംശയിച്ചാലും കുറ്റംപറയാനാവില്ല.
വിവിധ ഘട്ടങ്ങളായാണ് മാങ്ങ പറിച്ചെടുക്കുക. ആദ്യ ഘട്ടത്തില്‍ മൂപ്പെത്തിയ മാങ്ങകള്‍ തരംതിരിച്ച് പറിക്കും. ഇതിനെ തിരഞ്ഞു പറിയെന്നാണ് നാട്ടുഭാഷയില്‍ പറയുക. ഭൂരിഭാഗം മാങ്ങകളും മൂപ്പെത്തുന്ന അടുത്ത ഘട്ടത്തില്‍ എല്ലാം പറിച്ചെടുക്കും. ഇതാണ് തട്ടിപ്പറി.
നെയ്‌തെടുത്ത വലകള്‍ മുളയുടെ അറ്റത്തുകെട്ടിയാണ് മാങ്ങ പറിച്ചെടുക്കുന്നത്. അപ്പോള്‍ വലകളില്‍ കുരുങ്ങുന്ന മാങ്ങ മരത്തിന് മുകളില്‍ നിന്നു താഴോട്ട് എറിഞ്ഞുകൊടുക്കും. എറിയുന്ന മാങ്ങകള്‍ ചാക്കുവീശിയാണ് നിലത്തുവീഴാതെ ശേഖരിക്കുന്നത്. ചിലപ്പോള്‍ മാങ്ങകള്‍ താഴെയെത്തിക്കുന്നതിനായി മരത്തിന്റെ മുകളില്‍ നിന്ന്് കൊട്ടിത്താഴ്ത്തുവാന്‍ കുട്ടകളും ഉപയോഗിക്കുന്നതും സാധാരണമാണ്.
താഴെയെത്തുന്ന മാങ്ങകളിലെ ചെന (കറ) പോകാനായി മണ്ണില്‍ കമിഴ്ത്തിവക്കും. പിന്നീട് വൈകിട്ട് ജോലി അവസാനിക്കാനാവുമ്പോള്‍ ഇവ തുണികൊണ്ട് തുടച്ചെടുത്ത് വണ്ടികളില്‍ കയറ്റും. ചെന പരന്നാല്‍ മാങ്ങയുടെ ബാഹ്യഭാഗത്ത് അടയാളങ്ങളുണ്ടാവുന്നത്് കൊണ്ടാണ് ഇവ തുടച്ചെടുക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന മൂപ്പെത്തിയ മാങ്ങകള്‍ പഴുപ്പിക്കുന്നതിനായി പരമ്പരാഗത മാര്‍ഗമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
കാഞ്ഞിരമരത്തിന്റെ ഇലകളിലും വൈക്കോലിലും സൂക്ഷിച്ച് ചണച്ചാക്ക് ഉപയോഗിച്ച്് ഭദ്രമായി അടച്ചുവച്ചാണ് പഴുപ്പിക്കുന്നത്. നാലു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇവ പാകമാവും. ചെറുതും വലുതുമായി തിരഞ്ഞ് കുട്ടകളിലാക്കിയാണ് വിപണിയിലെത്തിക്കുന്നത്. വലിയ മാങ്ങകള്‍ ഫസ്റ്റ് മാങ്ങയെന്ന പേരിലും ചെറിയവ സെക്കന്‍ഡ് മാങ്ങ എന്ന പേരിലുമാണ് വിപണിയിലെത്തുന്നത്. ഇവയുടെ വലിപ്പത്തിനനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ടാവും.
വേനല്‍മഴ ചതിച്ചാല്‍ വിപണിയില്‍ മാങ്ങയുടെ വിലകുറയുമെന്ന് പാട്ടക്കാര്‍. ലക്ഷങ്ങള്‍ മുടക്കി പാട്ടമെടുക്കുമ്പോള്‍ ചില സമയങ്ങളില്‍ കനത്ത നഷ്ടമാണ് ഇവര്‍ക്ക് നേരിടേണ്ടിവരുന്നത്. 10 കോടിയോളം പ്രതിവര്‍ഷം വരുമാനം നല്‍കുന്ന മാങ്ങ വ്യവസായം ഉയര്‍ച്ചയിലെത്തിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പഞ്ചായത്ത് തലത്തില്‍ കര്‍ഷക സമിതി രൂപീകരിച്ചിരുന്നെങ്കിലും മാങ്ങ വ്യവസായത്തിന് തിരിച്ചടിയായെന്ന് ചെറുകിട പാട്ടക്കാര്‍ പറയുന്നു. കുറ്റിയാട്ടൂര്‍ മാങ്ങകള്‍ പ്രധാനമായി കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ മാര്‍ക്കറ്റുകളിലാണ് വില്‍ക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."