ഒരു ലാബ് ടെക്‌നീഷ്യന്റെ കുറവ്: ജില്ലാ ലാബ് അടഞ്ഞുകിടന്നത് നാല് കൊല്ലം
പാലക്കാട്: ഒരു ലാബ് ടെക്‌നീഷ്യന്റെ കുറവുമൂലം ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് രാവും പകലും സൗജന്യ പരിശോധന ഉറപ്പു വരുത്തിയിരുന്ന ജില്ലാ ലാബ് കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നില്ല.
എന്‍.എച്ച്.എം, ആര്‍.എസ്.ബി.വൈ, എച്ച്.എം.സി മുഖേന ഒഴിവു നികത്താമായിരുന്നിട്ടും നാളിതുവരെ നടപടികളുണ്ടായിട്ടില്ല. ജില്ലാ ആശുപത്രിക്കു ചുറ്റും പിടിമുറുക്കിയ സ്വകാര്യ ലാബുകളുടെ നിലനില്‍പിനും സ്വാര്‍ഥ നേട്ടത്തിനും വേണ്ടിയാണ് ജില്ലാ ലാബിനെ ഇല്ലാതാക്കുന്നതെന്ന പൊതുപ്രവര്‍ത്തകരുടെ ആരോപണം ശരിവയ്ക്കുന്നതാണ് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.
നാളിതു വരെ ടെക്‌നീഷ്യനെ ആവശ്യപ്പെട്ട് ആരും അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയാല്‍ ടെക്‌നീഷ്യനെ അനുവദിക്കാന്‍ തയാറാണെന്നും എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ രചന ചിദംബരം വ്യക്തമാക്കി. നിലവില്‍ ഒന്‍പത് ലാബ് ടെക്‌നീഷന്‍മാരുണ്ട് ജില്ലാ ലാബില്‍. ഏഴു ടെക്‌നീഷ്യന്‍മാര്‍ സ്ത്രീകളാണ്. ജില്ലാ ആശുപത്രിയിലുള്ള ആര്‍.ഡി.സി, മെഡികെയര്‍ ലാബുകള്‍ കുറഞ്ഞ നിരക്ക് ഈടാക്കി പരിശോധന നടത്തുമ്പോള്‍ പരിപൂര്‍ണ സൗജന്യമാണ് ജില്ലാ ലാബ് ഉറപ്പു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."