ഭീകരനെതിരേയുള്ളത് 89 കുറ്റങ്ങള്‍
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന്‍ ടറന്റിനെതിരേ പൊലിസ് ചുമത്തിയത് 89 കുറ്റങ്ങള്‍. 50 കൊലപാതക കുറ്റങ്ങളും കൊലപാതക ശ്രമത്തിനുള്ള 39 കുറ്റങ്ങളുമാണ് ഇന്ന് കോടതിയില്‍ ഹാജരാകുന്ന ഭീകരനുനേരെ ചുമത്തിയിരിക്കുന്നത്. 28 കാരനായ ആസ്‌ത്രേലിയന്‍ ഭീകരവാദിക്കെതിരേ ഒരു കൊലപാതക കുറ്റം മാത്രമാണ് ആദ്യം കോടതിയില്‍ ഹാജരാക്കുമ്പോള്‍ ചുമത്തിയിരുന്നത്. മാര്‍ച്ച് 15ന് ആണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഇന്നലെയാണ് മറ്റു കുറ്റങ്ങള്‍ കൂടി ന്യൂസിലന്‍ഡ് പൊലിസ് ചുമത്തിയത്.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയാണെങ്കില്‍ പരോളില്ലാത്ത ജീവപര്യന്തം തടവിന് ന്യൂസിലന്‍ഡ് കോടതി വിധിക്കുന്ന ആദ്യത്തെ കുറ്റവാളിയാവും ബ്രന്റന്‍ ടറന്റ്. ഓക്ക്‌ലന്‍ഡ് ജയിലില്‍ കഴിയുന്ന അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇന്ന് ക്രൈസ്റ്റ് ചര്‍ച്ച് ഹൈക്കോടതയില്‍ ഹാജരാവുക. പ്രതിക്ക് വാദം നടത്താനുള്ള അവസരമുണ്ട്. നേരത്തെ പ്രതിക്കുവേണ്ടി ഹാജരാവാന്‍ തീരുമാനിച്ചിരുന്നത് അഭിഭാഷകനായ റിച്ചാര്‍ഡ് പീറ്റേഴ്‌സണായിരുന്നു. എന്നാല്‍, താന്‍ സ്വയം വാദിക്കുമെന്ന് ഭീകരവാദി പറഞ്ഞതിനെ തുടര്‍ന്ന് അഭിഭാഷകന്‍ പിന്‍മാറുകയായിരുന്നു.
വിചാരണ തന്റെ വെളുപ്പ് വംശീയത പ്രചരിപ്പിക്കാനുള്ള അവസരമായി അദ്ദേഹം ഉപയോഗപ്പെടുത്തുമോയെന്ന് അധികൃതര്‍ക്കിടയില്‍ ഭീതിയുണ്ട്. ഭീകരാക്രമണം നടന്ന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. രാജ്യത്തെ തോക്ക് നിയമത്തില്‍ പരിഷ്‌കരണം നടത്താന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഏപ്രില്‍ 11ന് നടക്കുന്ന പാര്‍ലമെന്റ് യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഈ നിയമം പ്രാബല്യത്തില്‍ വരുകയുള്ളൂ.
അതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണത്തില്‍ വരുന്ന വിഷയങ്ങള്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തീരുമാനിക്കും. ന്യൂസിലന്‍ഡ് സുരക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പൊലിസ്, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും നടക്കുക. വിദ്വേഷ പ്രസംഗങ്ങള്‍ തടയാനുള്ള നിയമ നിര്‍മാണങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ഭീകരാക്രമണത്തിന്റെ മുന്‍പുതന്നെ തങ്ങള്‍ക്കെതിരേ പീഡനങ്ങളും ഓണ്‍ലൈനിലുള്ള വിവേചനങ്ങളുമുണ്ടെന്ന് ന്യൂസിലന്‍ഡിലെ മുസ്‌ലിം സംഘടനകള്‍ സര്‍ക്കാരിനും പൊലിസിനും പരാതി നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ പരാതികള്‍ക്ക് ഉചിതവും കാര്യക്ഷമവുമായ നടപടി സ്വീകരിച്ചില്ലെന്ന് ന്യൂസിലന്‍ഡിലെ ഇസ്‌ലാമിക വുമണ്‍സ് കൗണ്‍സില്‍ വക്താവ് അന്‍ജും റഹ്മാന്‍ പറഞ്ഞു. ചില നടപടികള്‍ സ്വീകരിച്ചെങ്കിലും അത് മതിയായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."