മലയാളികള്‍ക്ക് അഭിമാനമായി ശൈഖ് റഫീഖ്
സമുദ്രപാതകള്‍ സാഹസികമായി മുറിച്ചുകടന്ന പാരമ്പര്യമുള്ള ശൈഖ് റഫീഖിനെ വ്യത്യസ്തനാക്കുന്നത് നന്നേ ചെറുപ്പത്തില്‍തന്നെ താന്‍ കാണുന്നതിനും അപ്പുറത്തുള്ള കാഴ്ചകളോടുള്ള താല്‍പര്യമായിരുന്നു. കോഴിക്കോട് ജില്ലയിലെ എരവന്നൂര്‍ സ്വദേശിയാണ് ഇന്ന് ലോകം അറിയുന്ന ഈ മലയാളി. അബ്ദുല്‍ ഹമീദ് -ഫാത്തിമ ദമ്പതികളുടെ മകനാണ് മലയാളിയുടെ അഭിമാനമായ ഈ മനു ഷ്യന്‍. തന്റെ ഗ്രാമത്തിലെ സ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശൈഖ് റഫീഖിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എരവന്നൂര്‍ ഗ്രാമത്തില്‍നിന്ന് കിര്‍ഗിസ്ഥാന്റെ കേണല്‍ ജനറല്‍ പദവിവരെയെത്തിയ ശൈഖ് റഫീഖിന്റെ ജീവിതം വിസ്മയത്തോടെ മാത്രമേ ഏതൊരാള്‍ക്കും നോക്കികാണാനാവൂ.
ദൈവം കനിഞ്ഞുനല്‍കിയ സൗഭാഗ്യത്തിന്റെ ഉടമ എന്ന് ഒറ്റവാക്കില്‍ ഇദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാം. തന്റെ ഗ്രാമത്തിലെ യു.പി
സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് മുംബൈയിലേക്ക് വണ്ടി കയറിയപ്പോള്‍ പാഠപുസ്തകത്തിന് പുറത്തെ അനുഭവങ്ങളുടെ വലിയ ലോകത്തെക്കുറിച്ച് ഇദ്ദേഹം ബോധവാനായിരുന്നില്ല.
ലോകം അത്ര ചെറുതല്ലെന്നും നടന്നുകയറുവാന്‍ വഴിദൂരം ഏറെയുണ്ടെന്നും തിരിച്ചറിഞ്ഞുള്ള പ്രയാണമായിരുന്നു പിന്നീട്. മുംബൈയില്‍നിന്ന് സഊദിയിലേക്ക്. പിന്നെ ഇറാനിലേക്ക്. 23 ാമത്തെ വയസില്‍ ഇറാനിലെ സ്റ്റീല്‍ പ്ലാന്റ് ഡയറക്ടറായി. രണ്ടു വര്‍ഷംകൊണ്ട് കിര്‍ഗിസ്ഥാന്‍ ഫ്രീസോണ്‍ ഡയറക്ടര്‍ പദവിയിലുമെത്തി. 26 ാമത്തെ വയസില്‍ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് കുര്‍മാന്‍ബെക് വാക്യബ് തന്റെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചു. 27 ാമത്തെ വയസില്‍ കിര്‍ഗിസ്ഥാന്‍ ഫോറിന്‍ ഇക്കണോമിക് ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടര്‍ പദവിയിലുമെത്തി ഈ കോഴിക്കോട് സ്വദേശി. ഇതോടെ നൂറിലേറെ രാജ്യങ്ങളുടെ കൂട്ടുകാരനാകുവാന്‍ ശൈഖ് റഫീഖിന് സാധിച്ചു.
ഇറാനിലെ പ്രശസ്തമായ ഷാഹ് കുടുംബത്തില്‍ നിന്നായിരുന്നു ജീവിതപങ്കാളിയെ കണ്ടെത്തിയത്.
കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് കുര്‍മാന്‍ബെക് വാക്യബ് തന്റെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചതായിരുന്നു ജീവിതത്തിലെ അസുലഭ നിമിഷങ്ങളില്‍ ഒന്ന്. ഫ്രീസോണ്‍ എന്ന സങ്കല്‍പത്തിന്റെ സാക്ഷാല്‍ക്കാരത്തോടെ കിര്‍ഗിസ്ഥാന്റെ മുഖച്ഛായ തന്നെ മാറി. ലോക രാജ്യങ്ങളെ കിര്‍ഗിസ്ഥാനിലേക്ക് ആകര്‍ഷിക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കിര്‍ഗിസ്ഥാന്‍ ഫ്രീസോണ്‍ ഡയറക്ടര്‍ പദവിയോടൊപ്പം തന്നെ കിര്‍ഗിസ്ഥാന്‍ ഫോറിന്‍ എക്കണോമിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടര്‍ പദവിയും വഹിച്ചത്് ലോക രാജ്യങ്ങളുടെ തോഴനാകുവാന്‍ സഹായിച്ചു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് പൗരത്വം നല്‍കി ശൈഖ് റഫീഖിനെ രാജ്യത്തിന്റെ സ്വന്തമാക്കിയതും ചരിത്രം. കിര്‍ഗിസ്ഥാന്‍ ഡിപ്ലോമാറ്റി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ശൈഖ് മൂഹമ്മദ് റഫീഖ് പ്രിന്‍സ് സഊദ് ഇബ്‌നു മുസാഇദ്ബ്‌നു അബ്ദുല്‍ അസീസിന്റെ പ്രധാന ഉപദേഷ്ടാവായി മാറാനും അധികനാള്‍ വേണ്ടി വന്നില്ല.
മക്ക, മദീന എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍, സഊദി രാജകുടുംബാംഗങ്ങള്‍ എന്നിവരുമായി അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. കേരളത്തിലെ പ്രമുഖരും സഊദി രാജകുടുംബാംഗങ്ങളുമായുള്ള ബന്ധത്തിന്റെ പ്രധാനകണ്ണി എന്നതിനൊപ്പം ജിസാന്‍ എക്കണോമിക് സിറ്റിയുടെ ചുമതലയും റാബിത്തതുല്‍ അറബിയത്തുത്വഖാഫയുടെ ഉന്നതപദവിയും അലങ്കരിക്കുന്നതിനിടയിലാണ് കിര്‍ഗിസ്ഥാന്‍ ആ രാജ്യത്തിന്റെ ഉന്നതസൈനിക പദവിയായ കേണല്‍ ജനറല്‍ നല്‍കി ആദരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ ലൈവായി സ്ഥാനചിഹ്നങ്ങളും മറ്റും സ്വീകരിക്കുന്ന ദൃശ്യം ലഭിക്കാത്തതിനാലോ, അസൂയകൊണ്ടോ ആവാം വ്യാജ വാര്‍ത്തയാണ് ഇതെന്ന് ചിലര്‍ പ്രചരിപ്പിച്ചതെന്ന് റഫീഖ് സൂചിപ്പിച്ചു. ജിദ്ദയിലെ കൊര്‍ണീഷിനടുത്തുള്ള തന്റെ വില്ലയിലെ മജ്‌ലിസിലിരുന്ന് ശൈഖ് റഫീഖ് സംസാരത്തിന് തുടക്കം കുറിച്ചതും അതേക്കുറിച്ചുള്ള തന്റെ വേദന പങ്കിട്ടുകൊണ്ടായിരുന്നു.
''എനിക്കെന്താ തലക്ക് വെളിവില്ലേ, പെട്ടെന്നൊരു ദിവസം ഒരു രാജ്യത്തിന്റെ കേണലായി എന്നെ നിയമിച്ചിരിക്കുന്നു എന്നു തട്ടിവിടാന്‍. അങ്ങനെ പറഞ്ഞത് വാര്‍ത്തയായാല്‍ പുറത്തിറങ്ങാന്‍ പറ്റുമോ. പിടിച്ച് അകത്തിടില്ലേ. കള്ളം പറഞ്ഞിട്ട് എനിക്ക് എന്തു നേടാനാണ്. ഇതുവരെ എത്തിയത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ടാണ്''.
കിര്‍ഗിസ്ഥാനില്‍ വിദേശ നിക്ഷേപം ക്ഷണിക്കുന്ന കാലമായിരുന്നു അത്. നിക്ഷേപകര്‍ മുതല്‍മുടക്കിന്റെ നിശ്ചിത ശതമാനം നികുതി അടക്കണം എന്ന വ്യവസ്ഥയിലായിരുന്നു പദ്ധതി. പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ പാകപ്പിഴവ് ഉണ്ടെന്നെനി ക്ക് തോന്നി. ഈ വ്യവസ്ഥ റദ്ദാക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതിനു വിശദീകരണവും നല്‍കി. ഹോസ്പിറ്റലും ഹോട്ടലും സ്റ്റേഡിയവും തുടങ്ങുവാന്‍ വരുന്ന നിക്ഷേപകര്‍ അവരുടെ രാജ്യത്തേക്ക് അത് തിരികെ കൊണ്ടുപോകില്ല. അതു കൊണ്ട് തന്നെ ഇവിടെ നിക്ഷേപം ഇറക്കി കുറേകാലത്തിനു ശേഷം നികുതി ഏര്‍പ്പെടുത്തുന്നതാണ് നല്ലത് എന്ന അഭിപ്രായം ഞാന്‍ മുന്നോട്ടുവച്ചു. അതിന് പൊതു സ്വീകാര്യത കിട്ടി. പ്രസിഡന്റ് വാക്യബ് എന്നെ പ്രത്യേകം അഭിനന്ദിക്കുകയും അവിടെ വച്ചു തന്നെ പ്രധാന ഉപദേഷ്ടാവായി നിയമിക്കുകയുമായിരുന്നു.
പ്രായോഗികതയാണ് എന്റെ ജീവിതനിരീക്ഷണത്തിന്റെ അടിസ്ഥാനം. വലിയ സ്വപ്നങ്ങള്‍ കണ്ട് അതിലേക്ക് ചിറകുവിരിച്ച് പറക്കാനല്ല മറിച്ച് യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് ജീവിതവിജയം കരസ്ഥമാക്കുവാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.
സഊദി അറേബ്യയിലും ബഹ്‌റൈനിലും മാത്രമല്ല ഏതാണ്ട് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മധ്യപൗരസ്ത്യദേശത്തെ മറ്റു രാജ്യങ്ങളിലും കിര്‍ഗിസ്ഥാന്റെ എംബസികള്‍ തുറക്കുന്നതില്‍ നി ര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. കിര്‍ഗിസ്ഥാന്റെ രാഷ്ട്രീയവും വാണിജ്യപരവുമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്റെ കഴിവുകളും പരമാവധി ഉപയോഗിക്കാന്‍ സാധിച്ചതും തൃപ്തിനല്‍കുന്ന കാര്യമാണ് . കിര്‍ഗിസ്ഥാനില്‍ അഞ്ച് ദശലക്ഷത്തോളം മുസ്‌ലിംകള്‍ ഉണ്ട്. ഹജ്ജ് ക്വാട്ട അനുവദിക്കുന്നതിലും സഊദി അറേബ്യ ഉദാരമായ സമീപനമാണ് ആ രാജ്യത്തോട് സ്വീകരിച്ചിട്ടുള്ളത്. സ്ഥാനപതിയായിരുന്നപ്പോഴും ഇപ്പോഴും ആ രാജ്യത്തെ രാജകുടുംബാംഗങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നതും ദൈവാനുഗ്രഹമെന്നും സംസാരിച്ചു പിരിയവേ ശൈഖ് റഫീഖ് പറഞ്ഞു.
അതിഥികളായി ആര് ചെന്നാലും മനസും വയറും നിറച്ചേ ഈ കോഴിക്കോട്ടുകാരന്‍ പറഞ്ഞയക്കാറുള്ളൂ. രസകരമായ ഉപമകള്‍ ഉള്‍പ്പെടുത്തിയുള്ള സംസാരം തന്നെയാവണം ഏവരുടെയും പ്രിയങ്കരനാവാന്‍ സഹായകമായത്. ഇന്ത്യക്ക് പുറത്ത് ഉന്നതപദവി ലഭിക്കുന്ന മലയാളികളില്‍ പ്രമുഖനായാണ് ശൈഖ് റഫീഖിനെ കണക്കാക്കുന്നത്. ആറടി ഉയരവും ഒത്തശരീരവുമുള്ള ഈ മനുഷ്യനോട് അടുക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും എളിമ തെളിയുന്ന ആ പെരുമാറ്റ രീതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."