സ്വന്തം വീടെന്ന നബീസുമ്മയുടേയും മകന്റെയും സ്വപ്നങ്ങള്‍ക്ക് നിറംവെച്ചു തുടങ്ങി
വടക്കഞ്ചേരി: കാരയങ്കാട് പള്ളിവീട്ടില്‍ നബീസുമ്മയുടേയും മകന് അഷറഫിന്റേയും സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് തുടങ്ങിയിരിക്കുന്നു. തന്റെ കാലശേഷം ആരേയും ഭയക്കാതെ പൊന്നുമോന്റെ ജീവിതം അടച്ചുറപ്പുള്ള ഒരു വീട്ടിലായിരിക്കണമെന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള ചിതലരിച്ച ഒരു സ്വപ്നമാണ് ഇപ്പോള്‍ യഥാര്ഥ്യമായിക്കൊണ്ടിരിക്കുന്നത്. പ്രവാസ ലോകത്തെ നന്മയുടെ പ്രതീകം ഫാസില്‍ മുസ്തഫയുടെ നേതൃത്വത്തിലാണ് ഈ സ്വപ്നം സഫലീകരിച്ചു നല്‍കുന്നത്. ജന്മനാ ശ്രവണ ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട മകന് അഷറഫുമായി 30 വര്‍ഷത്തോളം പഴക്കമുള്ള മണ്‍ചുമരുകള്‍ കൊണ്ട് നിര്‍മിച്ച ഏത് സമയവും തകര്‍ന്നു വീഴാവുന്ന ചിതലരിച്ച മേല്‍ക്കൂരക്ക് കീഴിലാണ് നബീസുമ്മ ഏതാനം മാസംമുമ്പ് വരെ ഭീതിയോടെ ജീവിതം തള്ളിനീക്കിയത്. ഇവരുടെ ഭത്താവ് അസീസ് രണ്ട് വര്‍ഷം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. ബീഡി തെറുപ്പ് തൊഴിലാളിയായിരിക്കേ തളര്‍വാതം പിടിപെട്ട് വര്‍ഷങ്ങളോളം ശരീരം തളര്‍ന്ന് കിടന്ന ശേഷമാണ് അസീസ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വേര്‍പാടും പ്രായത്തിന്റെ അവശതകളും രോഗങ്ങളും നബീസുമ്മയെയും വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ് തന്റെ ജീവന്റെ ജീവനായ മകനെ വിട്ട് പിരിയും മുമ്പ് സുരക്ഷിതമായ ഒരു ഭവനത്തിലിരുത്തണമെന്ന സ്വപനം ഉടലെടുത്തത്. ഇതിനായി പല വാതിലുകള്‍ മുട്ടിയെങ്കിലും എവിടേയും നന്മയുടെ വാതിലുകള്‍ തുറന്നില്ല. രേഖകളിലെ പ്രശ്നങ്ങളും, സ്ഥലപരിമിതിയും ഭവനമെന്ന സ്വപ്നത്തില്‍ വില്ലനായി മാറുകയായിരുന്നു.
പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തകനും വടക്കഞ്ചേരി മാണിക്കപ്പാടം സ്വദേശിയുമായ ഫാസില്‍ മുസ്തഫ കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോഴാണ് നബീസുമ്മയുടെ ദുരിത ജീവിതങ്ങളും സങ്കടങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ നിരവധി നല്ല മനസ്സുകളായ സുഹൃത്തുക്കളും ഫാസിലിന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കൂടേ കൂടുകയായിരുന്നു. രേഖകളിലെ പാകപിഴവുകളെല്ലാം ശരിയാക്കി ചിതലരിച്ച വീട് പൊളിച്ച് മാറ്റി പുതിയ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്വ്വഹിച്ചുശേഷമാണ് ഫാസില്‍ മുസ്തഫ വീണ്ടും പ്രവാസ ലോകത്തേക്ക് മടങ്ങിയത്. സണ്‍ സൈഡ് വാര്‍ക്കലിന്റെ ഘട്ടത്തിലാണ് ഇപ്പോള്‍ വീടിന്റെ നിര്‍മ്മാണം എത്തിയിരിക്കുന്നത്. ഫാസിലിന് പൂര്‍ണ്ണ പിന്തുണയുമായി വടക്കഞ്ചേരി മുഹിയുദ്ദീന് ഹനഫി ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും നാട്ടിലെ സുഹൃത്തുക്കളും മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ട്. ഒപ്പം നബീസുമ്മയുടെ അയല്‍വാസികളും. 6 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന 500 സ്ക്വര്‍ ഫീറ്റ് വരുന്ന ഭവനം എഞ്ചിനീയര്‍ ബി വത്സന്റെ നേതൃത്വത്തില്‍ കുന്നത്ത് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ് നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. ഇതിലേക്കാവശ്യമായ ഇലക്ട്രിക്കല്‍ പ്ലംബിംഗ് വര്‍ക്കുകള്‍ കാരയന്‍ങ്കാട് പടിഞ്ഞാറേക്കളം ആഷിക്കാണ് ചുരുങ്ങിയ ചെലവില്‍ നടത്തുക. ഡിസംബറോടെ നാട്ടിലെത്തി ഉദ്ഘാടനം നടത്താനാണ് ആഗ്രഹമെന്നും ഫാസില്‍ മുസ്തഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."