'തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചൗക്കിദാര്‍ ജയിലില്‍'-മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
നാഗ്പുര്‍: അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാറെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നലുടന്‍ ചൗക്കിദാര്‍ മോദിക്ക് ജയിലില്‍ പോവേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നാലുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നേരിടേണ്ടി വരുമെന്നും, ചൗക്കിദാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ജയിലിലേക്ക് പോകേണ്ടിയും വരും'- രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ സര്‍ക്കാറിനു കീഴില്‍ അഴിമതിയും, തൊഴിലില്ലായ്മയും, കാര്‍ഷിക പ്രതിസന്ധിയും വര്‍ധിച്ചെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
'മോദി സര്‍ക്കാര്‍ 550 കോടി രൂപ വിലയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ 1600 കോടി രൂപയാണ് നല്‍കിയാണ് വാങ്ങിയത്. മോദി നേരിട്ട് ഫ്രഞ്ച് സര്‍ക്കാറുമായി ഇടപെടുകയായിരുന്നു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് ഇതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. കരാറില്‍ തിരിമറി നടന്നു എന്ന് പരീക്കറിന് സംശയമുണ്ടായിരുന്നു' രാഹുല്‍ പറയുന്നു.
അനില്‍ അംബാനി, മെഹുല്‍ ചോസ്‌കി, ഗൗതം അദാനി തുടങ്ങിയവരോട് മോദിക്ക് പ്രത്യേക അടുപ്പമായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 'അവര്‍ കോടിക്കണക്കിന് രൂപയും കൊണ്ടാണ് കടന്നു കളഞ്ഞത്. മോദി അവരെ ഭായ് എന്നാണ് വിശേഷിപ്പിക്കുന്നത്. തന്നെ ഒരു കാവല്‍ക്കാരനാക്കൂ എന്നാണ് മോദി ആവശ്യപ്പെടുന്നത്, പ്രധാമന്ത്രി ആക്കാനല്ല. തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ഉണ്ടാവും, ചൗക്കിദാര്‍ ജയിലില്‍ പോവുകയും ചെയ്യും' രാഹുല്‍ പറഞ്ഞു.
'20 കോടി കര്‍ഷകര്‍ക്ക് 72,000 രൂപ ഓരോ വര്‍ഷവും ലഭ്യമാക്കുക എന്നതാണ് തന്റെ സ്വപ്നം. അര്‍ജുനന്‍ പകഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പോലെ എന്റെ കണ്ണുകള്‍ ഈ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അക്കൊണ്ടില്‍ 15 ലക്ഷം എത്തിക്കുമെന്ന് ഞാന്‍ പറയില്ല. കാരണം കള്ളങ്ങളുടെ ആയുസ്സ് പരിമിതമാണ്. രണ്ടു മൂന്നു മാസത്തിനപ്പുറം അത് പോവില്ല. 15 ഓ 20 ഓ കൊല്ലം നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കണമെന്നാണ് എന്റെ ആഗ്രഹം'- രാഹുല്‍ പറഞ്ഞു.
എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യം. എവിടെ നിന്നാണ് പണം വരികയെന്ന് ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നു. പതജ്ഞലിക്ക് ഭൂമി നല്‍കിയപ്പോഴും അമ്പാനിക്ക് കോടികളുടെ കോണ്‍ട്രാക്ട് നല്‍കിയപ്പോഴും അവര്‍ പണത്തെ കുറിച്ച് ചോദിച്ചില്ല്. എന്നാല്‍ പണം അംബാനിയുടേയും നീരവ് മോദിയുടേും ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."