മതികെട്ടാനില്‍ മൂന്നംഗ നായാട്ട് സംഘം പിടിയില്‍
തൊടുപുഴ : മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിനു സമീപം ഞണ്ടാറില്‍ നിന്നും മൂന്നംഗ നായാട്ട്‌സംഘത്തെ ലൈസന്‍സ് ഇല്ലാത്ത തോക്ക് സഹിതം വനപാലകര്‍ പിടികൂടി. ശാന്തന്‍പാറ മേവക്കാട്ട് പ്രസാദ്(54),കാന്തിപ്പാറ ഉപ്പുകണ്ടത്തില്‍ ബൈജു(43),കോടനാട് ഒക്കല്‍ പാറയില്‍ സജി(45) എന്നിവരാണു ചോല നാഷണല്‍ പാര്‍ക്ക് അസ്സിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കെ.ഇ സിബി, മതികെട്ടാന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘത്തിന്റെ പിടിയിലായത്.
സ്വാഭാവിക ആവസകേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് കാട്ടാനകള്‍ കുട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങി നാശം സൃഷ്ടിക്കുന്നത് ഉള്‍വനങ്ങളില്‍ നായാട്ട് സംഘങ്ങളുടെ ഉള്‍പ്പെടെയുള്ള മനുഷ്യ സാന്നിദ്ധ്യം മൂലമാണെന്ന് വനപാലകരില്‍ സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ബീറ്റുകള്‍ സംയുക്തമായി അസമയങ്ങളില്‍ ദേശീയോദ്യാനത്തിനുള്ളിലും, പരിസര പ്രദേശങ്ങളിലും പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ നടന്ന പരിശോധനയിലാണു ദേശീയോദ്യാനത്തിനു അര കിലോമീറ്റര്‍ താഴെ ഞണ്ടാര്‍മെട്ടില്‍ വച്ച് ചോലവനത്തിന്റെ ഉള്ളിലേയ്ക്ക് വേട്ടക്കായി പോകുകയായിരുന്ന സംഘത്തെ കണ്ടെത്തി പിടികൂടിയത്.ലൈസന്‍സ് ഇല്ലാത്ത തോട്ടാക്കുഴലും, തോട്ടകളും, വാക്കത്തി,തുടങ്ങിയ ഉപകരണങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."