തൂക്കിലേറണം ഈ കഴുകന്മാര്‍
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ അതിക്രൂരന്മാരായ പ്രതികള്‍ ഒരു തരത്തിലുള്ള ദാക്ഷിണ്യവും ദയയും അര്‍ഹിക്കുന്നില്ലെന്നു പരമോന്നത നീതിപീഠവും വ്യക്തമാക്കിയിരിക്കുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷ നേരത്തേ ഹൈക്കോടതി അംഗീകരിച്ചിരുന്നു. അതിനെതിരേ പ്രതികളില്‍ മൂന്നുപേര്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയും തള്ളപ്പെട്ടിരിക്കുകയാണ്. മനുഷ്യത്വരഹിതമായ അതിക്രൂരതകളില്‍ നിന്നു നാടിനു രക്ഷവേണമെന്നാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ വിധി.
സ്ത്രീസംരക്ഷണം ഉറപ്പുവരുത്തുമെന്ന് ആവര്‍ത്തിച്ചു പ്രതിജ്ഞയെടുക്കുന്ന ഈ നാട്ടില്‍ സ്ത്രീത്വം വഴിയോരത്തു കടിച്ചുകീറപ്പെട്ടുകൊണ്ടിരിക്കുന്നതാണ് അനുദിനം കാണുന്നത്. കാമഭ്രാന്തു ബാധിച്ചവര്‍, നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മേഖലകളിലും സ്ഥാനങ്ങളിലുംപോലുമുണ്ടെന്ന സത്യം വാര്‍ത്തകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വ്യക്തമായ തെളിവുകള്‍ നിരത്തപ്പെട്ടിട്ടും അവരില്‍ സ്വാധീനമുള്ളവര്‍ വാദികളെ പ്രതികളാക്കി രക്ഷപ്പെടുന്ന വിചിത്രവും ദയനീയവുമായ കാഴ്ചയും കാണേണ്ടിവരുന്നു.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിനു ഉത്തരങ്ങള്‍ പലതുണ്ടായേയ്ക്കാം. അതില്‍, ഒരുത്തരം തീര്‍ച്ചയായും നിഷേധിക്കാനാവില്ല. എത്ര കൊടിയ ക്രൂരത കാണിച്ചാലും ഇവിടെ നിയമത്തിന്റെ പഴുതോ പണത്തിന്റെ ബലമോ ഒക്കെ ഉപയോഗിച്ചു രക്ഷപ്പെടാനാകുമെന്ന തോന്നലാണ് അക്രമികളെ വീണ്ടും വീണ്ടും ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ സഹായിക്കുന്നത്.
കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ സത്യം തമസ്‌കരിക്കാനും കുറ്റവാളികളെ രക്ഷിക്കാനുമുള്ള പഴുതുകള്‍ അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കപ്പെടുന്നു. ക്രൂരതയുടെ കാര്യത്തില്‍ ഡല്‍ഹിയിലെ നിര്‍ഭയ കേസിനു സമാനമായ സൗമ്യക്കേസിന്റെ അവസ്ഥ നോക്കൂ. വിചാരണക്കോടതിയും ഹൈക്കോടതിയും തൂക്കിക്കൊല്ലാന്‍ വിധിച്ച ഗോവിന്ദച്ചാമിക്കു വധശിക്ഷ നല്‍കാന്‍ ആവശ്യമായ തെളിവുകളില്ലെന്ന നിഗമനത്തിലാണു പരമോന്നത നീതിപീഠം എത്തിയത്.
ഇതിന്റെ പേരില്‍ സമൂഹം സുപ്രിംകോടതിക്കെതിരേ തിരിഞ്ഞു. അട്ടിമറി സംഭവിച്ചത് എവിടെയെന്ന് ആരും പരിശോധിച്ചില്ല. സൗമ്യയുടെ മരണത്തിനു കാരണമായ തലയിലെ മുറിവുണ്ടായതു ട്രെയിനില്‍നിന്നുള്ള വീഴ്ചയില്‍നിന്നാണെന്നും അതേസമയം, സൗമ്യയെ തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്നു സംശയലേശമെന്യേ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നുമാണു സുപ്രിംകോടതി നിരീക്ഷിച്ചത്.
അതു ശരിയായ നിരീക്ഷണമായിരുന്നു. കാരണം, കുറ്റപത്രത്തില്‍ പൊലിസ് അത്തരമൊരു അബദ്ധം വരുത്തിയിരുന്നു. ഒരു പെണ്‍കുട്ടി ട്രെയിനില്‍നിന്നു ചാടുന്നതു കണ്ടെന്നു തങ്ങളുടെ കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍നിന്ന ഒരാള്‍ പറഞ്ഞതായി രണ്ടുപേരുടെ സാക്ഷിമൊഴിയുണ്ട്. അപ്പോഴും, ദൃക്‌സാക്ഷിയെ കണ്ടെത്തി അയാള്‍ കണ്ടതു ചാടലോ വീഴ്ചയോ എന്നുറപ്പു വരുത്താന്‍ പൊലിസിനായില്ല. ചാടലും തള്ളിയിടലും രണ്ടാണ്. സ്വാഭാവികമായും സംശയത്തിന്റെ ആനുകൂല്യം പ്രതിക്കു ലഭിക്കും. ഗോവിന്ദച്ചാമി അങ്ങനെ തൂക്കുകയറില്‍നിന്നു രക്ഷപ്പെട്ടു.
അത്തരം പാളിച്ചകളും വീഴ്ചകളുമൊന്നുമില്ലാതെ സുശക്തമായ കുറ്റപത്രം തയാറാക്കിയന്നതാണു നിര്‍ഭയക്കേസിന്റെ പ്രത്യേകത. അതിനാല്‍, പ്രതികള്‍ക്കു നല്‍കേണ്ട സംശയത്തിന്റെ ആനുകൂല്യത്തെക്കുറിച്ചു വിചാരണക്കോടതിക്കും ഹൈക്കോടതിക്കും സുപ്രിംകോടതിക്കും ചിന്തിക്കേണ്ടി വന്നതേയില്ല. ദയാഹര്‍ജി പോലുള്ള നടപടി ക്രമങ്ങളിലും 'ആനുകൂല്യം' ലഭിക്കാതിരുന്നാല്‍ ഈ നരാധമന്മാര്‍ തൂക്കിലേറ്റപ്പെടും.
ഡല്‍ഹിയില്‍ നടന്നതുപോലുള്ള കൂട്ടമാനഭംഗങ്ങളും കൊലയും ഓര്‍ക്കാപ്പുറത്തു സംഭവിക്കുന്നതല്ല. കൊടുംക്രിമിനല്‍ തികച്ചും ആസൂത്രിതമായി നടപ്പാക്കുന്ന കണ്ണില്‍ച്ചോരയില്ലായ്മയാണ്. രാജ്യതലസ്ഥാനത്തു ബസ്സു കയറാന്‍ റോഡരുകില്‍നിന്ന പെണ്‍കുട്ടിയെയും അവളുടെ സുഹൃത്തിനെയും റൂട്ടിലോടുന്ന ബസ്സെന്ന വ്യാജേന അതില്‍ കയറ്റിക്കൊണ്ടുപോയാണ് ഇത്രയും കുടിലവും ക്രൂരവുമായ പാതകം ചെയ്തത്. അതിലെ പ്രായപൂര്‍ത്തിയാകാത്ത ക്രിമിനലാണ് ഏറ്റവും കൂടുതല്‍ ക്രൂരമായി പെരുമാറിയതെന്നായിരുന്നു വാര്‍ത്ത.
ദിവസങ്ങളുടെ വ്യത്യാസം പ്രായത്തിലുണ്ടെന്ന നിയമത്തിന്റെ ആനുകൂല്യത്തില്‍ അവന്‍ മുഖ്യകേസില്‍നിന്നു രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള നിയമസംവിധാനത്തില്‍ കുറഞ്ഞകാലത്തെ ശിക്ഷകിട്ടിയ അവന്‍ ഇപ്പോള്‍ അഴികള്‍ക്കു പുറത്താണ്. കുറച്ചുനാളത്തെ അഴികള്‍ക്കുള്ളിലെ താമസം അവന്റെ സ്വഭാവം മാറ്റിയിട്ടുണ്ടാകില്ലെന്നുറപ്പ്. കൂടുതല്‍, ക്രൂരമായ കുറ്റം ചെയ്യാന്‍ പാകത്തില്‍ അവന്‍ വളര്‍ന്നു കഴിഞ്ഞിരിക്കും.
അതിക്രൂരമായ കുറ്റകൃത്യം ചെയ്തവര്‍ക്ക് അതിനിശിതമായ ശിക്ഷതന്നെ ലഭിക്കണം. ആ ശിക്ഷയെക്കുറിച്ചു സമൂഹത്തില്‍ പരമാവധി പ്രചാരം കൊടുക്കുകയും വേണം. ഇത്തരത്തിലുള്ള ക്രൂരത ചെയ്യാന്‍ തുനിയുമ്പോള്‍ ഒരു ഉള്‍ഭയമെങ്കിലും അതിലൂടെ മറ്റുള്ളവര്‍ക്കുണ്ടാകും. എന്തു ചെയ്താലും ഒന്നും സംഭവിക്കില്ലെന്ന മട്ടിലേയ്ക്കു നമ്മുടെ നാടു വളര്‍ന്നിരിക്കുന്നു. അതിന്റെ തെളിവാണ് ഒന്നിനു പിന്നാലെ മറ്റൊന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രൂരമായ സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും.
ഡല്‍ഹി പീഡനവും കൊലയും നടന്നിട്ട് എട്ടുവര്‍ഷമാകാറായി. അതിനുശേഷം അതുപോലെ, അതിലും ക്രൂരമായ എത്രയെത്ര സംഭവങ്ങള്‍. കേരളത്തിലെ ജിഷയുടെയും കത്വയിലെ എട്ടുവയസ്സുകാരിയുടെയും നേരേ നടന്ന ക്രൂരതകള്‍ ഉള്‍പ്പെടെ എത്രയെത്ര സംഭവങ്ങള്‍. കത്വ പെണ്‍കുട്ടിക്കു മരണത്തിനു മുമ്പ് അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനത്തിന്റെ വിവരണം മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
എന്നിട്ടും ഇത്തരത്തിലുള്ള കേസിലും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണു പല കോണുകളില്‍നിന്നും ഉണ്ടാകുന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ നിയമം കുറ്റവാളിക്കു നേരേ ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്നു പ്രഖ്യാപിക്കുന്ന ഇത്തരം വിധികള്‍ നന്മയാഗ്രഹിക്കുന്ന സമൂഹത്തിന് ഏറെ ആശ്വാസകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."