കടല്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ സി.എം.എഫ്.ആര്‍.ഐയുടെ ജി.ഐ.എസ് ഡാറ്റാബേസ്
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വഴിത്തിരിവായേക്കാവുന്ന സാങ്കേതിക വിദ്യയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന മീന്‍പിടുത്ത കേന്ദ്രങ്ങളുടെയും മീന്‍പിടിക്കാന്‍ അനുവദിക്കപ്പെട്ട ദൂരപരിധികളുടെയും ഭൂമിശാസ്ത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഭൂവിവര വിനിമയ സാങ്കേതിക വിദ്യ (ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം- ജി.ഐ.എസ്.) ഉപയോഗിച്ചുള്ള ഡാറ്റാബേസ് ആണ് സി.എം.എഫ്.ആര്‍.ഐ വികസിപ്പിച്ചത്.
കടലില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഈ വിവരസമാഹാരം സി.എം.എഫ്.ആര്‍.ഐ നാവിക സേനയ്ക്ക് കൈമാറിയിട്ടുണ്ട്. സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ ദക്ഷിണ നാവികേസന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍ കാര്‍വെക്ക് ഡാറ്റാബേസ് കൈമാറി. ഇന്ത്യയിലെ 1278 മീന്‍പിടിത്ത കേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സമുദ്രപരിധിയുടെ വിവരങ്ങളും മത്സ്യബന്ധന യാനങ്ങള്‍ സഞ്ചരിക്കുന്ന പാതകളും സി.എം.എഫ്.ആര്‍.ഐ തയാറാക്കിയ ജി.ഐ.എസ് ഡാറ്റാബേസില്‍ ലഭ്യമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മീന്‍പിടിത്തം സീസണുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഏതൊക്കെ സമയങ്ങളില്‍ രാജ്യത്തിന്റെ ഏതൊക്കെ കടല്‍തീരങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നുണ്ടെന്നും വിവിധ തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ എത്രദൂരം കടലില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും ഇതിലൂടെ മനസിലാക്കാം.
ഇതുപയോഗിച്ച്, ഇന്ത്യന്‍ തീരങ്ങളില്‍ ഏതൊക്കെ കടല്‍ പ്രദേശങ്ങളിലാണ് മീന്‍പിടിത്തം നടക്കുന്നതെന്ന് നിരീക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ സഞ്ചാരപഥങ്ങള്‍ മറ്റ് കപ്പലുകള്‍ക്കും നാവികര്‍ക്കും കൈമാറാനും സാധിക്കും.
സി.എം.എഫ്.ആര്‍.ഐയിലെ 22 ശാസ്ത്രജ്ഞരും 85 മറ്റ് ജീവനക്കാരും ഉള്‍പ്പെടുന്ന ഗവേഷണ സംഘമാണ് ഈ ഡാറ്റാബേസ് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."