ലോഫ്‌ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്; കോര്‍പറേഷന് പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി: കേരള അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ(കെ.യു.ആര്‍.ടി.സി) എ.സി ലോഫ്‌ളോര്‍ ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്ത്. ആകെയുള്ള ബസുകളുടെ പകുതിയില്‍ താഴെയും ഓടാന്‍ സാധിക്കാത്ത നിലയിലാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, കൊല്ലം, ആലുവ ഡിപ്പോകളിലായി 76 ബസുകളാണ് കട്ടപ്പുറത്തുള്ളത്.
വോള്‍വോയുടെ എ.സി ലോഫ്‌ളോര്‍ ബസുകളാണ് കെ.യു.ആര്‍.ടി.സി സര്‍വിസിന് വാങ്ങിയിരിക്കുന്നത്. ഒരു ബസിന് ഒരുകോടി രൂപയോളമാണ് വില.
ഈ ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഏജന്‍സിക്ക് കൊടുക്കാനുള്ള കോടിക്കണക്കിന് രൂപ കുടിശികയായതോടെയാണ് ബസുകള്‍ കട്ടപ്പുറത്തായത്. ഇതോടെ അറ്റകുറ്റപ്പണിക്കുള്ള സ്‌പെയര്‍ പാര്‍ട്‌സുകള്‍ നല്‍കുന്നത് കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ്.
ബസുകള്‍ കട്ടപ്പുറത്തായതോടെ കോര്‍പറേഷന്റെ വരുമാനത്തിലും വന്‍ ഇടിവാണ് നേരിട്ടിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം ഡിപ്പോകളിലെ എ.സി ബസുകളുടെ പ്രതിദിന കളക്ഷന്‍ 50,000 രൂപക്ക് അടുത്തായിരുന്നത് 20,000 രൂപയായി. വേനല്‍ കടുത്തതോടെ എ.സി ലോഫ്‌ളോര്‍ ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ദീര്‍ഘ ദൂര യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഈ ബസുകളെയാണ്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് 24 എണ്ണം.
എറണാകുളത്ത് 22 ബസുകള്‍ കട്ടപ്പുറത്താണ്. നിസാര പ്രശ്‌നങ്ങള്‍ മാത്രമാണ് മിക്ക ബസുകള്‍ക്കുമുള്ളത്. എന്നാല്‍ ഇത് ശരിയാക്കാത്തതിനാല്‍ എന്‍ജിനും എ.സിയുമുള്‍പ്പെടെയുള്ളവയ്ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന കെ.എസ്.ആര്‍.ടി.സിക്ക് അല്‍പ്പമെങ്കിലും കുതിപ്പുണ്ടായത് ലോഫ്‌ളോറുകളുടെ വരവോടെയായിരുന്നു. എന്നാല്‍ ഇന്ന് ഇത് കോര്‍പറേഷന് ബാധ്യതയായി മാറിയിരിക്കുകയാണ്.
എ.സി ലോഫ്‌ളോര്‍ ബസുകള്‍ എങ്ങിനെ പരിപാലിക്കണമെന്നതിനെക്കുറിച്ച് കോര്‍പറേഷന് ഇപ്പോഴും വ്യക്തമായ ധാരണയില്ലാത്തതാണ് പ്രധാന പ്രശ്‌നം. ബസുകളുടെ എന്‍ജിന്‍ ഭാഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ടെക്‌നിഷ്യന്‍മാരുടെ അഭാവം കോര്‍പറേഷന് തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."