ഡല്‍ഹി വംശഹത്യയില്‍ മുസ്ലിം യുവാവിന്റെ ശരീരത്തില്‍ ബോംബ് വച്ചുകെട്ടി കൊലപ്പെടുത്തിയെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയ്ക്കിടെ അന്‍വര്‍ കാസിം എന്ന യുവാവിനെ സംഘ്പരിവാര്‍ ശരീരത്തില്‍ ബോംബ് വച്ചുകെട്ടി പൊട്ടിച്ച് ശരീരം ചിതറിച്ച് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.
ഡല്‍ഹി വംശഹത്യയ്ക്കിടെ മുസ്്‌ലിംകള്‍ക്കെതിരേ വ്യാപകമായി ബോംബുകള്‍ ഉപയോഗിച്ചത് സംബന്ധിച്ച് കാരവാന്‍ മാഗസില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലുള്ളത്. തന്റെ കട തകര്‍ക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് അന്‍വറിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ സലിം കൗസര്‍ പൊലിസില്‍ നല്‍കിയ മൊഴിയുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കാരവാന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ഫെബ്രുവരി 25ന് കാലത്ത് ഒന്‍പതിന് വീടിന് താഴെ നിലയിലുള്ള കടയിലെത്തിയതായിരുന്നു. പൊടുന്നനെ ബി.ജെ.പി നേതാക്കളായ കപില്‍ മിശ്രയ്ക്കും ജഗദീഷ് പ്രദാനും മുദ്രാവാക്യം വിളിച്ചു ആയുധങ്ങളുമായി സംഘം അവിടെയെത്തിയെന്ന് സലീമിന്റെ മൊഴിയില്‍ പറയുന്നു. അവര്‍ കടയും വീടും തകര്‍ക്കാന്‍ തുടങ്ങി. സഹോദരന്‍ അന്‍വര്‍ കാസിം അവരെ തടയാന്‍ ശ്രമിച്ചു. അവര്‍ അവനെ മര്‍ദിക്കാന്‍ തുടങ്ങി. വീട്ടിനുള്ളില്‍ നിന്ന് ഭാര്യയും കുട്ടികളും നിലവിളിക്കുന്നുണ്ടായിരുന്നു. അവരെയും കൂട്ടി അടുത്തുള്ള ഹിന്ദു വീട്ടില്‍ അഭയം തേടി. അവിടെ നിന്ന് എല്ലാം കാണാമായിരുന്നു.
കാസിമിനെ അവര്‍ അടിച്ചു നിലത്തിട്ടിരുന്നു. ബാക്കിയുള്ളവര്‍ കട കൊള്ളയടിച്ചു. അടുത്തുള്ള വാഹനം കത്തിച്ചു. അവരില്‍ ഒരാള്‍ കാസിമിന് നേരെ രണ്ടു തവണ വെടിവച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ബോംബെടുത്ത് ശരീരത്തില്‍ കെട്ടിയശേഷം പെട്ടെന്നുതന്നെ ഓടി മറവില്‍ നിന്നു. ബോംബ് പൊട്ടി അവന്റെ ശരീരം ചിതറിത്തെറിക്കുന്നത് താന്‍ കണ്ടുവെന്നും സലീം പരാതിയില്‍ പറഞ്ഞു.
അവനെ വെടിവയ്ക്കുന്നതിന് മുന്‍പുതന്നെ കാലില്‍ ബോംബ് വച്ചു കെട്ടാന്‍ അവര്‍ ശ്രമിച്ചിരുന്നു. അരുതെന്ന അവരോട് അവന്‍ കൈകൂപ്പി കെഞ്ചി. അതോടെ ഹെല്‍മറ്റ് വച്ച ഒരാള്‍ അവനെ വെടിവച്ചു. തുടര്‍ന്നാണ് ബോംബ് കെട്ടിവച്ചു പൊട്ടിച്ചത്. അന്‍പതിലധികം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സലിം കാസര്‍ പറഞ്ഞു.
27ന് തന്നെ ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
മാര്‍ച്ച് 9ന് പൊലിസ് ഹെല്‍പ് ഡെസ്‌കില്‍ ചെന്ന് വീണ്ടും പരാതി നല്‍കി. എന്നാല്‍ സഹോദരനെ വെടിവച്ചയാളുടെ പേര് തെറ്റായാണ് രേഖപ്പെടുത്തിയത്. സഞ്ജുവെന്നയാളാണ് വെടിവച്ചതെന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ സഞ്ജു തോക്കുമായി സംഘത്തിലുണ്ടായിരുന്നു. വെടിവച്ചത് ലോക്പത്ത് എന്ന മറ്റൊരാളാണ്. കേസില്‍ അഞ്ചു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അക്രമികള്‍ കൂടുതല്‍ പേരുണ്ടായിരുന്നുവെന്നും സലിം കാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."