കൊവാക്‌സിന്‍ പരീക്ഷണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്
എവിടെയും ശ്രദ്ധിക്കപ്പെടാനായിരിക്കും ഓരോ രാഷ്ട്രീയ നേതാവും ആഗ്രഹിക്കുന്നത്. മരണവീട്ടില്‍ ശവമായി കിടക്കാനും വിവാഹവീട്ടില്‍ മണവാളനാകാനും രാഷ്ട്രീയ നേതാക്കള്‍ ആഗ്രഹിക്കുമെന്ന ചൊല്ല് അതിശയോക്തിയല്ല. സമൂഹത്തിനുണ്ടാകുന്ന ഓരോ നേട്ടവും തന്റെ പാര്‍ട്ടിയുടെയോ ഭരണത്തിന്റെയോ മേന്മ കൊണ്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യും. പാര്‍ട്ടിയും താനും നിരന്തരം ശ്രദ്ധാകേന്ദ്രമാവുക എന്നതാണ് ഇതിനുപിന്നിലെ ചേതോവികാരം. കൊവിഡ് കാലത്തെ എങ്ങനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാമെന്ന ചിന്തയിലാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍.
ലോക രാഷ്ട്രങ്ങളെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കൊവിഡ്-19 മഹാമാരിക്കെതിരേ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള മഹായജ്ഞത്തിലാണ് മിക്ക രാജ്യങ്ങളും. ഇതിനിടയിലാണ് ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഓഗസ്റ്റ് 15നു പുറത്തിറക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പ്രസ്താവനയിറക്കിയത്. വാക്‌സിന്‍ പുറത്തിറക്കുന്ന തിയതി ഐ.സി.എം.ആര്‍ കൃത്യമായി പറഞ്ഞതോടെ ഇതിനുപിന്നിലെ രാഷ്ട്രീയം വ്യക്തമായി. ഒരു മാസം കൊണ്ട് മരുന്ന് വിപണിയിലെത്തിക്കുമെന്ന അവകാശവാദത്തെ ശാസ്ത്രലോകം ചോദ്യംചെയ്തതോടെ ഐ.സി.എം.ആര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇതിനുപിന്നിലെ രാഷ്ട്രീയ ദുഷ്ടലാക്കിനെതിരേ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാനും രംഗത്തുവന്നതോടെ വിവാദം കൊഴുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപനം നടത്താനാണ് ഐ.സി.എം.ആര്‍ വിവാദ പ്രസ്താവനയിറക്കിയതെന്നാണ് ഇരുനേതാക്കളും ആരോപിച്ചത്. എന്നാല്‍, 2021നു മുന്‍പ് വാക്‌സിന്‍ തയാറാവുകയില്ലെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയതിലൂടെ ഐ.സി.എം.ആര്‍ രാഷ്ട്രീയ ചട്ടുകമാവുകയായിരുന്നുവോ എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.
വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒന്നേകാല്‍ വര്‍ഷം ഭാരത് ബയോടെക് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്. ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യ (സി.ടി.ആര്‍.ഐ) നല്‍കിയ വിവരങ്ങളിലും വാക്‌സിന്‍ ഫലപ്രാപ്തിക്കായി ഒരുവര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണു പറഞ്ഞത്. പരീക്ഷണത്തിന്റെ നടപടിക്രമമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ ആറുമാസം വേണ്ടിവരുമെന്ന് സി.ടി.ആര്‍.ഐ വ്യക്തമാക്കുമ്പോള്‍ ഐ.സി.എം.ആര്‍ എന്ത് അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 15നു വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്ന് അവകാശപ്പെട്ടത്. കൊവിഡ് വാക്‌സിന്‍ ഓഗസ്റ്റ് പതിനഞ്ചിനുള്ളില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.സി.എം.ആര്‍ ഭാരത് ബയോടെക്കിനു കത്ത് നല്‍കിയതോടെയാണ് മരുന്നു പരീക്ഷണത്തിലെ രാഷ്ട്രീയ ഇടപെടല്‍ പുറത്തായത്. ലോകത്ത് 140 കമ്പനികള്‍ വാക്‌സിന്‍ പരീക്ഷണത്തിലാണ്. ഇതില്‍ ഇന്ത്യയിലെ കൊവാക്‌സിന്‍, സൈക്കോവ് ഡി ഉള്‍പ്പെടെയുള്ള പതിനൊന്ന് കമ്പനികളുമുണ്ട്. 2021നു മുന്‍പ് വാക്‌സിന്‍ തയാറാകുമെന്ന് കൊവാക്‌സിന്‍ ഒഴികെയുള്ള ഒരു കമ്പനിയും അവകാശപ്പെട്ടിട്ടില്ല.
നിരവധി പരീക്ഷണഘട്ടങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയായി മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചതിനു ശേഷം മാത്രമേ വാക്‌സിന്‍ പൊതുവിപണിയിലെത്തിക്കാന്‍ കഴിയൂ. ചൈനയൊഴികെ മറ്റാരും തന്നെ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടില്ല. ചൈന തന്നെ പട്ടാളക്കാരില്‍ മാത്രമാണ് വാക്‌സിന്‍ പരീക്ഷണാര്‍ഥം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ലോകത്തെ കമ്പനികളില്‍ പതിനെട്ടെണ്ണം മാത്രമാണ് മനുഷ്യരിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനുള്ള ഘട്ടത്തിലെത്തിയിരിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യരില്‍ പരീക്ഷണം നടത്തുക അത്യന്തം ഗൗരവമര്‍ഹിക്കുന്ന പ്രക്രിയയാണെന്നാണ്. എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കുക അത്യന്താപേക്ഷിതമാണ്. അതോടൊപ്പം മനുഷ്യരില്‍ പരീക്ഷണം നടത്തുമ്പോള്‍ സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്. സമയബന്ധിതമായി കണ്ടുപിടിക്കാവുന്നതല്ല കൊവിഡ് പോലുള്ള മഹാമാരിയില്‍നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ ഉതകുന്ന വാക്‌സിനുകള്‍.
രാപ്പകല്‍ പരീക്ഷണത്തില്‍ മുഴുകിക്കഴിയുന്ന ശാസ്ത്രജ്ഞര്‍ക്കു മതിയായ സമയവും സംഘര്‍ഷമില്ലാത്ത അന്തരീക്ഷവുമാണ് ഉണ്ടാകേണ്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കാനായി ധൃതിപിടിച്ച് വാക്‌സിന്‍ പുറത്തിറക്കിയാല്‍ അതുണ്ടാക്കിയേക്കാവുന്ന അനര്‍ഥങ്ങള്‍ വലുതായിരിക്കും. ഇതു ഭരണകൂടത്തെ പ്രതിരോധത്തിലാക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്യും. ഇത്തരമൊരു വിപത്ത് മുന്‍കൂട്ടി കണ്ടതുകൊണ്ടായിരിക്കാം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഐ.സി.എം.ആറിന്റെ അവകാശവാദത്തിനെതിരേ രംഗത്തുവന്നിട്ടുണ്ടാവുക. യാഥാര്‍ഥ്യബോധമില്ലാതെ ഭരണകൂട താല്‍പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യജീവന്‍ വച്ചുകൊണ്ടുള്ള ഇടപെടലുകള്‍ ഐ.സി.എം.ആര്‍ പോലുള്ള രാജ്യത്തെ സമുന്നത സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ മാത്രമേ ഉതകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."