ഇടപാടുകാര്‍ക്ക് തിരിച്ചടിയായി മൊറട്ടോറിയം കൊവിഡ് പ്രതിസന്ധിയിലും ബാങ്കുകളുടെ ദ്രോഹനടപടി
കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഇടപാടുകാര്‍ക്ക് തിരിച്ചടിയാവുന്നു. സാമ്പത്തിക ആനുകൂല്യം നല്‍കുന്നതിന് പകരം കൂടുതല്‍ബാധ്യത ഇടപാടുകാരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ് ബാങ്കുകള്‍. ഇതറിയാതെ ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മൊറട്ടോറിയം ആനുകൂല്യം ലഭിച്ചവരാണ് കബളിപ്പിക്കപ്പെടുന്നത്.
മൊറട്ടോറിയം കാലത്തെ പ്രതിമാസ ഗഡുക്കളുടെ തിരിച്ചടവിന് സാവകാശം ലഭിക്കുമെന്നത് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഇതുകൊണ്ടുള്ള നേട്ടം. ഫലത്തില്‍ ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. ഇക്കാലത്തെ പലിശ ഒഴിവാക്കുന്നില്ലെന്ന് മാത്രമല്ല, ഇത് മുതലിനോട് ചേര്‍ത്താണ് പിന്നീട് പ്രതിമാസ തിരിച്ചടവ് തുക (ഇ.എം.ഐ) കണക്കാക്കുന്നത്.
36 മാസം തിരിച്ചടവ് ബാക്കിയുള്ള ഇടപാടുകാരന് ആറുമാസത്തെ മൊറട്ടോറിയം ആനുകൂല്യം ലഭിച്ചാല്‍ പലിശയടക്കം 44 മാസമോ അതിലും കൂടുതലോ ആകും പിന്നീടുള്ള വായ്പാ കാലാവധി. കൊവിഡ് പ്രതിസന്ധി മൂലം വരുമാനം നിലച്ച വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും മാത്രമാണ് മൊറട്ടോറിയത്തിന്റെ ഗുണം ലഭിക്കുക.
ആറുമാസത്തേക്ക് തിരിച്ചടവ് ഒഴിവായി കിട്ടുന്നത് ഇവര്‍ക്ക് ആശ്വാസമാകും. ഭാവിയില്‍ നല്ല വരുമാനമുള്ളപ്പോള്‍ തിരിച്ചടവും ഇവര്‍ക്ക് പ്രയാസകരമാവില്ല. എന്നാല്‍ കൃത്യമായ ശമ്പളം ലഭിക്കുന്നവരും മൂന്ന് മുതല്‍ ആറുവരെ മാസത്തെ ഇ.എം.ഐയേക്കാള്‍ സമ്പാദ്യം ഉള്ളവരും മൊറട്ടോറിയം ആനുകൂല്യം വാങ്ങരുതെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
ആര്‍.ബി.ഐ പ്രഖ്യാപിച്ച മൊറട്ടോറിയം തങ്ങള്‍ക്കനുകൂലമാക്കുകയല്ലാതെ കൊവിഡ് പ്രതിസന്ധി കാരണം ജീവിതം വഴിമുട്ടിയ ജനങ്ങളെ സഹായിക്കാന്‍ ബാങ്കുകള്‍ ഇതുവരെ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വായ്പകള്‍ക്ക് പലിശയില്‍ ഇളവ് നല്‍കാനോ മറ്റാനുകൂല്യങ്ങള്‍ നല്‍കാനോ ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ തയാറാവുന്നില്ല.
പല ബാങ്കുകളും മൊറോട്ടോറിയം സംബന്ധിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്. കൃത്യമായ വിവരങ്ങള്‍ ഇടപാടുകാരെ അറിയിക്കാന്‍ തയാറാകുന്നില്ല.
വീട് നിര്‍മാണത്തിനും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുമായി വായ്‌പെയെടുത്ത സാധാരണക്കാരായ ഇടപാടുകാരെയാണ് ഇത് ദോഷകരമായി ബാധിക്കുന്നത്. മൊറട്ടോറിയം സംബന്ധിച്ച് അതാത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡിന് തീരുമാനമെടുക്കാം എന്ന റിസര്‍വ് ബാങ്ക് ഉത്തരവ് ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും മുതലെടുക്കുകയാണ്.
മൊറട്ടോറിയം ആനുകൂല്യം വേണ്ടാത്തവര്‍ക്കും ചില ബാങ്കുകള്‍ ഇത് അടിച്ചേല്‍പ്പിക്കുകയാണ്. എല്ലാ മാസവും കൃത്യമായി പ്രതിമാസ തുക തിരിച്ചടയ്ക്കുന്നവര്‍ക്കാണ് മൊറട്ടോറിയം ആനുകൂല്യം ലഭിക്കുന്നത്.
ഇതറിയാതെ തിരിച്ചടവ് മുടങ്ങിയവരും തങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.
മൊറട്ടോറിയം സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നത്.
മൊറട്ടോറിയമെന്നാല്‍ തിരിച്ചടവുകള്‍ എഴുതിത്തള്ളിയെന്നാണ് പലരുടെയും ധാരണ. തിരിച്ചടവിന് കൂടുതല്‍ സാവകാശം കിട്ടുന്നുവെന്നതാണ് മൊറോട്ടോറിയമെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കുന്നു.
വാണിജ്യ ബാങ്കുകള്‍, പ്രാദേശിക റൂറല്‍ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ മൊറോട്ടിറിയം ബാധകമാണ്. എന്നാല്‍ കേരളത്തില്‍ സഹകരണ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇതിനോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്.
അടവുകള്‍ വീഴ്ച വന്നവര്‍ വരുംമാസങ്ങളില്‍ വീഴ്ച വന്ന തുകയും പലിശയും നിലവിലെ മാസത്തവണയ്‌ക്കൊപ്പം അടയ്ക്കണമെന്നാണ് പല ബാങ്കുകളും ഇടപാടുകാരെ അറിയിച്ചത്.
കേരള ബാങ്കിന്റെ ബ്രാഞ്ചുകളില്‍ നിന്നു ഭവനവ്യക്തിഗത വായ്പയെടുത്ത ഉപഭോക്താക്കളെ ഇങ്ങനെ അറിയിച്ചത് വിവാദമായിരുന്നു.
റിസര്‍വ് ബാങ്ക് ഒന്നാംഘട്ടത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുമാസത്തേക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം നല്‍കാനാണ് ബാങ്കുകളോട് നിര്‍ദേശിച്ചത്. രണ്ടാംഘട്ടത്തില്‍ അത് വീണ്ടും മൂന്നുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് ഓഗസ്റ്റ് 31 വരെയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."