സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് അയിത്തം: ഭൂവുടമയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്
ബദിയഡുക്ക: സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തില്‍ ഭൂവുടമയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. പട്ടികജാതി ക്ഷേമസമിതി കാറഡുക്ക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ബെള്ളൂര്‍ പൊസളിഗെ തോട്ടദമൂലയിലെ പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 78 കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളിലേക്കുള്ള സഞ്ചാരം നിഷേധിക്കുന്ന ഭൂവുടമയുടെ നിലാപാട് നേരത്തെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
30 വര്‍ഷത്തോളമായി വഴിനല്‍കാത്ത പ്രശ്‌നമുണ്ട്. ഭരിക്കുന്ന പഞ്ചായത്തും ഭൂവുടമയ്‌ക്കൊപ്പം നിന്നതോടെ വഴി പൂര്‍ണമായും അടഞ്ഞു. ഒരു വര്‍ഷം മുന്‍പ് പാമ്പ് കടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ഇതുവഴി വാഹനം കടന്നെത്താനുള്ള റോഡില്ലാത്തത് കാരണം യുവാവ് മരണപ്പെട്ട സംഭവമുണ്ടായിരുന്നു. മാത്രവുമല്ല ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ കോളനിയിലെ സീതുവെന്ന സ്ത്രീക്ക് അസുഖം പിടിപ്പെട്ട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് വന്നത് ചുമന്നാണ്.
നാട്ടക്കല്ലില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ കുട്ടികളും വൃദ്ധരുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഭൂവുടമ നവീന്‍കുമാറിന്റെ വീടിന് മുന്നിലെ ബസ്തി റോഡില്‍ സമരക്കാരെ പൊലിസ് തടഞ്ഞു. പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു.
വഴിക്കുവേണ്ടി നടത്തിയ പഴയകാല പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നടക്കുന്നതെന്നും വഴി ലഭിക്കും വരെ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വഴി ലഭിക്കും വരെ നിരാഹാരം കിടക്കേണ്ടി വന്നാല്‍ അതും ചെയ്യും. അടുത്തയാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. വഴി തടയുന്നതിനെതിരേ കേസ് കൊടുക്കുന്നതടക്കമുള്ള നിയമപ്രകാരമുള്ള എല്ലാ വഴികളും തേടും.
ഏരിയാ പ്രസിഡന്റ് ബി.കെ സുന്ദര അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പ. ശ്യാമള, ജില്ലാ പ്രസിഡന്റ് ബി.എം പ്രദീപ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ പണിക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ എം. ശാന്ത, കെ. ചുക്രന്‍, ഒ. മാധവന്‍, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ. ജയന്‍, കാറഡുക്ക ബ്ലോക്ക് സെക്രട്ടറി കെ.വി നവീന്‍, എം. രാധാകൃഷ്ണന്‍, ഹമീദ് നാട്ടക്കല്‍, സന്തോഷ് ആദൂര്‍ സംസാരിച്ചു. പ്രകടനത്തിന് സമരസമിതി കണ്‍വീനര്‍ സീതാരാമ, സി.എച്ച് ഐത്തപ്പ, എം. തമ്പാന്‍, പ്രസന്നന്‍ ആദൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."