നാവിക അക്കാദമി മാലിന്യപ്രശ്‌നം ജെയ്റ്റ്‌ലിക്ക് ചെന്നിത്തലയുടെ കത്ത്
കണ്ണൂര്‍: ഏഴിമല നേവല്‍ അക്കാദമിയില്‍ നാട്ടുകാരെ ദുരിതത്തിലാക്കുന്ന വിധത്തില്‍ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന മാലിന്യ
സംസ്‌കരണ പ്ലാന്റ് അടിയന്തിരമായി അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തുനല്‍കി.
അശാസ്ത്രീയമായ പ്ലാന്റിന്റെ പ്രവര്‍ത്തനം കാരണം നേവല്‍ അക്കാദമിക്കു ചുറ്റുമുള്ള ജനങ്ങള്‍ ദുരിതത്തിലാണ്. നാട്ടുകാര്‍ രണ്ട് മാസമായി അക്കാദമിക്ക് മുന്നില്‍ സമരം നടത്തുകയാണ്. പ്ലാന്റ് കാരണം ഈ പ്രദേശത്തെ വായുവും വെള്ളവും മലിനപ്പെടുന്നു. കുടിക്കുന്നതിനുള്ള വെള്ളം മലിനമായതു കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്. പ്ലാന്റ് അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടും നേവല്‍ അക്കാദമി അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല. ഏഴിമല നേവല്‍ അക്കാദമിക്ക് 2000 ഏക്കര്‍ വിസ്തൃതിയുള്ള കാംപസ് ഉള്ളതിനാ
ല്‍ ഈ പ്ലാന്റ് കാംപസിനുള്ളില്‍ എവിടെയെങ്കിലും ശാസ്ത്രീയമായും സുരക്ഷിതമായും സംസ്ഥാനത്തെ നിയമങ്ങള്‍ പാലിച്ചു കൊണ്ടും മാറ്റി സ്ഥാപിക്കാവുന്നതേയുള്ളൂ. അതിനുള്ള നിര്‍ദേശം നല്‍കണമെന്നും അത് നടപ്പാവും വരെ തദ്ദേശവാസികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും അരുണ്‍ ജെയ്റ്റിലിയോട് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."