പ്രചാരണച്ചൂടില്‍ എറണാകുളം
കൊച്ചി: കൊടും ചൂടിലും ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഹൈബി ഈഡന്‍. പനങ്ങാട് ഉദയത്തുംവാതിലില്‍ നിന്നാണ് ഇന്നലെ ഹൈബി ഈഡന്റെ പ്രചരണം ആരംഭിച്ചത്. കെ.വി തോമസ് എം.പി പര്യടനം ഉദ്ഘാടനം ചെയ്തു. ചേപ്പനം കോതേശ്വരം വഴി കുറുന്തോടത്ത് മൂലേപ്പറമ്പ് പ്രദേശങ്ങളില്‍ ആയിരുന്നു ആദ്യ സ്വീകരണം. പനങ്ങാടുനിന്ന് ആരംഭിച്ച പര്യടനത്തിന് അകമ്പടിയായി ഇരുചക്ര വാഹനങ്ങളുടെ നീണ്ട നിര അകമ്പടിയേകി. ഉച്ചയോടെ പനങ്ങാട് കുമ്പളം പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. കുമ്പളം യോഗപ്പറമ്പില്‍ കുട്ടികളോടൊപ്പം വൃക്ഷത്തൈ നട്ടു. അവിടെ നിന്നും കുഫോസിലേക്ക്. കുഫോസില്‍ എത്തി അധ്യാപക അനധ്യാപക സുഹൃത്തുക്കളെയും നേരില്‍ കണ്ട് പിന്തുണ തേടി വിദ്യാര്‍ഥികളുമായി സംവദിച്ചു. പിന്നെ കുട്ടികളുടെ കൂടെയൊരു സെല്‍ഫിയും. ഉച്ചതിരിഞ്ഞ് പള്ളുരുത്തിയില്‍ നിന്നുമാരംഭിച്ച പര്യടനം മുന്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കടേഭാഗം വ്യാസപുരം, മഠത്തില്‍പറമ്പ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പള്ളുരുത്തി കച്ചേരിപ്പടിയില്‍ എത്തി. തുടര്‍ന്ന് പെരുമ്പടപ്പിലേക്ക് വന്‍ സ്വീകരണം. കൊവേന്ത ജംഗ്ഷന്‍ കുമ്പളങ്ങി വഴി പ്രദേശങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി ഇടക്കൊച്ചിയിലെത്തി. പൈ ജംഗ്ഷന്‍, പാമ്പായി മൂല, കുമ്പളം ഫെറി,തുടങ്ങി ഇടക്കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഇന്ന് കരമാലൂര്‍, അയിരൂര്‍, ആലങ്ങാട് പ്രദേശങ്ങളിലാണ് ഹൈബി ഈഡന്റെ പര്യടനം. കനത്ത ചൂടിലും ജീവിതം കരുപ്പിടിപ്പിക്കാനായി പകലന്തിയോളം പണിയെടുക്കുന്ന തൊഴിലുറപ്പ് സ്ത്രീകളുടെ വേതന കുടിശിക പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് പനങ്ങാട് പഞ്ചായത്തില്‍ പര്യടനം നടത്തവേ ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പണിയിലേര്‍പ്പെടുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ആരായുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുമാസക്കാലമായി തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ വേതനം ലഭിച്ചിട്ടില്ല. കനത്ത ചൂടില്‍ പ്രതികൂല സാഹചര്യത്തില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ വേതനം തടഞ്ഞു വെച്ചിരിക്കുന്ന സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണ്. തൊഴിലുറപ്പ് വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഒരോര്‍ത്തക്കും നൂറിലധികം ദിവസത്തെ വേതനം കുടിശ്ശികയായി കിട്ടാനുണ്ട്. ഈ സങ്കടകരമായ അവസ്ഥക്ക് ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി. കുമ്പളം പഞ്ചായത്തില്‍ മാത്രമല്ല മറ്റ് വിവിധ പ്രദേശങ്ങളിലെയും അവസ്ഥ ഇതുതന്നെ എന്ന് സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാത്ത പക്ഷം തെരഞ്ഞെടുപ്പിന് മുന്‍പായി കൂട്ടായ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്നും സ്ത്രീകള്‍ അറിയിച്ചു. പി. രാജീവിന്റെ തൃക്കാക്കര നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പൊതുപര്യടനം ചമ്പക്കര വടക്കേത്തറയില്‍ നിന്നാരംഭിച്ചു. പ്രശസ്ത സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് എറണാകുളം ലോക്‌സഭാ മണ്ഡലം കണ്‍വീനര്‍ സി.എം ദിനേശ് മണി, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.എന്‍ രാധകൃഷ്ണന്‍, സി.പി.എം വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി വിന്‍സന്റ് തുടങ്ങിയവര്‍ പങ്കെടുത്തു. വലിയൊരു കൂട പഴങ്ങള്‍ നല്‍കിയാണ് പേട്ടയിലെ ജനങ്ങള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. എ.കെ.ജി റോഡില്‍ രക്തസാക്ഷി എം.ആര്‍. വിദ്യാധരന്റെ കുടുംബവുമുണ്ടായിരുന്നു. രോഗശയ്യയില്‍ കഴിയുന്ന മുന്‍ പാര്‍ട്ടി പ്രവര്‍ത്തക വത്സല ചന്ദ്രനെ പി. രാജീവ് തൈക്കൂടത്തെ വീട്ടിലെത്തി കണ്ടു. വൈറ്റില ലോക്കലില്‍ ഉദയ റോഡ് ഒ.എ റോഡ് എന്നിവിടങ്ങളിലും രാജീവ് പര്യടനം നടത്തി. കടവന്ത്ര അച്ഛാ ജംഗ്ഷനിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പി. രാജീവിന്റെ സ്വീകരണ യോഗത്തെ ഉപയോഗിച്ചത് എറണാകുളം ജനറല്‍ ആശുപത്രി അടുക്കള പദ്ധതിയിലേക്ക് അരിയും പച്ചക്കറിയും ശേഖരിക്കാനുള്ള വേദിയാക്കിയാണ്. കടവന്ത്രയില്‍ ബലോണ ക്ലബ്ബ്, വിനോബ നഗര്‍, അച്ച ജങ്ഷന്‍, ഗിരിനഗര്‍, കടവന്ത്ര മുത്തൂറ്റ് പരിസരം എന്നിവിടങ്ങളിലും എളംകുളത്ത് കെ.കെ.എഫ് കോളനി ജങ്ഷന്‍, പാലാത്തുരുത്ത്, ഐക്യ നഗര്‍, മുട്ടത്തില്‍ ലെയിന്‍ റോഡ് എന്നീ സ്വീകരണ കേന്ദ്രങ്ങളിലും നാട്ടുകാരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥാനാര്‍ഥിക്ക് സ്വീകരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് വൈറ്റിലയിലും തൃക്കാക്കരയിലും പി. രാജീവ് പര്യടനം നടത്തി. ഇന്ന് എറണാകുളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ രണ്ടാം ഘട്ട പര്യടനം നടത്തും. രാവിലെ 7.30ന് കതൃക്കടവ് ഗവ. ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപത്തു നിന്ന് പര്യടനം ആരംഭിക്കും. തുടര്‍ന്ന് കലൂര്‍, വടുതല, ചിറ്റൂര്‍, ചെരാനല്ലൂര്‍, കുന്നുംപുറം മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങി രാത്രി എട്ടിന് കുന്നുംപുറം ജങ്ഷനില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."