കൊവിഡാനന്തരം നടപ്പാകുന്ന സംഘ്പരിവാര്‍ അജന്‍ഡ
സംഘ്പരിവാര്‍ ഭീകരര്‍ ജീവിതത്തിന്റെ വെളിച്ചം അടിച്ചുതകര്‍ത്തിട്ടും ആ ചെറുപ്പക്കാരന്‍ നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഡല്‍ഹി വംശഹത്യയുടെ ഇരയായ 24 വയസുകാരന്‍ ഷാരൂഖ് ഖാന്റെ മുഖത്ത്, തന്നെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള ആശങ്കകളാണു നിറയെ. ഹിന്ദുത്വര്‍ അഴിഞ്ഞാടിയ ജഫ്രാബാദ് തെരുവിലൂടെ നടന്നുപോകുമ്പോഴായിരുന്നു കലാപകാരികള്‍ ഷാരൂഖിനെ അടിച്ചുവീഴ്ത്തിയത്. ശേഷം ഇരുമ്പുദണ്ഡുകള്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും മറ്റേത് തൊണ്ണൂറ് ശതമാനവും നഷ്ടപ്പെട്ടു. ഇതൊക്കെ പറയുമ്പോള്‍ ഓട്ടോമെക്കാനിക്കായ ഷാരൂഖ് ഖാന്റെ ഉമ്മ ജഹാനയും സഹോദരന്‍ സമീറും കൂടെയുണ്ടായിരുന്നു.
ഇരുകണ്ണുകളും തുറന്ന് കാഴ്ചകള്‍ കണ്ട് തെരുവിലൂടെ നടന്നുനീങ്ങുമ്പോള്‍ പൊടുന്നനെ അലറിയടുത്ത കലാപകാരികളുടെ അക്രമത്തില്‍ കാഴ്ച നഷ്ടമാകുന്ന അവസ്ഥ ആ ചെറുപ്പക്കാരന്റെ മനസിലുണ്ടാക്കിയ വേദന എത്ര വലുതായിരിക്കും. ഇത്രയും നാളുകള്‍ക്കു ശേഷം ഷാരൂഖിനെക്കുറിച്ചോര്‍ക്കാനുണ്ടായ കാരണം ഒരു വാര്‍ത്തയാണ്.
ഡല്‍ഹി വംശഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം ജഫ്രാബാദില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷാരൂഖിന്റെ പേരുമുണ്ട്!. മാത്രമല്ല, പൊലിസ് അറസ്റ്റ് ചെയ്ത പിഞ്ജറ തോഡ് പ്രവര്‍ത്തകരായ നടാഷ നര്‍വള്‍, ദേവാംഗന കലിത എന്നിവര്‍ക്കുമേല്‍ കുറ്റം ചുമത്തിയത് ഷാരൂഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലും. തനിക്കവരെ അറിയില്ലെന്നും അവരെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും തന്നെ വായിച്ചുകേള്‍പ്പിക്കാതെയാണ് ഒപ്പുവയ്പ്പിച്ചതെന്നും ഷാരൂഖ് പറയുന്നു. ഈ സംഭവം മതിയാകും ഡല്‍ഹി വംശഹത്യയിലൂടെ കലാപകാരികളുടെയും അന്വേഷണ സംഘത്തിന്റെയും ലക്ഷ്യം ഒന്നാണെന്നു മനസിലാക്കാന്‍. പൗരത്വ നിയമത്തിനെതിരേ നടന്ന സമരത്തില്‍ പങ്കെടുത്തവരെയും നേതൃത്വം കൊടുത്തവരെയും ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ്. കലാപകാരികളും ഡല്‍ഹി പൊലിസും തമ്മിലുള്ള സഹകരണത്തിന്റെ രസതന്ത്രം അന്നാളുകളില്‍ തന്നെ നാം കണ്ടതാണ്. അതിപ്പോഴും തുടരുകയാണെന്നു മാത്രം.
മാര്‍ച്ച് 23നാണ് ഡല്‍ഹിയില്‍നിന്ന് അശുഭകരമായ വാര്‍ത്തകള്‍ കേട്ടത്. നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍, അഹമ്മദാബാദിന്റെ ചേരിക്കാഴ്ചകള്‍ ഡൊണാള്‍ഡ് ട്രംപിന്റെ കണ്ണില്‍പെടാതിരിക്കാന്‍ മതില്‍ക്കെട്ടി മറച്ചുവെങ്കില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ അന്തിയുറങ്ങുന്ന രാത്രി തന്നെ ഇന്ത്യന്‍ ഫാസിസം ഊട്ടിവളര്‍ത്തിയ കലാപകാരികള്‍ രാജ്യതലസ്ഥാനത്തെ കൊലവിളികള്‍ കൊണ്ട് അസ്വസ്ഥമാക്കി. പെട്ടെന്നൊരു പ്രകോപനവുമില്ല. സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി... ഇന്ത്യയിലെ മുസ്‌ലിം മതന്യൂനപക്ഷത്തെ പൗരാവകാശങ്ങള്‍ നിഷേധിച്ച് പുറന്തള്ളാനും രണ്ടാംതരം പൗരന്‍മാരാക്കി മാറ്റാനും ബി.ജെ.പി സൃഷ്ടിച്ച മൂന്ന് ആയുധങ്ങളായിരുന്നു ഇവ. മൂന്നിന്റെയും മുനയൊടിക്കുന്ന മുന്നേറ്റത്തിന്റെ കരുത്തിനെ തകര്‍ക്കേണ്ടത് സംഘ്പരിവാര്‍ ആവശ്യമായിരുന്നു. അനുരാഗ് താക്കൂറും കപില്‍ മിശ്രയുമൊക്കെ നിരന്തരം കലാപാഹ്വാനം നടത്തിയത് അതുകൊണ്ടാണ്. ചോര വീഴ്ത്തിയിട്ടായാലും ഞങ്ങളിത് അവസാനിപ്പിക്കുമെന്ന തീരുമാനമാണു നടപ്പാക്കപ്പെട്ടത്.
കട്ടര്‍ ഹിന്ദു ഏക്താ ഗ്രൂപ്പ് എന്ന പേരില്‍ കലാപനാളുകളില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നുവെന്ന് ഡല്‍ഹി പൊലിസ് തന്നെ പറയുന്നു. അവരെ കൊന്ന് അഴുക്കുചാലില്‍ വലിച്ചെറിയൂ എന്ന് ഗ്രൂപ്പിലൂടെ ആഹ്വാനമുണ്ടായി. 16 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഡല്‍ഹി പൊലിസ് തന്നെ പറയുന്നതാണിത്. പക്ഷേ, ഇതെല്ലാം ആസൂത്രണം ചെയ്ത് ആയുധങ്ങള്‍ നല്‍കി ഈ പ്രവര്‍ത്തകരെ തെരുവിലേക്കയച്ച ഒരൊറ്റ ആര്‍.എസ്.എസ്, ബി.ജെ.പി നേതാവിന്റെയും പേര് ഇതുവരെ ഒരു കുറ്റപത്രത്തിലുമില്ല.
ലോകം മുഴുവന്‍ കേട്ട കപില്‍മിശ്രയുടെ പ്രകോപന പ്രസംഗം ഡല്‍ഹി പൊലിസ് കേട്ടില്ല. തൂക്കമൊപ്പിക്കാന്‍ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് ഏതാനും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക, അവര്‍ക്ക് അതിവേഗം ജാമ്യം നല്‍കുക. മറുഭാഗത്ത് പൗരത്വ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും യു.എ.പി.എ ചുമത്തി തടവിലാക്കുക. കൊവിഡ് അതിനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാരിന്. ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംഡെ, സഫൂറ സര്‍ഗര്‍, ഗുല്‍ഗിഫ ഖാത്തൂന്‍, ഇസ്രത്ത് ജഹാന്‍, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍ റഹ്മാന്‍, ഷര്‍ജീല്‍ ഇമാം... പട്ടിക നീളുകയാണ്. ഒരു തരത്തിലുള്ള പ്രതിഷേധ സ്വരങ്ങളുമില്ലാത്ത അടച്ചുപൂട്ടിയ രാജ്യം. ജനാധിപത്യ സംവാദങ്ങളെയും മനുഷ്യാവകാശങ്ങളെയും സമ്പൂര്‍ണമായും താഴിട്ടുപൂട്ടുക, ഒരിക്കലുമവസാനിക്കാത്ത ഒരു ലോക്ക് ഡൗണ്‍, അതാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
സംഭവിക്കാന്‍ പോകുന്നത്
കൊവിഡ് വ്യാപനത്തിന്റെ ഭീതിദമായ നാളുകളിലാണ് 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനത്തെത്തിയതും ആ ദിവസങ്ങളിലായിരുന്നു. പക്ഷേ, കൊവിഡ് പ്രതിരോധത്തിലായിരുന്നില്ല രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധ. ഗുജറാത്തിലും രാജസ്ഥാനിലും പ്രതിപക്ഷ എം.എല്‍.എമാരെ വിലക്കെടുത്ത് രാജ്യസഭയില്‍ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ഒരു മറയുമില്ലാതെ അവര്‍ പുറപ്പെട്ടു. രാജ്യസഭയിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം കൊവിഡാനന്തര ഇന്ത്യയെ കാത്തിരിക്കുന്നതെന്താണ് എന്നു പറയുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിയേക്കാള്‍ മാരകമായ നിയമനിര്‍മാണങ്ങളും ഭരണഘടനാ ഭേദഗതികളും നാം പ്രതീക്ഷിക്കണം. സ്വന്തം മുന്നണിയിലുള്ള പാര്‍ട്ടികള്‍ക്കു പോലും ദഹിക്കാത്ത, അവര്‍ക്കു പോലും പിന്തുണക്കാന്‍ കഴിയാത്ത അട്ടിമറികള്‍ പാര്‍ലമെന്റില്‍ തന്നെ നടപ്പാക്കണം. ആയിരങ്ങള്‍ മരിച്ചുവീഴുമ്പോഴും ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് എന്തും നടപ്പാക്കാനുള്ള ഭൂരിപക്ഷം വേണം എന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യലക്ഷ്യമാകുന്നത് അതുകൊണ്ടാണ്. 2025ല്‍, ആര്‍.എസ്.എസിന്റെ നൂറാം ജന്മദിനത്തില്‍ അവര്‍ക്കു നല്‍കാന്‍ ഒരു പിറന്നാള്‍ സമ്മാനം. എല്ലാ സീനിയോരിറ്റിയും മറികടന്ന് ബി.ജെ.പി എന്ന പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ തങ്ങളുടെ കൈകളില്‍ നല്‍കിയ ആര്‍.എസ്.എസിനോടുള്ള പ്രത്യുപകാരം. കൂറുള്ള ആ രണ്ട് സ്വയം സേവകരും, മോദിയും അമിത്ഷായും അണിയറയില്‍ തയാറാക്കുന്നത് സമ്പൂര്‍ണ ഹിന്ദുത്വരാഷ്ട്രമെന്ന ആ സര്‍പ്രൈസ് ഗിഫ്റ്റ് തന്നെയാണ്.
കൊവിഡ് മാനവരാശിക്കു മുന്നില്‍ വലിയ വെല്ലുവിളിയാണെങ്കില്‍ ലോകത്തെല്ലായിടത്തും ഭരണകൂടങ്ങള്‍ക്ക് അതൊരവസരമാണ്. നിഷ്പ്രയാസം ജനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും. ഒത്തുചേരുക എന്നത് തനിക്കും സമൂഹത്തിനും ഒരുപോലെ ഭീഷണിയാകുന്ന ഒരു കാലത്ത് ജനകീയ പ്രതിരോധം എന്നത് അസാധ്യമായി മാറുകയാണ്. രാഷ്ട്രീയമായ സംഘടിത ശക്തിയാണ് ജനങ്ങളുടെ അധികാരം, അത് ദുര്‍ബലമാകുന്നു. ഭരണകൂടാധികാരത്തിന്റെ ശക്തി പതിന്മടങ്ങ് വര്‍ധിക്കുന്നു. ആത്യന്തികമായ ഒരു വെല്ലുവിളി. ഇതിനെതിരേ എന്താണു ചെയ്യാനാവുക?.
മറുപടി ഒരൊറ്റ മറുവാക്കാണ്. വേണമെങ്കില്‍ നമുക്കാകാശത്തോളം വലുതാക്കാവുന്നത്. 'ആത്യന്തികമായ ഐക്യം'. ഇന്നു കാണുന്ന രൂപത്തിലേക്ക് ഒരൊറ്റ കുതിപ്പില്‍ ചാടിയെത്തിയ നാടല്ല നമ്മുടേത്. ചരിത്രത്തില്‍നിന്ന് കുതിച്ചും കിതച്ചും പിന്നെയും കുതിച്ചും മുന്നേറിയ ഒരുജ്ജ്വല പ്രയാണത്തിന്റെ പേരാണ് മതേതര ജനാധിപത്യ ഇന്ത്യ എന്നത്. അതിനെ കോര്‍പറേറ്റുകള്‍ക്കും ഫാസിസ്റ്റുകള്‍ക്കും തീറെഴുതാന്‍ വന്ന ദല്ലാളുമാരാണ് ഇന്നത്തെ കേന്ദ്ര ഭരണകൂടം. ആ തിരിച്ചറിവിനെ നമ്മുടെ ദേശീയതയിലേക്ക് തിരികെ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ നമ്മെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. കൊവിഡ്കാലം ഫാസിസ്റ്റുകള്‍ക്ക് ഗൂഢാലോചനകളുടേതാണെങ്കില്‍ നമുക്ക് തയാറെടുപ്പിന്റേതാകണം.
(ലേഖകന്‍ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."