ജില്ലയില്‍ കുടിവെള്ള വിതരണത്തിന് തുടക്കമായി
കാസര്‍കോട്: കനത്ത ചൂടിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങി. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും തങ്ങളുടെ പരിധിക്കുള്ളില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിച്ചു തുടങ്ങി. ജില്ലയിലെ കുടിവെള്ള ക്ഷാമവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥയും സംബന്ധിച്ച് ഒരാഴ്ച മുമ്പ് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങിയത്. കുടിവെള്ള ക്ഷാമം ശ്രദ്ധയില്‍പ്പെട്ടതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ വിളിച്ചു ചേര്‍ത്തു കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കുടിവെള്ള വിതരണത്തിന്റെ പുരോഗതി വിലയിരുത്തി.
വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടിവെള്ള വിതരണത്തിന് പ്രാധാന്യം നല്‍കണമെന്നും തെരഞ്ഞെടുപ്പ് ചട്ടം പൂര്‍ണമായും പാലിച്ച് ഉദ്യോഗസ്ഥ തലത്തില്‍ വിതരണ പ്രക്രിയ കുറ്റമറ്റ രീതിയില്‍ നടത്തണമെന്നുമുള്ള നിര്‍ദേശം സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് കുടിവെള്ള വിതരണം തുടങ്ങിയിട്ടുള്ളത്. ബാക്കിയുള്ള പഞ്ചായത്തുകളിലും നഗരസഭകളിലും വിതരണ പ്രക്രിയക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും അടുത്ത ആഴ്ചയ്ക്കുള്ളില്‍ വിതരണം ആരംഭിക്കുമെന്നും സെക്രട്ടറിമാര്‍ യോഗത്തില്‍ അറിയിച്ചു. കുടിവെള്ളം വിതരണം നടത്തുന്നതിനായി നിശ്ചയിച്ച ജലസ്രോതസുകളുടെ കൃത്യമായ ഗുണമേന്മ പരിശോധന പൂര്‍ത്തീകരിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചിട്ടുണ്ട്. ജല അതോറിറ്റി നല്‍കുന്ന പരിശോധനാ റിപോര്‍ട്ടിനു പുറമേ കുടിവെള്ളം ഉയോഗിക്കാവുന്നതാണെന്ന മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നല്‍കുന്ന സാക്ഷ്യപത്രവും വിതരണത്തിന് മുന്‍പ് നേടിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിതരണത്തിനായി ക്വട്ടേഷനിലൂടെ ഏര്‍പ്പെടുത്തിയ വാഹനങ്ങളുടെ വാടക നിരക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കുറ്റമറ്റ രീതിയിലായിരിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത്പ്ലാന്‍ ഫണ്ടില്‍ നിന്ന് കുടിവെള്ള വിതരണത്തിനുള്ള തുക കണ്ടെത്തണം. കൂടുതല്‍ തുക ആവശ്യമായി വരുകയാണെങ്കില്‍ സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
നിലവില്‍ 328 കിയോസ്‌കുകളാണ് ജില്ലയിലുള്ളത്. കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ അപേക്ഷകള്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും അതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.എം പറഞ്ഞു. ജലസ്രോതസകള്‍ മലിനമാക്കുന്നതിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണം.
അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. സൂര്യാതപം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ തൊഴിലാളികളുടെ സമയക്രമീകരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് നഗരസഭ-പഞ്ചായത്ത് അധികൃതര്‍ ഉറപ്പു വരുത്തണമെന്നും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."