സംസ്ഥാന പാതകള്‍ ജില്ലാ പാതകളാക്കേണ്ട
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി വിജ്ഞാപനം ചെയ്ത് പൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം നിയമ വകുപ്പ് തള്ളി. തുടര്‍ന്ന് കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 ഭേദഗതി ചെയ്യാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഖജനാവിന് വന്‍ നഷ്ടം വരുത്തിയ സുപ്രിം കോടതി വിധിയെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയത്.
രാജസ്ഥാന്‍,ബംഗാള്‍,ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ സംസ്ഥാന പാതകളെ വിജ്ഞാപനത്തിലൂടെ ജില്ലാ പാതകളാക്കി മാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായി ചര്‍ച്ച ചെയ്താണ് ശേഷം നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ നിയമ വകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിനോട് നിയമോപദേശം തേടിയത്.
എന്നാല്‍ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി നിയമഭേദഗതി വരുത്തിയാല്‍ ഇതു ഭാവിയില്‍ തിരിച്ചടിയായേക്കാമെന്നായിരുന്നു നിയമോപദേശം. കൂടാതെ ജില്ലാ പാതകളാക്കി നിയമ ഭേദഗതി വരുത്തിയാല്‍ റോഡ് വികസനത്തിനായുള്ള കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്നും നിയമ വകുപ്പ് മുഖ്യമന്ത്രിയ്ക്ക് മറുപടി നല്‍കി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കെതിരേ പലയിടത്തും ജനകീയ പ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ക്ക് അനുകൂലമായ തീരുമാനം കൂടുതല്‍ തിരിച്ചടിയാകുമെന്നതും സര്‍ക്കാര്‍ കണക്കിലെടുത്തു.
കള്ളുഷാപ്പ് ഉള്‍പ്പെടെ1,171 മദ്യശാലകളാണു ദേശീയ, സംസ്ഥാന പാതയോരത്തുണ്ടായിരുന്നത്. രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഏഴു ക്ലബ്ബുകള്‍, 619 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍,134 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍,18 കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍,781 കള്ളുഷാപ്പുകള്‍ എന്നിവയാണ് അടച്ചു പൂട്ടിയത്.
ഇതില്‍ തലസ്ഥാന ജില്ലയിലെ ചില ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ കോടതിയെ സമീപിച്ച് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി വാങ്ങിയിരുന്നു.
സംസ്ഥാന പാതയായി വിജ്ഞാപനം ഇറക്കാത്തതിനെ തുടര്‍ന്നാണ് ബാറുടമകള്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."