'ഇടിക്കൂട്ടില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ വയനാടന്‍ കരുത്ത് '
കല്‍പ്പറ്റ: ബോക്സിങ് റിങില്‍ കളം വാഴാന്‍ വയനാടന്‍ താരങ്ങള്‍. സമീപകാലത്ത് സര്‍വകലാശാല, സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ക്കൊയ്ത്ത് നടത്തിയ വയനാടന്‍ താരങ്ങള്‍ ഇടിക്കൂട്ടില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ്.
സീനിയര്‍, ജൂനിയര്‍, യൂത്ത്, സബ്ജൂനിയര് വിഭാഗങ്ങള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് നിലവില്‍ വയനാടെന്ന് ജില്ലാ അമേച്വര്‍ ബോക്സിങ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ശ്രീകണ്ഠപുരത്ത് നടന്ന കണ്ണൂര്‍ സര്‍വകലാശാല ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ മെന്‍ 56 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പി.വി മിഥുന്, 63 കിലോ വിഭാഗത്തില്‍ ജേതാവായ അനന്തു ഹരി, 69 കിലോ വിഭാഗത്തില്‍ ഓമനായ എം. അജയ്കൃഷ്ണ എന്നിവര്‍ വയനാട്ടുകാരാണ്.
കൊല്ലത്ത് നടന്ന സംസ്ഥാന അമേച്വര്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ സബ്ജൂനിയര് 48 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ എ.കെ മുഹമ്മദ് സിദാന്, 59 കിലോഗ്രാം വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗോഡ്വിന് ജോര്‍ജ്, 30 കിലോഗ്രാം വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവ് അമന് മുഹമ്മദ്, ജൂനിയര്‍ 58 കിലോ വിഭാഗത്തില്‍ വെള്ളി നേടിയ ജോസ് ജോയി,
66 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ അഖില്‍ ജോസഫ്, 46, 63, 80 പ്ലസ് കിലോ വിഭാഗങ്ങളില്‍ യഥാക്രമം മന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.കെ ദില്ബാര്ഷ, അലന് ജോര്‍ജ്, അസിം മാലിക്, ജൂനിയര്‍ വിമന്‍ 66 കിലോ വിഭാത്തില്‍ സ്വര്‍ണം നേടിയ ഗിഫ്റ്റി അജയന് സിറിള്‍, 52,63,80 കിലോ വിഭാഗങ്ങളില്‍ യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനഘ പ്രകാശ്, മീതു അജയന്, ആന്‍ തങ്കച്ചന്, യൂത്ത് വിമന്‍ 64 കിലോ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ അമൃത പ്രകാശ്, 51 കിലോ വിഭാഗത്തിലെ വെങ്കല മെഡല്‍ ജേത്രി മാളവിക മേനോന്, സീനിയര്‍ മെന്‍ 73,91 പ്ലസ് വിഭാഗങ്ങളില്‍ യഥാക്രമം മൂന്നാം സ്ഥാനം നേടിയ സി.എസ് മിഥുന്, അനില്‍ ശ്യാം എന്നിവരും വയനാട്ടുകാരാണ്.
കണ്ണൂര്‍ യൂനിവേഴ്സിറ്റി മീറ്റിലെ മെഡല്‍ ജേതാക്കളില്‍ പി.വി മിഥുന് സംസ്ഥാന അമേച്വര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ മെന്‍ വിഭാഗത്തിലും (56 കിലോ) അനന്തു ഹരി യൂത്ത് മെന്‍(64 കിലോ) വിഭാഗത്തിലും മൂന്നാം സ്ഥാനവും നേടിയിരുന്നു.
ജില്ലയില്‍ നിന്നുള്ള ആര്.കെ സിന്‍ഷ, അജിത്ത് വിനോദ്, ഗസല്‍ മരിയ, അമല ജോസഫ് എന്നിവര്‍ ബോക്സിങ് റിംഗുകളിലെ ശൗര്യത്തിന്റെ മികവില്‍ സ്പോര്‍സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളാണ്.
ഇന്‍ര്‍നാഷനല്‍ ബോക്സിങില്‍ ഇന്ത്യക്ക് കൂടുതല്‍ അംഗീകാരം കിട്ടുന്ന സാഹചര്യത്തില്‍ ദേശീയതല മത്സരങ്ങളില്‍ താരങ്ങളെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് വയനാട് ബോക്സിങ് അസോസിയേഷനെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി അസോസിയേഷന് മാനന്തവാടിയില്‍ ഒരു മാസത്തെ അവധിക്കാല പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ബോക്സിങ് അസോസിയേഷന്റെ സ്റ്റാര്‍ വണ്‍ കോച്ച് പ്രേംനാഥാണ് മുഖ്യപരിശീലകന്‍.
മാനന്തവാടി, കല്‍പ്പറ്റ, മേപ്പാടി, ബത്തേരി, പനമരം, തലപ്പുഴ, വൈത്തിരി, പുല്‍പ്പള്ളി എന്നിവിടങ്ങളായി എട്ട് ബോക്സിങ് ക്ലബുകളാണ് ജില്ലയിലുള്ളത്. 2013ലാണ് ജില്ലയില്‍ ബോക്സിങ് അസോസിയേഷന് നിലവില്‍ വന്നത്. സമീപ ഭാവിയില്‍ തന്നെ ബോക്സിങ് റിങ്ങുകളില്‍ രാജ്യത്തിന്റെ അഭിമാനമാകാന്‍ വയനാടന്‍ താരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷനും വയനാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."