സ്വപ്ന ഒളിവില്‍ തന്നെ; വലവീശി കസ്റ്റംസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ പ്രധാന ആസൂത്രകയായ സ്വപ്ന സുരേഷ് ഒളിവില്‍ തന്നെ. ചെന്നൈയിലേക്ക് കടന്നതായാണ് സൂചന. തലസ്ഥാനത്തെ ഒരു ആശുപത്രിയുടെ ആംബുലന്‍സിലാണ് അതിര്‍ത്തി കടന്നതെന്നാണ് വിവരം. തമിഴ്‌നാട്ടിലെ രണ്ടു സ്ഥലങ്ങളില്‍ വച്ച് സ്വപ്നയുടെ മൊബൈല്‍ ഫോണ്‍ ഓണായതായി കണ്ടെത്തി.
ഓണ്‍ലൈനായി ഭക്ഷണവും ബുക്ക് ചെയ്തു. എന്നാല്‍, സ്വപ്ന തലസ്ഥാനത്തുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാറ്റിയതെന്നും സംശയമുണ്ട്.
രാജ്യാന്തര തലത്തിലേക്ക് പടര്‍ന്നുപന്തലിക്കുന്ന കേസിന്റെ ഗതി നിശ്ചയിക്കുക സ്വപ്ന സുരേഷിന്റെ മൊഴികളാണ്. എന്നാല്‍, അവര്‍ എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. നയതന്ത്ര പരിരക്ഷയുള്ള ബാഗിലെത്തിയ സ്വര്‍ണം കസ്റ്റംസ് വിട്ടുതരില്ലെന്നും താനും സംഘവും പിടിയിലാകാന്‍ പോകുന്നുവെന്നും ശനിയാഴ്ച തന്നെ സ്വപ്ന മനസിലാക്കിയിരുന്നു. അന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ഒളിവില്‍പോയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ശാന്തിഗിരി ആശ്രമത്തിലും പ്രമുഖ അബ്കാരിയുടെ ഹോട്ടലിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അതിനിടെ, കീഴടങ്ങാന്‍ സ്വപ്നയ്ക്ക് നിയമോപദേശം ലഭിച്ചെന്നും കൊച്ചിയിലോ തിരുവനന്തപുരത്തോ കീഴടങ്ങുമെന്നും വിവരം ലഭിച്ചതിനാല്‍ കസ്റ്റംസ് ഇവിടങ്ങളില്‍ ഇന്നലെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴികളാവും സ്വര്‍ണക്കടത്തിന്റെ ഉള്ളറകളും രാഷ്ട്രീയ വിവാദത്തിന് ആക്കംകൂട്ടാവുന്ന ഉന്നതബന്ധങ്ങളും പുറത്തുവരുന്നതില്‍ നിര്‍ണായകമാവുക. അതിനാല്‍ സ്വപ്നയുടെ സൗഹൃദങ്ങളിലേക്ക് കസ്റ്റംസ് വലവീശി.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അഞ്ചുമാസം മുന്‍പ് ഉദ്ഘാടനം ചെയ്ത നെടുമങ്ങാട്ടെ വര്‍ക്‌ഷോപ്പിന്റെ ഉടമ സന്ദീപ് നായരുടെ ഭാര്യ സൗമ്യ ഇപ്പോള്‍ കസ്റ്റംസ് കസ്റ്റഡിയിലാണ്. വര്‍ക്‌ഷോപ്പില്‍ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടില്‍ സന്ദീപിനും ബന്ധമുണ്ടെന്നും വിവരം ലഭിച്ചതോടെയാണ് അന്വേഷണം സന്ദീപിലേക്ക് നീങ്ങിയത്. സന്ദീപ് ഇപ്പോള്‍ ഒളിവിലാണ്. സ്വപ്നയ്ക്ക് ഒപ്പം ഒളിവില്‍ പോയതായാണ് നിഗമനം.
സൗമ്യയെ ഇവര്‍ സ്വര്‍ണക്കടത്തിന് കാരിയറായി ഉപയോഗിച്ചതായി സംശയം ഉയര്‍ന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്.
അതിനിടെ, യു.എ.ഇ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പുറത്താക്കിയ ശേഷവും കോണ്‍സുലേറ്റ് സ്വപ്നയ്ക്ക് ഗുഡ് സര്‍വിസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായുള്ള രേഖകള്‍ ഇന്നലെ പുറത്തുവന്നു.
കോണ്‍സുലേറ്റിലെ 50 ജീവനക്കാരില്‍ ഏറ്റവും മികച്ചതായിരുന്നു സ്വപ്നയെന്നാണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നത്. കരാര്‍ ജീവനക്കാരിയായി ജോലിക്ക് കയറിയ സ്വപ്നയെ മൂന്നുവര്‍ഷത്തിനുള്ളില്‍ പടിപടിയായി ഉയര്‍ത്തി കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നാഷനല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി ഉയര്‍ത്തിയെന്നും ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തിന്റെ ചുമതല പോലും നല്‍കിയെന്നും സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. വഴിവിട്ട ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തിയ എംബസിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്വപ്നയെ 2019 ഓഗസ്റ്റ് 31ന് പുറത്താക്കുന്നത്. കോണ്‍സുലേറ്റ് പി.ആര്‍.ഒ ആയിരുന്ന സരിത്തിനെയും ഒപ്പം പുറത്താക്കി.
ഇത്തരത്തില്‍ പുറത്താക്കപ്പെട്ട ഒരാള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഉന്നതതലത്തില്‍ തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണു സൂചന. സ്വപ്ന യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായ വിവരം തലസ്ഥാനത്തെ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അറിയുന്നത് സ്വര്‍ണക്കടത്ത് പുറത്തിവന്നതിന് ശേഷമാണ്. എല്ലാ ഇടപാടുകളിലും നയതന്ത്ര ഉദ്യോഗസ്ഥയെന്ന ബന്ധമാണ് സ്വപ്ന ഉപയോഗപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."