കുടുംബശ്രീയുടെ നാനോ മാര്‍ക്കറ്റില്‍ അനധികൃതമായി വില്‍പന
കുന്നംകുളം: നഗരസഭ ഓഫിസിനകത്തെ കുടുംബശ്രീയുടെ പേരില്‍ ആരംഭിച്ച നാനോ മാര്‍ക്കറ്റില്‍ വില്‍പന പൂര്‍ണമായും അനധികൃതമായി. ഭക്ഷണ പദാര്‍ഥങ്ങള്‍ പാക്ക് ചെയ്ത് വില്‍പന നടത്തുന്നത് എം.ആര്‍.പിയോ നിര്‍മാണ എക്‌സപയറി തീയതിയോ ഇല്ലാതെ, ഫുഡ് സേഫ്റ്റ് ലൈസന്‍സും ഉല്‍പന്നങ്ങള്‍ക്കില്ല. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഉല്‍പന്നങ്ങള്‍ കര്‍ശന പരിശോധന നടത്തുന്ന ആരോഗ്യ വിഭാഗം ഓഫിസിനു മുന്നിലായി നഗരസഭ കെട്ടിടത്തിനകത്താണ് കുടംബശ്രീയുടെ വില്‍പന കേന്ദ്രം തുടങ്ങിയിരിക്കുന്നത്.
ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളെന്ന പേരില്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ ഇരട്ടിവിലയാണ് സാധനങ്ങള്‍ക്ക്. അച്ചാറും, ഉഴുന്നുവടയും,ഉണ്ണിയപ്പവും, വെളിച്ചണ്ണയുമങ്ങനെ ഉല്‍പന്നങ്ങള്‍ നിരവധിയാണ്. ഒരു കിലോ മാങ്ങാ അച്ചാറിന് വില 300 രൂപ. 200 ഗ്രാം അച്ചാറ് പാക്കറ്റിന് പുറത്ത് പേനകൊണ്ടാണ് 60 തെന്ന് വിലയിട്ടിരിക്കുന്നത്. നിര്‍മാണ തീയതിയോ എക്‌സപയിറിയോ ഇല്ല. ഇവിടെത്തെ ഉല്‍പന്നങ്ങള്‍ രണ്ട് വര്‍ഷം വരെ കേടുകൂടാതെ ഇരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഉല്‍പന്നങ്ങളെല്ലാം കുടില്‍ വ്യവസായം തന്നെ. എന്നാല്‍ ഉല്‍പാദിപ്പിക്കുന്നവരുടെ വിലാസമൊന്നും പേക്കറ്റില്‍ ഇല്ല. കുടുംബശ്രീയെന്നപേരില്‍ ഇവര്‍ നിര്‍മിക്കുയും, വിതരണം ചെയ്യുകയും ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഭക്ഷിച്ച് കുഴപ്പങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കച്ചവടസ്ഥാപനത്തിനും നാഥനില്ല.
നഗരസഭയുടെ സ്വന്തം സ്ഥലത്ത് ലൈസന്‍സോ, അനുമതി രേഖകളോ ഇല്ലാതെ ഇത്തരം ഭക്ഷണ വില്‍പന കേന്ദ്രം തുടങ്ങുന്നതെങ്ങനെയാണെന്ന് ഉദ്യോഗസ്ഥര്‍ക്കും നിശ്ചയമില്ല. ഒരു ദിവസം രാവിലെ ചെയര്‍പഴ്‌സണ്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കൗണ്‍സിലര്‍മാരും സംഭവം അറിയുന്നത്. ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാനോ വില്‍പന നടത്താനോ പാടില്ലെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ഇത്തരം നയങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുന്ന അതേ നഗരസഭ തന്നെയാണ് ഇത്തരം അന്യായമായ വിപണന രീതി ഭരണ ശിലാകേന്ദ്രത്തില്‍ തന്നെ ഒരുക്കി വച്ചിരിക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചോ വിലയേ കുറിച്ചോ ഇനി ആരോടാണ് പരാതി പറയുക. നാനോ മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് ഗുണ നിലവാരമില്ലെന്നും, ഇത് നിര്‍ത്തലാക്കണമെന്ന് ആരോഗ്യ സ്ഥിരം സമിതി സെക്രട്ടറിക്ക് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."