മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ചു വള്ളത്തിലുണ്ടായിരുന്ന പിതാവും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ചു. സംഭവത്തില്‍ മത്സ്യബന്ധന തൊഴിലാളികളായ പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പാറപ്പള്ളിക്ക് സമീപം തെക്കെ ചേരിക്കുഴിയില്‍ ബഷീര്‍ (53), അദ്ദേഹത്തിന്റെ മകന് തെക്കെ ചേരിക്കുഴിയില്‍ ഷൗക്കത്തലി (31) എന്നിവരാണ് ശനിയാഴ്ച രാത്രി ഒന്‍പതോടെ അപകടത്തില്‍പ്പെട്ടത്. കാപ്പാട് മേഖലയില്‍ 23 മീറ്റര്‍ ആഴ പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ എതിരേ വന്ന വലിയ ബോട്ട് ഇടിക്കുകയായിരുന്നു. അതേസമയം ഇടിച്ച ബോട്ട് വെളിച്ചം കെടുത്തി കടന്നുകളഞ്ഞതായാണ് വിവരം.
ഇടിയുടെ ആഘാതത്തില്‍ ഫൈബര്‍ വള്ളം പൂര്‍ണമായും തകരുകയും പിതാവും മകനും കടലില്‍ അകപ്പെടുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി തകര്‍ന്ന ഫൈബറിന്റെ മുകള്‍ ഭാഗത്ത് ഒന്നര മണിക്കൂര്‍ നേരം അള്ളിപ്പിടിച്ചു കിടന്ന ഇവരെ അതുവഴിയെത്തിയ പുതിയാപ്പയിലെ 'ശ്രീവിഷ്ണു' ബോട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ബോട്ടിലെ ജീവനക്കാര്‍ രണ്ടുപേരെയും കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തകര്‍ന്ന വള്ളത്തിന് ഒന്നര ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഇടിച്ച ശേഷം കടന്നുകളഞ്ഞ ബോട്ടിനെതിരേ ഇവര്‍ കൊയിലാണ്ടി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."