കൊവിഡ് സൂപ്പര്‍ സ്പ്രഡ്: തിരുവനന്തപുരത്ത് മൂന്ന് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; കര്‍ശന നിയന്ത്രണം, നിരീക്ഷണത്തിന് ആറ് സംഘം
തിരുവനന്തപുരം: കൊവിഡ് സൂപ്പര്‍ സ്പ്രഡ് ആയതോടെ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ പൂന്തുറയില്‍ മൂന്നു വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒരാളില്‍ നിന്ന് നിരവധിപേര്‍ക്ക് രോഗം പടരുന്നതാണ് സൂപ്പര്‍ സ്‌പ്രെഡ് എന്ന അവസ്ഥ. മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയത്. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ശന നിയന്ത്രണമാണ് ഏര്‍പെടുത്തിയിട്ടുള്ളത്. എ.ഡി.ജി.പി ഷേഖ് ദവര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ആറുസംഘങ്ങളായാണ് നിരീക്ഷണം. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്റെ നേതൃത്വത്തില്‍ 25 കമാന്റോകളെയും നിയോഗിച്ചു.
പൂന്തുറമേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാരുടെ സഹായം തേടും. ജില്ലയുടെ തീരമേഖലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മീന്‍പിടിത്തം നിരോധിച്ചു. തിരുവനന്തപുരം നഗരമേഖലയില്‍ ഇന്നും ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങളനുസരിച്ച് നിയന്ത്രണം തുടരും.
ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാം. 11 മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കും.
ജൂലൈ ഒന്‍പതിന് 0 മുതല്‍ 3 വരെ നമ്പരുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ പത്തിന് 4 മുതല്‍ 6 വരെ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ 11ന് 7 മുതല്‍ 9 വരെ അവസാനിക്കുന്ന കാര്‍ഡുകാരും റേഷന്‍ വാങ്ങാനെത്തണം. ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ മെഡിക്കല്‍, ഭക്ഷ്യ ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങാന്‍ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡും, കോസ്റ്റല്‍ പൊലിസും ഉറപ്പാക്കും.
അഞ്ചുദിവസത്തിനിടെ 119 പേര്‍ക്കാണ് പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ്-19 ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."