വായനാപക്ഷാചരണം സമാപിച്ചു: ആഘോഷമാക്കി ഗ്രന്ഥശാലകളും വിദ്യാര്‍ഥികളും
പോത്തന്‍കോട്: ജൂണ്‍ 19 ന് തുടങ്ങി ജൂലായ് 7ന് സമാപിച്ച വായന പക്ഷാചരണം വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധ നേടി. കേരള സര്‍ക്കാരും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ആചരിച്ച വായനാപക്ഷാചരണത്തിന് സ്‌കൂളുകളും ഗ്രന്ഥശാലകളും നിറസാന്നിധ്യമായി. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായാണ് ആദ്യകാലങ്ങളില്‍ ആചരിച്ചിരുന്നത്.
പിന്നീടത് വായനാ വാരമായി. ഇപ്പോഴാകട്ടെ ജൂണ്‍ 19ന് തുടങ്ങി, ഗ്രന്ഥശാല പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും ഗ്രന്ഥകാരനുമായിരുന്ന ഐ.വി ദാസിന്റെ ജന്മദിനമായ ജൂലായ് 7 വരെയുള്ള പക്ഷാചരണമായി മാറി. ലൈബ്രറി കൗണ്‍സിലും പ്രാദേശിക ഗ്രന്ഥശാലകളും സ്‌കൂളുകളും പരസ്പരം സഹകരിച്ചാണ് പലയിടത്തും പക്ഷാചരണം നടത്തിയത്. വായനാ മത്സരം, പുസ്തക പാരായണം, പുസ്തക പ്രദര്‍ശനം, പ്രഭാഷണങ്ങള്‍ തുടങ്ങി സ്‌കൂളുകളിലും ലൈബ്രറികളിലും വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളാണ് വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്നത്. യു.പി, ഹൈസ്‌കൂള്‍ നിലവാരത്തിലുള്ള പല സ്‌കൂളുകളിലും നടന്ന പുസ്തക പ്രദര്‍ശനങ്ങളില്‍ സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്ക് പുറമെ കുട്ടികളും അധ്യാപകരും വീടുകളിലെ ഗ്രന്ഥ ശേഖരങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പലയിടത്തും എത്തിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ഗ്രന്ഥശാലകള്‍ സന്ദര്‍ശിക്കുകയും ലൈബ്രറികളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ചെയ്തു.
മംഗലപുരം പഞ്ചായത്തിലെ ചെമ്പകമംഗലത്തെ എ.ടി കോവൂര്‍ ഗ്രന്ഥശാലയാണ് തോന്നയ്ക്കല്‍ പാട്ടം എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് വേണ്ടി പുസ്തക പ്രദര്‍ശനം ഒരുക്കിയത്. ആധുനിക ലൈബ്രറികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലൈബ്രറേറിയനും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.
1970 മുതലുള്ള പത്രങ്ങള്‍ ഇവിടെ ബൈന്റുചെയ്ത് സൂക്ഷിച്ചിരിക്കുന്നത് കണ്ട വിദ്യാര്‍ഥികള്‍ പണ്ടെത്തെയും ഇപ്പോഴത്തെയും പത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തു. മുരുക്കുംപുഴ ഇടവിളാകം യു.പി സ്‌കൂളിലും വിപുലമായ പുസ്തക പ്രദര്‍ശനവും വായനാമത്സരവും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. പ്രൊഫ. വി. മധുസൂദനന്‍ നായര്‍, വിനോദ് വൈശാഖി, അയിലം ഉണ്ണികൃഷ്ണന്‍, എന്നിവരാണ് പക്ഷാചരണ സമാപനത്തിന് സ്‌കൂളിലെത്തിയത്.
അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് കാന്‍ഫെഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച പി.എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥമുള്ള പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും ഭാരത സര്‍ക്കാരും ചേര്‍ന്ന് ഒരു മാസം നീണ്ടുനില്‍ക്കുന്ന വായനാമാസാചരണം ഇന്ത്യയിലെ 712 ജില്ലകളിലാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഡിജിറ്റല്‍ വായനയുടെ പ്രോത്സാഹനമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."