സ്വര്ണക്കുപ്പായക്കാരന് കൊല്ലപ്പെട്ടു
പൂനെ: ഒന്നേകാല്‍ കോടിയുടെ സ്വര്‍ണക്കുപ്പായം ധരിച്ച് വാര്‍ത്തകളില്‍ വന്ന എന്‍.സി.പി നേതാവ് കൊല്ലപ്പെട്ടു. രാഷ്ട്രീയക്കാരനും ചിട്ടി നടത്തിപ്പുകാരനുമായ പുനെയിലെ ദത്ത ഫുഗെയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ദിഗിയിലെ ഭാരത് മാതാ നഗറിലുള്ള വീട്ടിലെത്തിയ സംഘം കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ദത്തയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മകന്റെ മുന്നില്‍ വച്ചാണ് ഇദ്ദേഹം വധിക്കപ്പെട്ടതെന്നും വാര്‍ത്തയുണ്ട്.
വക്രതുണ്ഡ് ചിട്ടി ഫണ്ട് എന്ന പേരില്‍ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു. ഫുഗയുടെ സഹോദരപുത്രന് ഉള്‍പ്പെടെ നാലു പേരെ സംഭവവുമായി ബന്ധപ്പെട്ട പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
അക്രമികള്‍ ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണെന്ന വ്യാജേന പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ദത്തയുടെ ഭാര്യ സീമ പൊലിസിന് മൊഴിനല്‍കി. പിന്നീട് ഇന്നലെ രാവിലെ ദത്തയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ദത്തയുടെ ചിട്ടി കമ്പനിയില്‍ ക്രമക്കേടുകളുണ്ടെന്ന് ഇടപാടുകാരില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് 48കാരനായ ദത്ത ഫുഗെ സ്വര്‍ണം കൊണ്ട് കുപ്പായം തുന്നിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."