മുന്‍ പൊലിസ് കമ്മിഷണറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം; സി.ബി.ഐ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലിസ് കമ്മിഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ സുപ്രിംകോടതിയില്‍.
രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ശാരദാ ചിട്ടി തട്ടിപ്പ് കേസ് ആദ്യം അന്വേഷിച്ച ബംഗാള്‍ പൊലിസിന്റെ പ്രത്യേക സംഘത്തെ നയിച്ചത് രാജീവ് കുമാറായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
കഴിഞ്ഞമാസം സുപ്രിംകോടതി നിര്‍ദേശപ്രകാരം രാജീവ് കുമാറിനെ സി.ബി.ഐ ഷില്ലോങ്ങില്‍ അഞ്ചു ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ഓക്ലന്ഡിലുള്ള സി.ബി.ഐ ഓഫിസിലാണ് ചോദ്യം ചെയ്യല്‍. രാജീവ് കുമാറിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ തൃണമൂല്‍ എം.പി കുനാല്‍ ഘോഷിനെയും ചോദ്യം ചെയ്തിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് കൊല്‍ക്കത്തക്ക് പുറത്തുള്ള സ്ഥലത്തു വച്ച് ചോദ്യം ചെയ്തത്. അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലിസ് കസ്റ്റഡിയിലെടുത്തതു വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. സി.ബി.ഐ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മണിക്കൂറുകള്‍ക്കകം സി.ആര്.പി.എഫിനെ വിന്യസിക്കുകയും ചെയ്തിരുന്നു. പ്രോട്ടോകോള്‍ നോക്കാതെ കമ്മിഷണറുടെ വസതിയിലേക്കു കുതിച്ചെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. പിന്നാലെ മധ്യ കൊല്‍ക്കത്തയില്‍ ധര്‍ണയിരിക്കുകയും ചെയ്തു. തുടര്‍ന്നാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."