HOME
DETAILS

തീവ്രവാദെത്ത പാലൂട്ടിയത് സി.പി.എം

  
backup
July 10 2018 | 17:07 PM

theevravadhathe-paaloottiyath-cpm

ഒരേ വൃക്ഷത്തിന്റെ വിവിധശിഖരങ്ങള്‍ മാത്രമാണു നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, എസി.ഡി.പി.ഐ, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകള്‍. പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിനനുസരിച്ചു പലരൂപങ്ങളിലും പലനാമങ്ങളിലുമായി. കേരളത്തില്‍ കഴിഞ്ഞ ഇരുപതുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ക്കു പൊതുസമൂഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം കിട്ടിയിട്ടില്ല.

എങ്കിലും ചില മേഖലകളില്‍ ഇക്കൂട്ടര്‍ക്കു ചില തെരഞ്ഞെടുപ്പുവിജയമുണ്ടാക്കാനായി. അതിനു കാരണം സി.പി.എമ്മിന്റെ തീവ്രവാദത്തോടുള്ള സന്ധിചേരലും അവസരവാദനയവുമാണ്. ബഹുസ്വരസമൂഹത്തിനും മുസ്‌ലിംകള്‍ക്കും മുസ്‌ലിംലീഗിനുമെതിരേ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കാവുന്ന ചാട്ടവാറായി സി.പി.എം ഈ സംഘടനകളെ ആവുംവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടാണിപ്പോള്‍ സി.പി.എം നേതാക്കള്‍ തീവ്രവാദത്തിനെതിരേ വാചാലരാകുന്നത്. ഇതു ശുദ്ധകാപട്യമല്ലേ.


ശാന്തിയുടെയും സാഹോദര്യത്തിന്റെയും മതമായ ഇസ്‌ലാമിന്റെ പേരിലാണ് ഈ മൂന്നു സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്നതു ഖേദകരമാണ്. ജനങ്ങളെ കബളിപ്പിക്കാന്‍ ഇടയ്ക്കു പരിസ്ഥിതിയും ഇരവാദവും പറയും. കലുഷിതമായ ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തില്‍ അസഹിഷ്ണുതയുടെ വിത്തുപാകി, കിരാതമായ ആള്‍ക്കൂട്ടാക്രമണങ്ങള്‍ അഴിച്ചുവിട്ട്, ജനാധിപത്യ- മതേതരത്വ വ്യവസ്ഥയെ അട്ടിമറിച്ചു, ദലിത്-ന്യൂനപക്ഷ-ദുര്‍ബല സമൂഹത്തിന്റെ അസ്തിത്വത്തിനുപോലും ഭീഷണിയായി മാറിയ തീവ്രഹിന്ദുത്വശക്തികളെ ഭരണഘടനാപരമായ മാര്‍ഗത്തിലൂടെയാണു പരാജയപ്പെടുത്തേണ്ടത്.


അതിനുപകരം അവര്‍ക്കു പരോക്ഷമായി വളംവയ്ക്കുകയാണ് ഈ തീവ്രവാദികള്‍. ഇരവാദത്തിന്റെ മറവില്‍ ചില വികാരജീവികളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ ഇവര്‍ക്കു താല്‍ക്കാലികമായി കഴിഞ്ഞിട്ടുണ്ടായിരിക്കാം. എന്നാലും കേരളജനസംഖ്യയുടെ 27 ശതമാനത്തോളംവരുന്ന മുസ്‌ലിംകളുടെ പൊതുധാരയ്ക്കു പുറത്താണിവര്‍. തിരുവില്വാമലയിലെ സിദ്ധനെ വധിച്ചതു മുതല്‍ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലചെയ്തതുവരെ പല പേരുകളിലാണ് ഈ തീവ്രവാദസംഘനയുടെ ഓപ്പറേഷന്‍.


സി.പി.എമ്മാണ് ഈ സംഘടനകളെ പാലും തേനുമൂട്ടി വളര്‍ത്തിയത്. സ്വന്തമായ രാഷ്ട്രീയസംഘടനയും പത്രവും അതിലൂടെ നേടിയെടുക്കുന്ന ബുദ്ധിജീവി പരിവേഷവും കൊണ്ടു പൊതുസമൂഹത്തിനിടയില്‍ മാന്യമായ ഇടം നേടിയെടുക്കാനുള്ള തന്ത്രത്തിന് അരുനിന്നുകൊടുക്കുകയാണു സി.പി.എം ചെയ്തത്. ഇക്കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ കൈമെയ് മറന്നുപ്രവര്‍ത്തിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നെന്നു സി.പി.എം നേതൃത്വം തുറന്നു പറയണം. തീവ്രവാദികളുടെ, പ്രത്യേകിച്ച് എസ്.ഡി.പി.ഐയുടെ വോട്ടു വേണ്ടെന്ന് ഇതുവരെ സി.പി.എം പറഞ്ഞിട്ടില്ല.
ഇടുക്കിയിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയവര്‍ പറഞ്ഞതു പ്രവാചകനെ അപമാനിച്ചുവെന്നതായിരുന്നു. ഒരു ചോദ്യപ്പേപ്പറില്‍വന്ന പ്രവാചകനെതിരായി എടുത്തുചേര്‍ക്കപ്പെട്ട തെറ്റായ പരാമര്‍ശമായിരുന്നു കൊലയ്ക്കു കാരണം. എന്നാല്‍, കൈവെട്ടിയവര്‍ക്ക് ഇസ്‌ലാമിനോടുള്ള സ്‌നേഹത്തിനപ്പുറം ഇസ്‌ലാമികാദര്‍ശങ്ങളോടുള്ള അജ്ഞതയാണുണ്ടായിരുന്നത്. കൈവെട്ടല്‍ സംഭവത്തെ അപലപിക്കാനും തീവ്രവാദികളെ അകറ്റിനിര്‍ത്താനും മുസ്‌ലിംസമുദായവും പൊതുസമൂഹവും മുന്നോട്ടുവന്നു.


ഇതോടെയാണ് ഇടതുപക്ഷത്തോടു കൂടുതല്‍ ഒട്ടിച്ചേര്‍ന്ന് എന്തെങ്കിലും തരപ്പെടുത്താമെന്ന വിശ്വാസത്തിലേയ്ക്കു തീവ്രവാദികള്‍ എത്തിയത്. മുസ്‌ലിംലീഗിന്റെ ശക്തിയും വേരോട്ടവും തടയാന്‍ കിട്ടിയ ആയുധമാക്കി സി.പി.എം ഇവരെ വന്യമായി ഉപയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരസ്യധാരണയുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിബന്ധമുണ്ടാക്കി. ഇന്നും വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സി.പി.എം ഈ തീവ്രവാദികളുടെ പിന്തുണയോടെയാണു ഭരിക്കുന്നത്. നിയമസഭയിലെ സി.പി.എം സ്വതന്ത്രര്‍ക്കു പലര്‍ക്കും താങ്ങുംതണലും നല്‍കുന്നതും ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ അപലപിക്കുന്ന തീവ്രവാദികളാണ്.


അഭിമന്യുവെന്ന എസ്.എഫ്.ഐ നേതാവ് ജൂലൈ രണ്ടിന് അര്‍ധരാത്രി തീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ടതിന് അടുത്ത മണിക്കൂറിലാണു തിരുവനന്തപുരത്തെ വെമ്പായം ഗ്രാമപഞ്ചായത്തില്‍ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ ഇടതുമുന്നണി ഭരണം പിടിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ സി.പി.എമ്മും എസ്.ഡി.പി.ഐയും കൈകോര്‍ത്താണു ചില കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഭരിച്ചത്. മലപ്പുറം ജില്ലയിലെ പറപ്പൂരില്‍ സി.പി.എം-എസ്.ഡി.പി.ഐ- പി.ഡി.പി -വെല്‍ഫയര്‍പാര്‍ട്ടി സാമ്പാര്‍സഖ്യമാണു ഭരിക്കുന്നത്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ബ്രാഞ്ച് സെക്രട്ടറിയുമായ കാലൊടി ബഷീര്‍മാസ്റ്ററാണു പ്രസിഡന്റ്. എസ്.ഡി.പി.ഐയുടെ അഡ്വ. സൈഫുന്നീസയാണു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. വിജയാഹ്ലാദപ്രകടനത്തില്‍ സി.പി.എം നേതാക്കള്‍ക്കൊപ്പം എസ്.ഡി.പി.ഐ നേതാവ് കല്ലന്‍ അബൂബക്കര്‍ പങ്കെടുത്തതു മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.


1995-2000 കാലത്ത് എടരിക്കോട് ഗ്രാമപഞ്ചായത്തില്‍ എന്‍.ഡി.എഫ് സുപ്രിംകൗണ്‍സില്‍ അംഗമായ വി.ടി ഇക്രാമുല്‍ഹക്കായിരുന്നു ഇടതുമുന്നണി ഭരണത്തിലെ ആദ്യരണ്ടരവര്‍ഷക്കാലത്തെ പ്രസിഡന്റ്. ഇപ്പോഴത്തെ സി.പി.എം കോട്ടക്കല്‍ ഏരിയാ സെക്രട്ടറി അലവിയാണു പിന്നീടു പ്രസിഡന്റായത്. 2001 ല്‍ കാവനൂര്‍ പഞ്ചായത്തില്‍ സി.പി.എം ഏരിയാകമ്മിറ്റിയംഗം ശ്രീധരന്‍മാസ്റ്റര്‍ പ്രസിഡന്റും എന്‍.ഡി.എഫ് മണ്ഡലംപ്രസിഡന്റ് ഷൗക്കത്തലി വൈസ്പ്രസിഡന്റുമായിരുന്നു. ഒതുക്കുങ്ങല്‍ ,കണ്ണമംഗലം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ പരസ്യമായാണു സി.പി.എം -തീവ്രവാദി കൂട്ടുകെട്ടുണ്ടായത്. പാലക്കാട് കൊപ്പത്ത് പതിനേഴാം വാര്‍ഡില്‍ മുസ്‌ലിംലീഗിനെതിരേ ഇടതുസ്വതന്ത്രന്‍ വിജയിച്ചത് എസ്.ഡി.പി.ഐ പിന്തുണയോടെയായിരുന്നു. ഇയാളിപ്പോള്‍ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാനാണ്. ഇവിടെ തെരഞ്ഞെടുപ്പു കണ്‍വീനറായിരുന്നു എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍. തിരുവേഗപ്പുറ അഞ്ചാംവാര്‍ഡില്‍ ലീഗിനെതിരേ നടന്ന പൊതുയോഗത്തില്‍ വേദിപങ്കിട്ടത് എസ്.ഡി.പി.ഐ ജില്ലാ നേതാവും. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഏക എസ്.ഡി.പി.ഐ അംഗം വിജയിച്ചത് സി.പി.എം പിന്തുണയോടെയാണ്.


കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി നഗരസഭയില്‍ എസ്.ഡി.പി.ഐ പിന്തുണയിലാണു സി.പി.എം വിജയിച്ചത്. പരിയാരം ഗ്രാമപഞ്ചായത്തിലും പിന്തുണ നല്‍കി. തീവ്രവാദകൂട്ടുകെട്ടിനെതിരേ സി.പി.ഐ മലപ്പുറം ജില്ലാകമ്മിറ്റി തന്നെ പ്രമേയം പാസാക്കി. അഭിമന്യുവെന്ന സ്വന്തം പാര്‍ട്ടിയുടെ കരുത്തനായ വിദ്യാര്‍ത്ഥിനേതാവ് വധിക്കപ്പെട്ടയുടന്‍ ഈ രാഷ്ട്രീയബന്ധങ്ങള്‍ രായ്ക്കുരാമാനം ഉപേക്ഷിച്ചിട്ടുവേണമായിരുന്നു തീവ്രവാദത്തിനും എസ്.ഡി.പി.ഐക്കുമെതിരേ സംസാരിക്കേണ്ടത്.


പോപ്പുലര്‍ഫ്രണ്ടും എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സി.പി.എം അവരുടെ പക്ഷത്തായിരുന്നു. ഇതില്‍ മുസ്‌ലിംലീഗിനു സംഭവിക്കുന്ന നഷ്ടം മതേതരസമൂഹത്തിനു കൂടിയുള്ളതാണ്. രണ്ടുകൊല്ലം മുമ്പു കുറ്റ്യാടിയില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരേ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്നു പോപ്പുലര്‍ ഫ്രണ്ടുകാരായ പ്രതികള്‍ പുറത്തിറങ്ങി നടക്കുന്നു.


ഒരു ഡസനിലധികം മുസ്‌ലിം ലീഗ് -യൂത്ത് ലീഗ് പ്രവര്‍ത്തകരാണു പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐക്കാരുടെ ആക്രമണങ്ങള്‍ക്കിരയായത്. ഇരിട്ടിയില്‍ ജില്ലാലീഗ് വൈസ്പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരിയെ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. കടങ്കോട് യൂത്ത്‌ലീഗ് ഭാരവാഹി ശരീഫിനും വെട്ടേറ്റു. മുഴുപ്പിലങ്ങാട്, ചെങ്കള, മംഗലപ്പടി, മൊഗ്രാല്‍പുത്തൂര്‍ എന്നിവിടങ്ങളില്‍ ലീഗ് ,യൂത്ത് ലീഗ് നേതാക്കള്‍ ഇന്നും ഈ തീവ്രവാദികളുടെ ആക്രമണത്തിനിരകളായി വേദന തിന്നുകഴിയുന്നു. പലരും ആസ്പത്രികള്‍ കയറിയിറങ്ങുന്നു.


പാലക്കാട്ട് ഷൊര്‍ണൂരില്‍ യൂത്ത്‌ലീഗ് നേതാവ് ഇബ്രാഹിം മേനക്കത്തെ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. ചളവറ, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് നിരന്തരമായി എസ്.ഡി.പി.ഐക്കാരുടെ മര്‍ദനമേല്‍ക്കേണ്ടിവരുന്നു. പ്രതികള്‍ക്ക് സായുധ-നിയമഹായം നല്‍കിയും പൊലീസിനെ ഉപയോഗിച്ചും രക്ഷപ്പെടുത്തുകയെന്നതാണു സി.പി.എം ശൈലി. ഇതുതന്നെയാണു രാഷ്ട്രീയപാര്‍ട്ടിയുടെ ബാനറുപയോഗിച്ച് തീവ്രവാദികള്‍ ലക്ഷ്യമിട്ടതും ഇടതുപക്ഷത്തെ ഉപയോഗിച്ച് അവര്‍ നേടിയെടുത്തതും. ഇതെല്ലാമുളളപ്പോഴാണു തീവ്രവാദികള്‍ കൊന്ന മുപ്പത്തൊന്നു രക്തസാക്ഷികളുടെ പട്ടികയുമായി സി.പി.എം നേതാക്കള്‍ വരുന്നത്.


അഭിമന്യു കൊലക്കേസില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാനാകാത്തതിനു പിന്നിലും ഈ അവിശുദ്ധബന്ധം സംശയിക്കപ്പെടണം. ഹാദിയകേസില്‍ കഴിഞ്ഞവര്‍ഷം നടന്ന ഹൈക്കോടതി മാര്‍ച്ചിലെ പ്രതികളെ ഓടിച്ചിട്ടുപിടിക്കുന്ന സി.പി.എമ്മിന്റെ പൊലീസിന് എന്തുകൊണ്ട് ഇതുവരെയും അക്കാര്യം തോന്നിയില്ല. കത്വവധക്കേസിലെ വാട്‌സ്ആപ്പ് ഹര്‍ത്താല്‍പ്രതികളെ പിടികൂടാതിരുന്നതിനുപിന്നിലും ഈ ബന്ധംതന്നെ.
ഈ തീവ്രവാദികളുമായി കൂട്ടുകൂടുമ്പോള്‍ തന്നെയാണ് ഇതരസംഘടനകള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും പൊതുരംഗത്തും ക്യാമ്പസുകളിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സി.പി.എം കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, ജീവിക്കാനുള്ള മൗലികാവകാശം കൂടി സി.പി.എം കാപാലികര്‍ കവര്‍ന്നെടുത്ത എത്രയെത്ര സംഭവങ്ങളുണ്ട് കേരളത്തില്‍. അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും പേരില്‍ കണക്കെടുത്താല്‍ സംസ്ഥാനത്തെ മുഖ്യപ്രതി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെയാകും. മഹാരാജാസ് കോളജില്‍ പിടികൂടിയ മാരകായുധങ്ങള്‍ വാര്‍ക്കപ്പണിആയുധങ്ങളാണെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ നയം തന്നെയായിരിക്കുമല്ലോ സി.പി.എമ്മിനും തീവ്രവാദവിരുദ്ധതയുടെ പേരിലുള്ളത്. രണ്ടുതോണിയിലെ കാല്‍വെയ്പ്പാണിത്.

ബാബരിമസ്ജിദ് തകര്‍ക്കലുള്‍പ്പെടെ സംഘപരിവാരത്തിന്റെ കാപാലികരാഷ്ട്രീയം തിളച്ചുമറിയുന്ന കാലത്ത് കേരളത്തെ സ്വച്ഛസുന്ദരമായി നിലനിര്‍ത്തിയതില്‍ മുസ്‌ലിംലീഗിനും അതിന്റെ മഹിതമായ നേതൃത്വത്തിനുമുള്ള പങ്ക് രാഷ്ട്രീയഎതിരാളികള്‍ പോലും തുറന്നുസമ്മതിക്കുന്നതാണ്. എന്നിട്ടും പള്ളി തകര്‍ക്കപ്പെട്ട് വിങ്ങുന്ന മനസ്സുമായി കഴിയുന്ന ജനസമൂഹത്തിന് നേരെ തീവ്രവാദത്തിന്റെ വിത്തുമായി വന്നവരെ പാലൂട്ടി സല്‍കരിച്ചത് സി.പി.എം ആയിരുന്നു. ഒറ്റപ്പാലം, ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പുകളിലും നിയമസഭാതിരഞ്ഞെടുപ്പുകളിലും ഇവര്‍ തീവ്രവാദത്തെ അളവറ്റ് താലോലിച്ചു.


കേവലമായ വോട്ടുപിടിത്തത്തിനും അധികാരലബ്ധിക്കും വേണ്ടി മാത്രമായിരുന്നു അത്. 2009ല്‍ പൊന്നാനി ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പരസ്യമായി വേദിപങ്കിട്ടതും ഇതേ തീവ്രവാദവുമായായിരുന്നു. മുഖ്യധാരാ ജനാധിപത്യകക്ഷികളില്‍ പലരും തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്നതില്‍ ചഞ്ചലപ്പെടുമ്പോഴാണ് ആക്രമണോല്‍സുക തീവ്രവാദം ക്യാമ്പസ് യൗവനത്തെ പോലും വേട്ടയാടുന്നത്. അഭിമന്യുവധത്തിനുശേഷം മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്ബ്ദുല്‍മജീദ് ഫൈസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മുമായുള്ള രാഷ്ട്രീയബന്ധം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടും അത് ഉപേക്ഷിക്കാന്‍ ഇപ്പോഴും സി.പി.എമ്മുകാര്‍ക്കാവുന്നില്ല എന്നതുതന്നെയാണ് തീവ്രവാദനിലപാടിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a few seconds ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  24 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  32 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  39 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago