ഗ്രാമത്തില്‍ കാലുകുത്തരുതെന്ന് നാട്ടുകാര്‍
ന്യൂഡല്‍ഹി: ഇനി ഗ്രാമത്തിലേക്ക് കാലുകുത്തിപ്പോകരുതെന്ന് ഗ്രാമം ദത്തെടുത്ത് മുങ്ങിയ കേന്ദ്രമന്ത്രിക്ക് നാട്ടുകാരുടെ മുന്നറിയിപ്പ്. നോയിഡയിലെ കച്ചേര ഗ്രാമവാസികള്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മഹേഷ് ശര്‍മയ്ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗ്രാമത്തിലെമ്പാടും നാട്ടുകാര്‍ മഹേഷ് ശര്‍മയുടെ ചിത്രങ്ങളുമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തെ മഹേഷ് ശര്‍മ ദത്തെടുത്തിരുന്നു. എന്നാല്‍, ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല തിരിഞ്ഞുപോലും നോക്കിയില്ല. ഇതിനെതിരേ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്രാമീണര്‍ നടത്തിയ റാലി അക്രമാസക്തമായി. 86 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ എം.പിക്കെതിരായ ഗ്രാമീണരുടെ രോഷം വര്‍ധിക്കുകയായിരുന്നു.
ഗൗതംബുദ്ധ നഗറിന്റെ ഭാഗമാണ് ഗ്രാമം. നാട്ടുകാരെ പേടിച്ച് ബി.ജെ.പി നേതാക്കളാരും ഈ പരിസരത്ത് അടുക്കാറില്ലെങ്കിലും തെരഞ്ഞെടുപ്പായതോടെ ഗ്രാമീണരെ അനുനയിപ്പിക്കാതെ തരമില്ലെന്നായി. എന്നാല്‍, ഒരു വിധത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ആറു മാസമായി ബി.ജെ.പി നേതാക്കള്‍ക്ക് സമ്പൂര്‍ണ വിലക്കാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ ഗ്രാമത്തിലെ 4,500ഓളം വരുന്ന വോട്ടര്‍മാര്‍ ശര്‍മയ്ക്കാണ് വോട്ട് ചെയ്തത്. നാഗര്‍ സമുദായക്കാരാണ് ഇതില്‍ കൂടുതലെങ്കിലും പതിവുതെറ്റിച്ച് ഇവര്‍ ബ്രാഹ്മണനായ ശര്‍മയ്ക്ക് വോട്ടു ചെയ്യുകയായിരുന്നു. വികസനം പതുക്കെയാണെങ്കിലും താന്‍ അവിടെ നിരവധി കാര്യങ്ങള്‍ ചെയ്തുവെന്നാണ് ശര്‍മ വാദിക്കുന്നത്.
രാഷ്ട്രീയക്കാര്‍ ഒന്നും ചെയ്യാതായപ്പോള്‍ 2010ല്‍ ഒരു സ്വകാര്യകമ്പനിക്ക് ഗ്രാമീണര്‍ ഭൂമി നല്‍കിയിരുന്നു. കമ്പനി കുടിവെള്ളം, ആശുപത്രി, കോളജുകള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയതിനാലായിരുന്നു ഇത്. എന്നാല്‍ അവര്‍ ആകെ ചെയ്തത് ഒരു കോണ്‍ക്രീറ്റ് റോഡ് ഉണ്ടാക്കുകയാണ്. അതാകട്ടെ മഴയില്‍ പൊളിഞ്ഞു പോയെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനു പിന്നാലെയാണ് വികസനം വാഗ്ദാനം ചെയ്തു ശര്‍മ വരുന്നത്. ഗ്രാമത്തില്‍ വൈദ്യുതി വന്നുവെന്നല്ലാതെ ഒന്നുമുണ്ടായില്ല. ആകെ ഒരുതവണ മാത്രമാണ് ശര്‍മ ഗ്രാമത്തില്‍ വന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."