വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. വിദേശ സഞ്ചാരികളുടെ കാര്യത്തില്‍ 2014ല്‍ കൈവരിച്ച 7.4ശതമാനം വളര്‍ച്ചാനിരക്ക് കഴിഞ്ഞവര്‍ഷം 6.59 ആയി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2014ല്‍ 7.71 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് 2015ല്‍ 6.53 ആയാണ് കുറഞ്ഞത്.
മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കടുത്ത മത്സരം, ഗതാഗതപ്രശ്‌നങ്ങള്‍, മാലിന്യപ്രശ്‌നം, സര്‍ക്കാരിന്റെ മദ്യനയം ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതം തുടങ്ങിയവയാണ് സഞ്ചാരികളുടെ വരവുകുറയാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അതിനിടെ, ശക്തമായ പ്രചാരണതന്ത്രങ്ങളിലൂടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഉത്തരവാദിത്വ ടൂറിസം പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ നൂറുശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ അമ്പതുശതമാനവും വളര്‍ച്ചയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ കായല്‍ ശൃംഖലയെ സംരക്ഷിച്ചുകൊണ്ട് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ആവിഷ്‌കരിച്ച ആലപ്പുഴ, കുമരകം, അഷ്ടമുടി എന്നിവയുടെ വികസനപദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. സംസ്ഥാനത്തെ മറ്റു ജലാശയങ്ങളോട് ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും മലബാര്‍ മേഖലയിലെ കായലുകള്‍ വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബീച്ച്, ബാക്ക് വാട്ടര്‍, ആയുര്‍വേദം, ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ്, എക്കോ ടൂറിസം, ഫാം ടൂറിസം, മെഡിക്കല്‍ ടൂറിസം, പൈതൃക ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ വികസനം സാധ്യമാക്കാനുള്ള പ്രത്യേക കര്‍മപദ്ധതിയും ആവിഷ്‌കരിക്കും. ഇതോടൊപ്പം കുടുംബശ്രീയെ ടൂറിസം വികസനത്തിന്റെ ഭാഗമാക്കും. ടൂറിസം മാര്‍ക്കറ്റിങിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം സീസണുകളില്‍ പ്രത്യേക പാക്കേജുകള്‍ ലഭ്യമാക്കാനും ശ്രമിക്കും. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്‍.ജി.ഒകളുമായി ചേര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ശുചിയാക്കുകയും പ്ലാസ്റ്റിക് നിരോധനം, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവ നടപ്പാക്കാനും ശ്രമിക്കും. ഭാഷാ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവം പരിഹരിക്കുന്നതിനു ഗെഡുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാനും ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."